| Wednesday, 13th November 2024, 1:48 pm

ഇലോണ്‍ മസ്‌കിനും വിവേക് രാമസ്വാമിക്കും ട്രംപിന്റെ കാബിനറ്റില്‍ സുപ്രധാന ചുമതലകള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

വാഷിങ്ടണ്‍: യു.എസ് ശതകോടീശ്വരനായ ഇലോണ്‍ മസ്‌കിനും ഇന്ത്യന്‍ വംശജനായ വിവേക് രാമസ്വാമിക്കും യു.എസ് കാബിനറ്റില്‍ നിര്‍ണായക വകുപ്പിന്റെ ചുമതല നല്‍കി നിയുക്ത പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. അമേരിക്കന്‍ ബ്യൂറോക്രസിയിലെ ഗവണ്‍മെന്റ് എഫിഷ്യന്‍സി വകുപ്പിനെ (DOGE) ഇലോണ്‍ മസ്‌കും വിവേക് രാമസ്വാമിയും നയിക്കുമെന്ന് ട്രംപ് അറിയിച്ചു.

ഗവണ്‍മെന്റിന്റെ അധിക ചെലവുകള്‍ വെട്ടിക്കുറയ്ക്കുന്നതിനായാണ് ഇത്തരം ഒരു വകുപ്പ് രൂപീകരിച്ചതെന്ന് ഫ്രീ പ്രസ് ജേര്‍ണല്‍ റിപ്പോര്‍ട്ട് ചെയ്തു. താന്‍ അധികാരത്തില്‍ എത്തിയാല്‍ സര്‍ക്കാരിന്റെ ചെലവുകള്‍ വെട്ടി കുറയ്ക്കുമെന്ന് ട്രംപ് തെരഞ്ഞെടുപ്പ് വേളയില്‍ തന്നെ പ്രഖ്യാപിച്ചിരുന്നു.

ഇലോണ്‍ മസ്‌കിനെ മഹാനെന്നും വിവേക് രാമസ്വാമിയെ അമേരിക്കന്‍ ദേശസ്‌നേഹിയെന്നും വിശേഷിപ്പിച്ച ട്രംപ് ഇരുവരും ചേര്‍ന്ന് വൈറ്റ് ഹൗസിലെ ഓഫീസ് ഓഫ് മാനേജ്മെന്റുമായി സഹകരിച്ച് സര്‍ക്കാരിന് പുറത്ത് നിന്ന് നിര്‍ദേശങ്ങള്‍ നല്‍കുമെന്ന് പ്രസ്താവനയില്‍ അറിയിച്ചു.

‘ഈ രണ്ട് മഹാന്മാരായ അമേരിക്കക്കാര്‍ ഒരുമിച്ച്, ഗവണ്‍മെന്റ് ബ്യൂറോക്രസിയെ തകര്‍ക്കും. അധിക നിയന്ത്രണങ്ങളും പാഴ് ചെലവുകള്‍ വെട്ടിക്കുറയ്ക്കും. ഇവരിലൂടെ ഫെഡറല്‍ ഏജന്‍സികളെ പുനഃക്രമീകരിക്കാന്‍ എന്റെ ഭരണകൂടത്തിന് സാധിക്കും,’ ട്രംപിന്റെ പ്രസ്താവനയില്‍ പറയുന്നു.

ഡൊണാള്‍ഡ് ട്രംപിന്റെ തെരഞ്ഞെടുപ്പ് പ്രചരണവേളയിലുടനീളം ട്രംപിനൊപ്പം ഇലോണ്‍ മസ്‌ക് നിലയുറച്ച് നിന്നിരുന്നു. തെരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നതിന് പിന്നാലെ പാം ബീച്ച് കൗണ്ടിയില്‍ വെച്ച് അണികളോട് സംസാരിച്ച ട്രംപ് മസ്‌കിന്റെ പിന്തുണയെക്കുറിച്ച് എടുത്ത് പറയുകയും മസ്‌ക് ഒരു അമാനുഷിക മനുഷ്യന്‍ ആണെന്ന് വിശേഷിപ്പിക്കുകയും ചെയ്തിരുന്നു.

ഇന്ത്യന്‍ വംശജനായ വിവേക് രാമസ്വാമി പ്രസിഡന്‍ഷ്യല്‍ തെരഞ്ഞെടുപ്പിന്റെ സമയത്ത് മത്സരരംഗത്ത് ഉണ്ടായിരുന്നെങ്കിലും പിന്നീട് ട്രംപിന് വേണ്ടി പ്രവര്‍ത്തിക്കുമെന്ന് പറഞ്ഞ് സ്ഥാനാര്‍ത്ഥിത്വത്തില്‍ നിന്ന് പിന്‍മാറുകയായിരുന്നു. പാലക്കാട് വടക്കാഞ്ചേരി സ്വദേശികളായ ഗണപതി അയ്യരുടേയും ഗീത രാമസ്വാമിയുടേയും മകനാണ് ഇദ്ദേഹം.

Content Highlight: Elon Musk and Vivek Ramaswamy to have key roles in Trump’s cabinet

We use cookies to give you the best possible experience. Learn more