| Friday, 8th February 2019, 12:37 pm

വെനസ്വേലയില്‍ ഇടപെട്ടാല്‍ തിരിച്ചടിക്കും; അമേരിക്കയ്ക്ക് മുന്നറിയിപ്പുമായി മെക്‌സിക്കന്‍ ഗറില്ലാ സേന

ഡൂള്‍ന്യൂസ് ഡെസ്‌ക്

മെക്‌സിക്കോ സിറ്റി: വെനസ്വേലയുടെ ആഭ്യന്തര വിഷയത്തില്‍ അമേരിക്ക ഇടപെട്ടാല്‍ തിരിച്ചടിക്കുമെന്ന് മാര്‍ക്‌സിസ്റ്റ് സായുധപാര്‍ട്ടി ഇ.എല്‍.എന്‍. ടെലഗ്രാഫാണ് വാര്‍ത്ത പുറത്ത് വിട്ടത്. അമേരിക്ക വെനസ്വേല പ്രസിഡന്റ്  മദൂരോയ്‌ക്കെതിരെ സൈനിക നടപടി സ്വീകരിച്ചാല്‍ ശക്തമായി തിരിച്ചടിക്കുമെന്ന മുന്നറിയിപ്പും അഭിമുഖത്തില്‍ ഇ.എന്‍.എന്‍ നല്‍കുന്നുണ്ട്.

പ്രസിഡന്‍ഷ്യല്‍ തെരഞ്ഞെടുപ്പ് നീട്ടിവെച്ച് അധികാരത്തിലുള്ള മദൂരോയെ നീക്കം ചെയ്യാനാണ് അമേരിക്കയുടെ നീക്കം. വേണ്ടിവന്നാല്‍ വെനസ്വേലയില്‍ സൈനിക നടപടി സ്വീകരിക്കുമെന്ന് ട്രംപ് നേരത്തെ പറഞ്ഞിരുന്നു.

വെനസ്വേലയില്‍ സൈനിക നടപടി സ്വീകരിക്കുമെന്ന അമേരിക്കയുടെ തീരുമാനത്തെ പ്രസിഡന്റ് മദൂരോ പുച്ഛിച്ച് തള്ളിയിരുന്നു. അങ്ങനെയൊന്നുണ്ടായാല്‍ മറ്റൊരു വിയറ്റ്‌നാമിന് സാക്ഷിയാകുമെന്നാണ് മദൂരോ അഭിപ്രായപ്പെട്ടത്.

ALSO READ: പുറത്ത് നിന്നുള്ള ഇടപെടല്‍ വെനസ്വേലയുടെ സമാധാനവും സ്ഥിരതയും തകര്‍ത്തു; രാജ്യാന്തര ചര്‍ച്ച ആവശ്യപ്പെട്ട് ഐ.സി.ജിക്ക് 500 പ്രമുഖരുടെ കത്ത്

വെനസ്വേല പ്രതിസന്ധി രൂക്ഷമായാല്‍ 5000 സൈനികരെ വിന്യസിക്കാനാണ് പദ്ധതിയെന്ന് അമേരിക്കന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജോണ്‍ ബോള്‍ട്ടന്‍ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ഗറില്ലാ വക്താവ് അഭിമുഖത്തില്‍ തിരിച്ചടിക്കുമെന്ന് അഭിപ്രായപ്പെട്ടത്

“”അമേരിക്ക ആക്രമിക്കാന്‍ ഒരുങ്ങിയാല്‍ ഒളിക്കാനല്ല തീരുമാനമെന്നും അതേ നാണയത്തില്‍ തിരിച്ചടിക്കുമെന്നും”” ഇ.എല്‍.എന്‍. കമാന്‍ഡര്‍ പാബ്ലോ ബെല്‍ട്രാന്‍ വ്യക്തമാക്കി. വെനസ്വേലയില്‍ അമേരിക്ക രാഷ്ട്രീയ നേട്ടമാണ് ആഗ്രഹിക്കുന്നതെന്നും കൊളംബിയന്‍ പട്ടാളം പ്രതിസന്ധി പരിഹരിക്കാന്‍ ഇടപെടണമെന്നും അഭിമുഖത്തില്‍ അദ്ദേഹം ആവശ്യപ്പെട്ടു.

അതേസമയം മുന്‍ പ്രസിഡന്റ് ഹ്യൂഗോ ഷാവേസിന്റെ ഭരണത്തിന് ശേഷം രാജ്യം കടുത്ത സാമ്പത്തിക അരക്ഷിതാവസ്ഥയിലൂടെയാണ് കടന്നു പോകുന്നത്. ഹ്യൂഗോയുടെ കീഴില്‍ സമ്പന്നമായിരുന്ന വെനസ്വേല ഇപ്പോള്‍ ദരിദ്ര രാഷ്ട്രമാണ്.

ജനക്ഷേമ പദ്ധതികളിലൂടേയും നിസ്വാര്‍ഥ സേവനങ്ങളിലൂടേയും ഹ്യൂഗോ ഭരണത്തില്‍ നിന്ന് മദൂരോയുടെ ഭരണത്തിലേക്കെത്തുമ്പോള്‍ രാജ്യം തകര്‍ന്നെന്ന് അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.

2018ല്‍ രാജ്യത്തിന്റെ നാണ്യപെരുപ്പം 800 ശതമാനമായാണ് ഉയര്‍ന്നത്. ജി.ഡി.പി. 35 ശതമാനത്തോളം ഇടിഞ്ഞു. ഇതിനിടയിലാണ് ആഭ്യന്തര രാഷ്ട്രീയ പ്രശ്‌നങ്ങള്‍ രാജ്യത്തെ വലയ്ക്കുന്നത്. പ്രസിഡന്‍ഷ്യല്‍ തെരഞ്ഞെടുപ്പ് നടത്താതിരുന്നത് സ്ഥിതി കൂടുതല്‍ വഷളാക്കി.

ഇതിനിടയിലാണ് പ്രതിപക്ഷ നേതാവ് ഗ്വീഡോ പ്രസിഡന്റായി സ്വയം അവരോധിച്ചത്. ഗ്വീഡോയ്ക്ക് പിന്തുണ അറിയിച്ച് അമേരിക്ക എത്തിയതും സ്ഥിതിഗതികള്‍ കൂടുതല്‍ വഷളാക്കി.

രാജ്യത്ത് സമാധാനം പുനസ്ഥാപിക്കുക, തെരഞ്ഞെടുപ്പ് നടത്തുക, അമേരിക്ക വെനസ്വേലയുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടാതിരിക്കുക തുടങ്ങിയവയാണ് വെനസ്വേലയെ പിന്തുണയ്ക്കുന്നവരുടെ ആവശ്യം. ഈ ആവശ്യങ്ങള്‍ ഉന്നയിച്ച് മെക്‌സിക്കോയുടേയും യുറഗ്വായുടേയും നേതൃത്വത്തില്‍ ഐ.സി.ജിയുടെ യോഗം ചേരാനും തീരുമാനമായിട്ടുണ്ട്.

We use cookies to give you the best possible experience. Learn more