ക്രിക്കറ്റ് ചരിത്രത്തില്‍ അത്യപൂര്‍വ ഡബിള്‍ നേടി ഓസീസ് സൂപ്പര്‍ താരം എല്ലിസ് പെറി. ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന ഓസ്‌ട്രേലിയ – ഇംഗ്ലണ്ട് പരമ്പരയിലാണ് എല്ലിസ് പെറി പുതിയ ചരിത്രം കുറിച്ചിരിക്കുന്നത്.
വനിതാ ക്രിക്കറ്റില്‍ 6,000+ അന്താരാഷ്ട്ര റണ്‍സുകളും 300+ വിക്കറ്റുകളും നേടുന്ന ആദ്യ താരം എന്ന റെക്കോഡാണ് എല്ലിസ് പെറി സ്വന്തമാക്കിയിരിക്കുന്നത്. ഇതിന് പുറമെ ഈ നേട്ടം കൈവരിക്കുന്ന ആദ്യ ഓസ്‌ട്രേലിയന്‍ താരം എന്ന റെക്കോഡും എല്ലിസ് പെറിയുടെ പേരില്‍ തന്നെയാണ്. എണ്ണം പറഞ്ഞ ഓള്‍ റൗണ്ടര്‍മാര്‍ ഉണ്ടായിരുന്നിട്ടും ഓസീസ് ക്രിക്കറ്റില്‍ ഈ നേട്ടം കൈവരിക്കാന്‍ ആര്‍ക്കും തന്നെ സാധിച്ചിരുന്നില്ല എന്നതുതന്നെയാണ് പെറിയുടെ ഈ നേട്ടത്തെ ഏറ്റവുമധികം സ്‌പെഷ്യലാക്കുന്നത്.
44.99 എന്ന ബാറ്റിങ് ശരാശരിയില്‍ 6,074 റണ്‍സ് നേടിയ പെറി, 22.28 എന്ന ബൗളിങ് ശരാശരിയില്‍ 323 വിക്കറ്റും സ്വന്തമാക്കിയിട്ടുണ്ട്.
ഏകദിന ഫോര്‍മാറ്റിലാണ് പെറി ഏറ്റവും മികച്ച നേട്ടമുണ്ടാക്കിയിരിക്കുന്നത്. ഓസ്‌ട്രേലിയക്കായി കളിച്ച 134 ഏകദിനത്തിലെ 108 ഇന്നിങ്‌സില്‍ നിന്നുമായി 50.29 എന്ന ശരാശരിയിലും 76.35 എന്ന സ്‌ട്രൈക്ക് റേറ്റിലും 3,571 റണ്‍സാണ് പെറി നേടിയത്. രണ്ട് സെഞ്ച്വറിയും, കഴിഞ്ഞ ദിവസം ഇംഗ്ലണ്ടിനെതിരെ നേടിയ ഫിഫ്റ്റിയുമടക്കം 31 തവണയാണ് പെറി അര്‍ധ സെഞ്ച്വറി തികച്ചത്.
11 ടെസ്റ്റിലെ 19 ഇന്നിങ്‌സില്‍ നിന്നും 876 റണ്‍സാണ് വെറ്ററന്‍ താരത്തിന്റെ സമ്പാദ്യം. 45.29 എന്ന പ്രഹരശേഷിയിലും 73.00 എന്ന മികച്ച ശരാശരിയിലും ബാറ്റ് വീശുന്ന പെറി രണ്ട് സെഞ്ച്വറിയും നാല് അര്‍ധ സെഞ്ച്വറിയും ലോങ്ങര്‍ ഫേര്‍മാറ്റില്‍ തന്റെ പേരില്‍ എഴുതിച്ചേര്‍ത്തിട്ടുണ്ട്. 213* ആണ് താരത്തിന്റെ ഉയര്‍ന്ന സ്‌കോര്‍.