ക്രിക്കറ്റ് ചരിത്രത്തില്‍ അത്യപൂര്‍വ ഡബിള്‍ നേടി ഓസീസ് സൂപ്പര്‍ താരം എല്ലിസ് പെറി. ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന ഓസ്‌ട്രേലിയ – ഇംഗ്ലണ്ട് പരമ്പരയിലാണ് എല്ലിസ് പെറി പുതിയ ചരിത്രം കുറിച്ചിരിക്കുന്നത്.
വനിതാ ക്രിക്കറ്റില്‍ 6,000+ അന്താരാഷ്ട്ര റണ്‍സുകളും 300+ വിക്കറ്റുകളും നേടുന്ന ആദ്യ താരം എന്ന റെക്കോഡാണ് എല്ലിസ് പെറി സ്വന്തമാക്കിയിരിക്കുന്നത്. ഇതിന് പുറമെ ഈ നേട്ടം കൈവരിക്കുന്ന ആദ്യ ഓസ്‌ട്രേലിയന്‍ താരം എന്ന റെക്കോഡും എല്ലിസ് പെറിയുടെ പേരില്‍ തന്നെയാണ്. എണ്ണം പറഞ്ഞ ഓള്‍ റൗണ്ടര്‍മാര്‍ ഉണ്ടായിരുന്നിട്ടും ഓസീസ് ക്രിക്കറ്റില്‍ ഈ നേട്ടം കൈവരിക്കാന്‍ ആര്‍ക്കും തന്നെ സാധിച്ചിരുന്നില്ല എന്നതുതന്നെയാണ് പെറിയുടെ ഈ നേട്ടത്തെ ഏറ്റവുമധികം സ്‌പെഷ്യലാക്കുന്നത്.
44.99 എന്ന ബാറ്റിങ് ശരാശരിയില്‍ 6,074 റണ്‍സ് നേടിയ പെറി, 22.28 എന്ന ബൗളിങ് ശരാശരിയില്‍ 323 വിക്കറ്റും സ്വന്തമാക്കിയിട്ടുണ്ട്.
ഏകദിന ഫോര്‍മാറ്റിലാണ് പെറി ഏറ്റവും മികച്ച നേട്ടമുണ്ടാക്കിയിരിക്കുന്നത്. ഓസ്‌ട്രേലിയക്കായി കളിച്ച 134 ഏകദിനത്തിലെ 108 ഇന്നിങ്‌സില്‍ നിന്നുമായി 50.29 എന്ന ശരാശരിയിലും 76.35 എന്ന സ്‌ട്രൈക്ക് റേറ്റിലും 3,571 റണ്‍സാണ് പെറി നേടിയത്. രണ്ട് സെഞ്ച്വറിയും, കഴിഞ്ഞ ദിവസം ഇംഗ്ലണ്ടിനെതിരെ നേടിയ ഫിഫ്റ്റിയുമടക്കം 31 തവണയാണ് പെറി അര്‍ധ സെഞ്ച്വറി തികച്ചത്.
11 ടെസ്റ്റിലെ 19 ഇന്നിങ്‌സില്‍ നിന്നും 876 റണ്‍സാണ് വെറ്ററന്‍ താരത്തിന്റെ സമ്പാദ്യം. 45.29 എന്ന പ്രഹരശേഷിയിലും 73.00 എന്ന മികച്ച ശരാശരിയിലും ബാറ്റ് വീശുന്ന പെറി രണ്ട് സെഞ്ച്വറിയും നാല് അര്‍ധ സെഞ്ച്വറിയും ലോങ്ങര്‍ ഫേര്‍മാറ്റില്‍ തന്റെ പേരില്‍ എഴുതിച്ചേര്‍ത്തിട്ടുണ്ട്. 213* ആണ് താരത്തിന്റെ ഉയര്‍ന്ന സ്‌കോര്‍.
കുട്ടിക്രിക്കറ്റില്‍ ഓസീസിന് പകരം വെക്കാനാകാത്ത താരമാണ് പെറി. 142 മത്സരത്തിലെ 87 ഇന്നിങ്‌സില്‍ നിന്നുമായി 1,627 റണ്‍സാണ് താരത്തിന്റെ സമ്പാദ്യം. 31.28 എന്ന ആവറേജിലും 11.09 എന്ന സ്‌ട്രൈക്ക് റേറ്റിലുമാണ് എല്ലിസ് പെറി മഞ്ഞക്കുപ്പായക്കാര്‍ക്കായി റണ്ണടിച്ചുകൂട്ടിയത്.
ബൗളിങ്ങിലേക്ക് വരുമ്പോള്‍ ഏകദിനത്തില്‍ 162 തവണയും ടി-20യില്‍ 123 തവണയും എതിരാളികളെ കരയിച്ച പെറി, റെഡ്‌ബോള്‍ ഫോര്‍മാറ്റില്‍ 38 തവണയാണ് എതിര്‍ ടീം ബാറ്ററെ പവലിയനിലേക്ക് മടക്കിയത്.
മൂന്ന് ഫോര്‍മാറ്റിലുമായി അഞ്ച് തവണ അഞ്ച് വിക്കറ്റ് നേട്ടം കൊയ്ത പെറി, ആറ് തവണ നാല് വിക്കറ്റ് നേട്ടവും തന്റെ പേരിലാക്കിയിട്ടുണ്ട്.
Content Highlight: Ellyse Perry conquered historic double