| Tuesday, 5th March 2024, 8:24 pm

ഇന്ന് കാറേ കിട്ടിയുള്ളൂ... അന്ന് അടിച്ചിട്ടത് ആംബുലന്‍സിനെയാണ് 🚑; പെറി ദി ഡിസ്‌ട്രോയര്‍🔥 വീഡിയോ

സ്പോര്‍ട്സ് ഡെസ്‌ക്

വനിതാ പ്രീമിയര്‍ ലീഗില്‍ യു.പി വാറിയേഴ്‌സിനെതിരായ മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന്റെ എല്ലിസ് പെറിയുടെ സിക്‌സറായിരുന്നു ക്രിക്കറ്റ് ലോകത്തെ പ്രധാന ചര്‍ച്ചാ വിഷയം. ദീപ്തി ശര്‍മയെറിഞ്ഞ 18ാം ഓവറിലെ കൂറ്റന്‍ സിക്‌സര്‍ ചെന്നുപതിച്ചത് മത്സരത്തില്‍ മികച്ച ഷോട്ടടിക്കുന്ന താരത്തിന് ലഭിക്കേണ്ട ടാറ്റ പഞ്ച് ഇ.വി കാറിന്റെ ഗ്ലാസിലായിരുന്നു.

കാറിന്റെ ചില്ല് തകര്‍ത്താണ് താരം ആരാധകരെ ആവേശം കൊള്ളിച്ചത്. ലെഗ് സൈഡിലേക്ക് പറന്നിറങ്ങിയ ആ സിക്‌സറിന് പിന്നാലെ പെറിയുടെ സഹതാരങ്ങള്‍ ഒന്നാകെ തലയില്‍ കൈവെച്ചുപോയിരുന്നു.

എന്നാല്‍ ഇതാദ്യമായല്ല പെറിയുടെ റാംപെയ്ജില്‍ ഒരു വാഹനത്തിന് കേടുപാട് പറ്റുന്നത്. 2019ല്‍ ഡബ്ല്യൂ.ബി.ബി.എല്ലില്‍ താരത്തിന്റെ ഷോട്ട് ചെന്നുപതിച്ച് തകര്‍ന്നത് ആംബലുന്‍സിന്റെ ചില്ലാണ്.

സിഡ്‌നി സിക്‌സേഴ്‌സിന് വേണ്ടി കളിക്കുമ്പോഴാണ് ആംബുലന്‍സ് തകര്‍ത്ത താരത്തിന്റെ ഷോട്ട് പിറന്നത്. സീസണിലെ സിഡ്‌നി സിക്‌സേഴ്‌സ് – ഹൊബാര്‍ട്ട് ഹറികെയ്ന്‍ മത്സരത്തിന്റെ അവസാന പന്തിലാണ് താരം സിക്‌സറടിച്ചതും ആംബുലന്‍സിന്റെ ഗ്ലാസ് തകര്‍ത്തതും.

2019 നവംബര്‍ 13ന് സിക്‌സേഴ്‌സ് തങ്ങളുടെ ഒഫീഷ്യല്‍ ‘ട്വിറ്റര്‍’ ഹാന്‍ഡിലില്‍ പങ്കുവെച്ച വീഡിയോ ഇപ്പോള്‍ വീണ്ടും ശ്രദ്ധ നേടുകയാണ്.

അതേസമയം, 37 പന്തില്‍ 58 റണ്‍സ് നേടിയാണ് വണ്‍ ഡൗണായി കളത്തിലിറങ്ങിയ ഓസീസ് ബ്രൂട്ടല്‍ ബഹാര്‍ഡ് ഹിറ്റര്‍ പുറത്തായത്. നാല് സിക്‌സറും നാല് ഫോറും അടക്കം 156.76 എന്ന സ്‌ട്രൈക്ക് റേറ്റിലാണ് പെറി റണ്‍സടിച്ചുകൂട്ടിയത്.

പെറിക്ക് പുറമെ ക്യാപ്റ്റന്‍ സ്മൃതി മന്ഥാനയുടെ അര്‍ധ സെഞ്ച്വറിയും ടീമിന് മികച്ച സ്‌കോര്‍ പടുത്തുയര്‍ത്താന്‍ കാരണമായി. 50 പന്തില്‍ 10 ഫോറും മൂന്ന് സിക്‌സറും അടക്കം 80 റണ്‍സാണ് താരം സ്വന്തമാക്കിയത്.

എസ്. മേഘ്‌ന (21പന്തില്‍ 28), വിക്കറ്റ് കീപ്പര്‍ റിച്ച ഘോഷ് (പത്ത് പന്തില്‍ 21) എന്നിവരുടെ ഇന്നിങ്‌സുമായപ്പോള്‍ ആര്‍.സി.ബി നിശ്ചിത ഓവറില്‍ മൂന്ന് വിക്കറ്റിന് 198ലെത്തി.

പടുകൂറ്റന്‍ ടോട്ടല്‍ പിന്തുടര്‍ന്നിറങ്ങിയ വാറിയേഴ്‌സ് സീസണിലെ അടുത്ത തോല്‍വിയും ഏറ്റുവാങ്ങി. ക്യാപ്റ്റന്‍ അലീസ ഹീലിയുടെ അര്‍ധ സെഞ്ച്വറിയും ദീപ്തി ശര്‍മ, പൂനം ഖെംനാര്‍ എന്നിവരുടെ ഇന്നിങ്‌സിനും ടീമിനെ രക്ഷിക്കാന്‍ സാധിച്ചില്ല.

ഹീലി 38 പന്തില്‍ 55 റണ്‍സ് നേടി പുറത്തായി. ശര്‍മ 22 പന്തില്‍ 33 റണ്‍സ് നേടിയപ്പോള്‍ 24 പന്തില്‍ 31 റണ്‍സാണ് ഖെംനാര്‍ നേടിയത്.

ഒടുവില്‍ 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 175ന് വാറിയേഴ്‌സ് പോരാട്ടം അവസാനിപ്പിച്ചു. 23 റണ്‍സിനാണ് വാറിയേഴ്‌സ് വീണ്ടും ബെംഗളൂരുവിനോട് പരാജയപ്പെടുന്നത്.

ബുധനാഴ്ചയാണ് ബെംഗളൂരുവിന്റെ അടുത്ത മത്സരം. ഗുജറാത്താണ് എതിരാളികള്‍. മാര്‍ച്ച് ഏഴിന് മുംബൈ ഇന്ത്യന്‍സിനെതിരെയാണ് വാറിയേഴ്‌സ് അടുത്ത മത്സരം കളിക്കുക.

Content highlight: Ellyse Perry’s old video of smashing ambulance galas with a sixer resurface after RCB vs UPW match

We use cookies to give you the best possible experience. Learn more