വുമണ്‍സ് പ്രീമിയര്‍ ലീഗില്‍ മുംബൈ ഇന്ത്യന്‍സിനെ എറിഞ്ഞിട്ടാണ് എല്ലിസ് പെറി റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെ പ്ലേ ഓഫിലെത്തിച്ചത്. ബാറ്റ് കൊണ്ടും പന്തുകൊണ്ടും ഒരുപോലെ തിളങ്ങിയാണ് പെറി മുംബൈ ഇന്ത്യന്‍സിന് അരുണ്‍ ജെയ്റ്റ്‌ലി സ്റ്റേഡിയത്തില്‍ ചരമഗീതം പാടിയത്.
മത്സരത്തില്‍ നാല് ഓവര്‍ പന്തെറിഞ്ഞ് ആറ് വിക്കറ്റുകളാണ് പെറി സ്വന്തമാക്കിയത്. വിട്ടുകൊടുത്തതാകട്ടെ വെറും 15 റണ്‍സും.
ഓപ്പണറുടെ റോളില്‍ കളത്തിലിറങ്ങിയ മലയാളി താരം സജന സജീവനെ പുറത്താക്കിയാണ് പെറി വിക്കറ്റ് വേട്ടക്ക് തുടക്കമിട്ടത്. 21 പന്തില്‍ 30 റണ്‍സുമായി ക്രീസില്‍ നിന്ന സജനയെ ക്ലീന്‍ ബൗള്‍ഡാക്കിയാണ് താരം പുറത്താക്കിയത്. തൊട്ടടുത്ത പന്തില്‍ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറിനെ ഗോള്‍ഡന്‍ ഡക്കാക്കിയും പെറി മടക്കി.
The Perry Show! ⚡️⚡️
Four timber strikes and a six-wicket haul for Ellyse Perry 😲
ഈ ആറ് വിക്കറ്റ് നേട്ടത്തിന് പിന്നാലെ ഒരു തകര്‍പ്പന്‍ നേട്ടവും എല്ലിസ് പെറിയെ തേടിയെത്തി. ടി-20യില്‍ ഒന്നിലധികം സെഞ്ച്വറിയും ഫൈഫറും സ്വന്തമാക്കുന്ന ഏക താരം എന്ന നേട്ടമാണ് പെറി സ്വന്തമാക്കിയത്.
വുമണ്‍സ് ബിഗ് ബാഷ് ലീഗിലാണ് പെറിയുടെ മറ്റുള്ള മികച്ച പ്രകടനങ്ങള്‍ പിറന്നത്.
സെഞ്ച്വറി നേട്ടം
102* vs പെര്‍ത്ത് സ്‌ക്രോച്ചേഴ്‌സ് – 2018
103* vs ബ്രിസ്‌ബെയ്ന്‍ ഹീറ്റ് – 2018
ഫൈഫര്‍ നേട്ടം
5/22 vs മെല്‍ബണ്‍ റെനെഗെഡ്‌സ് – 2023
6/15 vs മുംബൈ ഇന്ത്യന്‍സ് – 2024
ഇതിന് പുറമെ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലും ലിസ്റ്റ് എ ഫോര്‍മാറ്റിലും ടി-20യിലും സെഞ്ച്വറിയും സിക്സ്ഫറുമുള്ള ക്രിക്കറ്റ് ചരിത്രത്തിലെ ഏക താരം എന്ന നേട്ടവും പെറി തന്റെ പേരില്‍ എഴുതിച്ചേര്‍ത്തിരുന്നു.
എല്ലിസ് പെറിയുടെ മികച്ച ബാറ്റിങ് പ്രകടനങ്ങള്‍
ഫസ്റ്റ് ക്ലാസ് – 213*
ലിസ്റ്റ് എ – 147
ടി-20 – 103*
എല്ലിസ് പെറിയുടെ മികച്ച ബൗളിങ് പ്രകടനങ്ങള്‍
ഫസ്റ്റ് ക്ലാസ് – 6/32
ലിസ്റ്റ് എ – 7/22
ടി-20 – 6/15
ക്രിക്കറ്റില്‍ മാത്രമല്ല ഫുട്‌ബോളിലും തന്റെ കഴിവ് തെളിയിച്ച താരമാണ് എല്ലിസ് പെറി. ഓസ്‌ട്രേലിയക്ക് വേണ്ടി ഫിഫ ലോകകപ്പിലടക്കം പങ്കെടുത്ത താരം ബിഗ് ഇവന്റില്‍ ഗോളും നേടിയിട്ടുണ്ട്.
2008 ഒളിംപിക്‌സ് യോഗ്യതാ മത്സരത്തില്‍ ഹോങ് കോങ്ങിനെതിരെയും 2008ലെ എ.എഫ്.സി വുമണ്‍സ് ഏഷ്യന്‍ കപ്പിലും ഓസ്‌ട്രേലിയക്കായി ഗോള്‍ നേടിയ പെറി 2011 ഫിഫ ലോകകപ്പില്‍ സ്വീഡനെതിരെയാണ് കരിയറിലെ ഏക വേള്‍ഡ് കപ്പ് ഗോള്‍ നേടിയത്.
Content Highlight: Ellyse Perry becomes the only player to have multiple centuries and fifers in T20