|

ഒരു ദയയും കാണിച്ചില്ല, അടിച്ച് കാറിന്റെ ചില്ല് പൊട്ടിച്ചു; എല്ലിസ് പെറിക്ക് ഇത്രക്ക് പവറോ?

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്നലെ നടന്ന വുമണ്‍സ് പ്രീമിയര്‍ ലീഗില്‍ റോയല്‍ ചലഞ്ചേഴ്‌സ് 23 റണ്‍സിന് യു.പി വാറിയേഴ്സിനെ തോല്‍പ്പിച്ചു. എം. ചിന്നസ്വാമി സ്റ്റേഡിയത്തില്‍ ടോസ് നേടിയ വാരിയേഴ്സ് ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു. നിശ്ചിത ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 198 റണ്‍സ് ആണ് റോയല്‍ ചലഞ്ചേഴ്സ് സ്വന്തമാക്കിയത്. എന്നാല്‍ യു.പിക്ക് എട്ട് വിക്കറ്റ് നഷ്ടത്തില്‍ 175 റണ്‍സ് മാത്രമാണ് സ്വന്തമാക്കിയത്.

റോയല്‍ ചലഞ്ചേഴ്സിന് വേണ്ടി ഓപ്പണിങ് ഇറങ്ങിയ സബ്ബിനെനി മേഘന 21 പന്തില്‍ നിന്ന് അഞ്ച് ബൗണ്ടറികള്‍ അടക്കം 28 റണ്‍സ് നേടിയപ്പോള്‍ ക്യാപ്റ്റന്‍ സ്മൃതി മന്ദാന 50 പന്തില്‍ നിന്ന് മൂന്ന് സിക്സറും 10 ബൗണ്ടറിയും അടക്കം 80 റണ്‍സ് ആണ് അടിച്ചുകൂട്ടിയത്.

ശേഷം ഇറങ്ങിയ എല്ലിസ് പെറി 37 പന്തില്‍ നിന്നും നാല് സിക്സറും നാലു ബൗണ്ടറിയും അടക്കം 58 റണ്‍സ് ആണ് അടിച്ചെടുത്തത്. സോഫി എക്കലസ്റ്റോണ്‍ ആണ് താരത്തെ പുറത്താക്കിയത്.

എന്നാല്‍ മത്സരത്തില്‍ ഏറെ ശ്രദ്ധേയമായത് എല്ലിസ് പെരിയുടെ കിടിലന്‍ ഷോട്ട് ആയിരുന്നു. ദീപ്തി ശര്‍മക്ക് എതിരെ പതിനെട്ടാം ഓവറില്‍ ലെഗ് സൈഡ് ലക്ഷ്യം വെച്ച് ബാറ്റ് വീശി, സിക്‌സറിലേക്ക് കുതിച്ച് പന്ത് സീസണിലെ ബെസ്റ്റ് പ്ലെയര്‍ക്ക് വേണ്ടി ഷോ ചെയ്ത ടാറ്റയുടെ ‘പഞ്ച് ഇ.വി’ എന്ന കാറിന്റെ ചില്ല് തകര്‍ത്താണ് ആരാധകരെ ആവേശം കൊള്ളിച്ചത്.

മറുപടി ബാറ്റിങ്ങില്‍ യു.പിക്ക് വേണ്ടി അലീസാ ഹീലി 38 പന്തില്‍ നിന്ന് 55 റണ്‍സ് നേടി ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ കണ്ടെത്തി. ദീപ്തി ശര്‍മ 22 പന്തില്‍ നിന്ന് 33 റണ്‍സും നേടി. പൂനം ഖേംനര്‍ 24 പന്തില്‍ നിന്നും 31 റണ്‍സ് നേടി ടീമിന്റെ സ്‌കോര്‍ ഉയര്‍ത്താന്‍ ശ്രമിച്ചു. എന്നാല്‍ റോയല്‍ ചലഞ്ചേഴ്‌സ് ബൗളിങ് നിരയില്‍ ശോഭന ആശ, സോഫി മോളിന്യസ്, സോഫി ഡിവൈന്‍ എന്നിവര്‍ രണ്ട് വിക്കറ്റുകള്‍ വീതവും വീഴ്ത്തി യു.പിയെ തകര്‍ക്കുകയായിരുന്നു.

Content Highlight: Ellis Perry Hit and broke the car window