പറഞ്ഞുറപ്പിച്ചപോലെ സി.പി.ഐ. (മാവോയിസ്റ്റ്) പശ്ചിമഘട്ടദളമോ മറ്റേതെങ്കിലും ദളമോ പൊലീസ് വാര്‍ത്തകളെ ശരിവെക്കുന്നു. “ഞങ്ങള്‍ അവിടെയുണ്ടായിരുന്നു” എന്ന പത്രപ്രസ്താവനകള്‍ കടന്നുവരുന്നു. കേരളത്തിലെ മാവോയിസ്റ്റ്‌സാന്നിധ്യ-സാധ്യതകളെക്കുറിച്ച് അഭിപ്രായപ്പെടുന്ന മനുഷ്യാവകാശ പ്രവര്‍ത്തകരുടെ വാദമുഖങ്ങള്‍ അപ്പാടെ റദ്ദാക്കപ്പെടുന്നു; ഒപ്പം അവരുടെ വിശ്വാസ്യതയും. കാട്ടില്‍നിന്നുള്ള രൂപേഷിന്റെ വീഡിയോയിലെ സൈനിക യൂണിഫോമും തോക്കും, നഗരാക്രമണങ്ങളില്‍ കല്ലുകളായി പരിണമിക്കുന്ന കഥ മാത്രം അന്തരീക്ഷത്തില്‍ പ്രഹേളികയായി തുടരുന്നു.
ആറളത്ത് ആദിവാസികള്‍ക്കിടയില്‍ ആദിവാസികള്‍ക്കിടയില്‍ മാവോയിസ്റ്റ് ലഘുലേഖ വിതരണം ചെയ്തുവെന്ന് ആരോപിച്ചാണ് കഴിഞ്ഞ ദിവസം നദീര്‍ എന്ന മനുഷ്യാവകാശ പ്രവര്‍ത്തകനെ അറസ്റ്റ് ചെയ്യുകയും യു.എ.പി.എ ചുമത്താന്‍ ശ്രമിക്കുകയും ചെയ്തത്.
മാവോയിസത്തിനെതിരെ പരസ്യമായ നിലപാട് നേരത്തെ തന്നെ സ്വീകരിച്ചിരുന്നയാളാണ് നദീര്‍. മാവോയിസത്തോട് വിയോജിച്ച് കൊണ്ട് നദീര്‍ മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ ലേഖനമെഴുതുകയും ചെയ്തിട്ടുണ്ട്. 2015 ആഗസ്റ്റ് 30ന് പ്രസിദ്ധീകരിച്ച മുപ്പതോളം പേജ് വരുന്ന ലേഖനം വ്യാപകമായി ചര്‍ച്ച ചെയ്യപ്പെടുകയും ചെയ്തിരുന്നു. കേരളത്തില്‍ മാവോയിസ്റ്റ് പേടി വളര്‍ത്തി മനുഷ്യാവകാശപ്രവര്‍ത്തകരെയടക്കം പൊലീസ് വേട്ടയാടുമ്പോള്‍ നദീര്‍ എഴുതിയ ലേഖനം വീണ്ടും പ്രസക്തമാവുകയാണ്.
പരിസ്ഥിതി, സ്ത്രീ, ദളിത് വിഷയങ്ങളിലുള്‍പ്പെടെ കേരളത്തില്‍ അടുത്ത കാലത്തായി ഉണ്ടായിട്ടുള്ള
ജനകീയ സമരങ്ങളിലെ സക്രിയസാന്നിധ്യങ്ങളായ യുവാക്കളെ മാവോയിസ്റ്റ് മുദ്രകുത്തി ഭയപ്പെടുത്തുകയാണ് പൊലീസ്.
പുസ്തകം വായിക്കുന്ന, സിനിമയും നാടകവും ഇഷ്ടപ്പെടുന്ന, നവമാധ്യമങ്ങളിലൂടെ നിര്‍ഭയമായി അഭിപ്രായപ്രകടനങ്ങള്‍ നടത്തുന്ന, യാത്രചെയ്യാനിഷ്ടപ്പെടുന്ന, വിദ്യാര്‍ഥികളുള്‍പ്പെടെയുള്ള ഈ കൂട്ടായ്മകളിലെ പലരേയും മാവോയിസ്റ്റ്ബന്ധം ആരോപിച്ച് കസ്റ്റഡിയിലെടുക്കുകയും നിരന്തരം പിന്തുടരുകയും ചെയ്തുകൊണ്ട് വ്യക്തിസ്വാതന്ത്ര്യത്തെയും പ്രവര്‍ത്തന സ്വാതന്ത്ര്യത്തെയും ഇല്ലാതാക്കാന്‍ ശ്രമിക്കുകയാണ് ഭരണകൂടം. മാവോയിസ്റ്റ് പ്രത്യയശാസ്ത്രത്തിലുള്ള അറിവോ പ്രവര്‍ത്തനമോ അല്ല, മറിച്ച് ജനാധിപത്യരീതിയിലുള്ള ജനപക്ഷ രാഷ്ട്രീയമാണ് ഇവരെ നയിക്കുന്നത് എന്ന് ഈ യുവാക്കളുടെ ഇടപെടലുകള്‍ സാക്ഷ്യപ്പെടുത്തുന്നുണ്ട്.
