| Monday, 18th March 2024, 9:13 am

ഒടുവില്‍ വുമണ്‍സ് പ്രീമിയര്‍ ലീഗും; ഇവള്‍ രണ്ടാമൂഴത്തിന്റെ രാജകുമാരി

സ്പോര്‍ട്സ് ഡെസ്‌ക്

റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു എന്ന ഫ്രാഞ്ചൈസിയുടെ കിരീട വരള്‍ച്ച അവസാനിപ്പിച്ചതില്‍ എല്ലിസ് പെറിയെന്ന ഓസ്‌ട്രേലിയന്‍ സൂപ്പര്‍ ഓള്‍ റൗണ്ടര്‍ വഹിച്ച പങ്ക് ചെറുതല്ല. ബാറ്റിങ്ങിലും ബൗളിങ്ങിലും ഒരുപോലെ തിളങ്ങിയാണ് പെറി ബെംഗളൂരുവിന്റെ രാജ്ഞിയായത്.

സീസണില്‍ ഏറ്റവുമധികം റണ്‍സ് നേടി ഓറഞ്ച് ക്യാപ്പും പെറി സ്വന്തമാക്കിയിരുന്നു. ഒമ്പത് മത്സരത്തില്‍ രണ്ട് അര്‍ധ സെഞ്ച്വറിയടക്കം 69.40 എന്ന ശരാശരിയില്‍ 347 റണ്‍സാണ് പെറി നേടിയത്. 41 ഫോറും ഏഴ് സിക്‌സറുമാണ് താരം സീസണില്‍ അടിച്ചുകൂട്ടിയത്.

ഇപ്പോള്‍ മറ്റൊരു ഫ്രാഞ്ചൈസി ലീഗ് കിരീടം കൂടി സ്വന്തമാക്കിയാണ് പെറി തന്റെ ട്രോഫി കളക്ഷന് ഇന്ത്യന്‍ ഫ്‌ളേവര്‍ നല്‍കിയത്. ആദ്യ സീസണില്‍ റോയല്‍ ചലഞ്ചേഴ്‌സിനൊപ്പം തോല്‍വി രുചിക്കേണ്ടി വന്നെങ്കിലും രണ്ടാമൂഴത്തില്‍ പെറി കിരീടം സ്വന്തമാക്കി.

ഇത് ആദ്യമായല്ല പെറി രണ്ടാമൂഴത്തില്‍ കിരീടം സ്വന്തമാക്കുന്നത്. താരത്തിന്റെ മിക്ക കിരീട നേട്ടങ്ങളും പിറവിയെടുത്തത് രണ്ടാം ശ്രമത്തിലാണ്.

തന്റെ കരിയറിലെ ആദ്യ ഏകദിന ലോകകപ്പ് രണ്ടാം ശ്രമത്തിലാണ് പെറി നേടിയെടുത്തത്. ടി-20 ലോകകപ്പും വനിതാ ബിഗ് ബാഷ് ലീഗ് കിരീടവും രണ്ടാമൂഴത്തില്‍ തന്നെയാണ് പെറി നേടിയെടുത്തത്. ഇപ്പോള്‍ ഡബ്ല്യൂ.പി.എല്‍ കിരീടവും രണ്ടാം ശ്രമത്തില്‍ പെറി തന്റെ പേരിന് നേരെ എഴുതിച്ചേര്‍ത്തു.

ഫൈനലില്‍ റോയല്‍ ചലഞ്ചേഴ്‌സിന്റെ ടോപ് സ്‌കോററും പെറി തന്നെയായിരുന്നു.

ബാറ്റിങ്ങിലെ ഓറഞ്ച് ക്യാപ് നേട്ടം മാത്രമല്ല, ടൂര്‍ണമെന്റിലെ ഏറ്റവും മികച്ച ബൗളിങ് സ്‌ട്രൈക്ക് റേറ്റ് (4.00), ഏറ്റവും മികച്ച ബൗളിങ് ഫിഗര്‍ (6/15), ഏറ്റവും മികച്ച അഞ്ചാമത് എക്കോണമി (6.57) തുടങ്ങി നിരവധി റെക്കോഡുകളും ഓസീസ് ഓള്‍ റൗണ്ടര്‍ തന്റെ പേരിന് നേരെ കുറിച്ചിട്ടുണ്ട്.

വനിതാ പ്രീമിയര്‍ ലീഗ് കിരീടം കൂടി സ്വന്തമാക്കിയതോടെ വനിതാ ക്രിക്കറ്റിലെ എല്ലാ കിരീടവും എല്ലിസ് പെറി സ്വന്തമാക്കിയിരിക്കുകയാണ്.

എല്ലിസ് പെറിയുടെ നേട്ടങ്ങള്‍

ഏകദിന ലോകകപ്പ് – രണ്ട് തവണ

ടി-20 ലോകകപ്പ് – ആറ് തവണ

വുമണ്‍സ് ബിഗ് ബാഷ് ലീഗ് – രണ്ട് തവണ

വുമണ്‍സ് പ്രീമിയര്‍ ലീഗ് – ഒരു തവണ

കോമണ്‍വെല്‍ത് ഗെയിംസില്‍ ഗോള്‍ഡ് മെഡല്‍

ഐ.സി.സി ക്രിക്കറ്റര്‍ ഓഫ് ദി ഡെക്കേഡ്

– ഐ.സി.സി ടി-20 ക്രിക്കറ്റര്‍ ഓഫ് ദി ഡെേേക്കഡ്

– ഐ.സി.സി ഒ.ഡി.ഐ ക്രിക്കറ്റര്‍ ഓഫ് ദി ഡെക്കേഡ്

Content highlight: Ellyse Perry won WPL in 2nd attempt

We use cookies to give you the best possible experience. Learn more