| Wednesday, 13th March 2024, 11:45 am

ഐതിഹാസിക ട്രിപ്പിള്‍, തിരുത്തിയത് ക്രിക്കറ്റിന്റെ ചരിത്രം; ഒരാള്‍ക്ക് പോലുമില്ലാത്ത റെക്കോഡ്

സ്പോര്‍ട്സ് ഡെസ്‌ക്

വനിതാ പ്രീമിയര്‍ ലീഗില്‍ എല്ലിസ് പെറിയുടെ ചിറകിലേറി റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു പ്ലേ ഓഫിലേക്ക് കുതിച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസം ദല്‍ഹി അരുണ്‍ ജെയ്റ്റ്‌ലി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനെ ഏഴ് വിക്കറ്റിന് പരാജയപ്പെടുത്തിയാണ് ബെംഗളൂരു പ്ലേ ഓഫ് ബെര്‍ത്ത് ഉറപ്പിച്ചത്.

മത്സരത്തില്‍ ടോസ് നേടി ബൗളിങ് തെരഞ്ഞെടുത്ത ആര്‍.സി.ബി പെറിയുടെ ബൗളിങ് കരുത്തില്‍ മുംബൈയെ 113ന് പുറത്താക്കി. ആറ് വിക്കറ്റാണ് താരം സ്വന്തമാക്കിയത്.

മലയാളി താരം സജന സജീവനെ പുറത്താക്കിയാണ് പെറി വിക്കറ്റ് വേട്ടക്ക് തുടക്കമിട്ടത്. 21 പന്തില്‍ 30 റണ്‍സുമായി ക്രീസില്‍ നിന്ന സജനയെ ക്ലീന്‍ ബൗള്‍ഡാക്കിയാണ് താരം പുറത്താക്കിയത്. തൊട്ടടുത്ത പന്തില്‍ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറിനെ ഗോള്‍ഡന്‍ ഡക്കാക്കിയും പെറി മടക്കി.

അമന്‍ജോത് കൗറിനെയും പൂജ വസ്ത്രാര്‍ക്കറിനെയും ക്ലീന്‍ ബൗള്‍ഡാക്കിയ പെറി നാറ്റ് സ്‌കിവര്‍ ബ്രണ്ടിനെയും അമേലിയ കേറിനെയും വിക്കറ്റിന് മുമ്പില്‍ കുടുക്കിയും പുറത്താക്കി.

നാല് ഓവറില്‍ വെറും 15 റണ്‍സ് മാത്രം വഴങ്ങിയാണ് താരം ആറ് വിക്കറ്റ് സ്വന്തമാക്കിയത്.

മുംബൈക്കെതിരായ ആറ് വിക്കറ്റ് നേട്ടത്തിന് പിന്നാലെ ഒരു തകര്‍പ്പന്‍ റെക്കോഡും ഓസീസ് സൂപ്പര്‍ താരത്തെ തേടിയെത്തി. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലും ലിസ്റ്റ് എ ഫോര്‍മാറ്റിലും ടി-20യിലും സെഞ്ച്വറിയും സിക്‌സ്ഫറുമുള്ള ക്രിക്കറ്റ് ചരിത്രത്തിലെ ഏക താരം എന്ന നേട്ടമാണ് പെറി സ്വന്തമാക്കിയത്.

ക്രിക്കറ്റ് ചരിത്രത്തില്‍ ഇതുവരെ ഒരു പുരുഷ താരത്തിനോ വനിതാ താരത്തിനോ സ്വന്തമാക്കാന്‍ സാധിക്കാത്ത അത്യപൂര്‍വ നേട്ടത്തിനാണ് ഓസ്‌ട്രേലിയന്‍ ഓള്‍ റൗണ്ടര്‍ അര്‍ഹയായത്.

എല്ലിസ് പെറിയുടെ മികച്ച ബാറ്റിങ് പ്രകടനങ്ങള്‍

ഫസ്റ്റ് ക്ലാസ് – 213*
ലിസ്റ്റ് എ – 147
ടി-20 – 103*

എല്ലിസ് പെറിയുടെ മികച്ച ബൗളിങ് പ്രകടനങ്ങള്‍

ഫസ്റ്റ് ക്ലാസ് – 6/32
ലിസ്റ്റ് എ – 7/22
ടി-20 – 6/15

മുംബൈക്കെതിരായ മത്സരത്തില്‍ പന്ത് കൊണ്ട് മാത്രമല്ല, ബാറ്റ് കൊണ്ടും അല്ലിസ് പെറി തിളങ്ങിയിരുന്നു. 38 പന്തില്‍ 40 റണ്‍സ് നേടി റോയല്‍ ചലഞ്ചേഴ്‌സിന്റെ ഏറ്റവും മികച്ച റണ്‍ ഗെറ്ററും പെറി തന്നെയായിരുന്നു.

ഈ ഓള്‍ റൗണ്ട് പ്രകടനത്തിന് പിന്നാലെ മത്സരത്തിലെ താരമായും പെറി തെരഞ്ഞെടുക്കപ്പെട്ടിരുന്നു.

Content Highlight: Ellis Perry has achieved a historic feat that no other player has achieved

Latest Stories

We use cookies to give you the best possible experience. Learn more