രണ്ടുവര്‍ഷം മുന്‍പാണ് ഒരു പഠനയാത്രാസംഘത്തെ കേരളത്തിലെ പൊലീസ് മേപ്പാട് വിത്ത്കാട് ഭൂസമരകേന്ദ്രത്തില്‍നിന്ന് മാവോയിസ്റ്റുകളെന്ന് മുദ്രചാര്‍ത്തി അറസ്റ്റ് ചെയ്തതും ചില മാധ്യമങ്ങള്‍ അതിനെ ആഘോഷിച്ചതും. വിദ്യാര്‍ത്ഥികളും ഗവേഷകരും പുസ്തകപ്രസാധകരുമടങ്ങുന്ന നിരായുധരായ ആ കൊച്ചുസംഘത്തെ പൊലീസ് വന്‍കൊള്ളക്കാരെയും ഭീകരവാദികളെയും അറസ്റ്റ്‌ചെയ്യുന്നതുപോലെയായിരുന്നു അറസ്റ്റ്‌ചെയ്ത് കൊണ്ടുപോയത്.
വിദ്യാര്‍ഥി പബ്ലിക്കേഷന്‍സ് എന്ന അവരുടെ കോഴിക്കോട്ടെ സ്ഥാപനം നാട്ടുകാരെ മൊത്തം വിളിച്ചുകൂട്ടി പൊലീസ് തല്ലിത്തകര്‍ത്തു. ഓരോരുത്തരുടെയും വീടുകള്‍ കേന്ദ്രീകരിച്ച് തീവ്രവാദികളെ തിരഞ്ഞുള്ള ഭീകരാന്തരീക്ഷം സൃഷ്ടിച്ചുകൊണ്ടുള്ള റെയ്ഡുകള്‍. അവസാനം പിറ്റേദിവസംതന്നെ പൊലീസിന് പ്രഖ്യാപിക്കേണ്ടിവന്നു, “ഇവര്‍ മാവോയിസ്റ്റുകളല്ല, അതിനുള്ള തെളിവുകള്‍ ലഭിച്ചിട്ടില്ല.” പക്ഷേ, അതോടെ ഒന്ന് സംഭവിച്ചു. നാട്ടില്‍ ഈ അറസ്റ്റ്‌ചെയ്യപ്പെട്ടവര്‍ പെട്ടെന്നുതന്നെ ഒറ്റപ്പെട്ട ദ്വീപുകളായി മാറി. ആളുകള്‍ സംസാരിക്കാന്‍തന്നെ ഭയന്നു. സംശയത്തിന്റെ നോട്ടങ്ങള്‍. പിറുപിറുക്കലുകള്‍. രാത്രിവരെ വീട്ടിലെത്താത്തതിനെക്കുറിച്ചുള്ള അപസര്‍പ്പക കഥകള്‍. അങ്ങനെയങ്ങനെ.
ഒത്തിരി സമയമെടുത്തു ഇത് ഉണ്ടാക്കിയിട്ടുള്ള “കൊളാറ്ററല്‍ ഡാമേജ്” പരിഹരിക്കാന്‍. വാസ്തവത്തില്‍ ഇത്തരം അറസ്റ്റുകളിലൂടെ പൊലീസ് മുഖ്യമായും ലക്ഷ്യംവെക്കുന്നതും വ്യക്തികള്‍ക്ക് ഇത്തരം നഷ്ടങ്ങള്‍ ഉണ്ടാക്കുക, ആളുകള്‍ക്കിടയില്‍ വ്യത്യസ്തമായി ചിന്തിക്കുന്ന, ചോദ്യം ചോദിക്കുന്ന, സമരം ചെയ്യാന്‍ തയ്യാറാവുന്ന യുവാക്കളെയും ജനങ്ങളെയും ഒറ്റപ്പെട്ട ദ്വീപുകളിലേക്ക് അരികുവത്കരിക്കുക, അവര്‍ക്ക് ലഭിക്കുന്ന സ്വീകാര്യത തകര്‍ത്തെറിയുക, അവരെ അതിലൂടെ അടിച്ചമര്‍ത്താനുള്ള എല്ലാവിധ തടസ്സങ്ങളും നീക്കം ചെയ്യുക എന്നിവയൊക്കെയാണ്.
അപ്പോള്‍ ഉയരുന്ന ചോദ്യം, കേരളത്തില്‍ മാവോയിസ്റ്റുകളില്ലേ എന്നാണ്. അടുത്തിടെയായി കേരളത്തില്‍ പലയിടങ്ങളിലും മാവോയിസ്റ്റ് ലേബലില്‍തന്നെ നിരവധി സായുധസമരങ്ങള്‍ നടന്നതായി ഭരണകൂടവും മാധ്യമങ്ങളും സമര്‍ഥിക്കാന്‍ ശ്രമിക്കുന്നുണ്ട്. പല സ്ഥലങ്ങളിലും അവര്‍ ആഹാരം ചോദിച്ചു ചെന്നതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നു. അതിലെ പരിഹാസ്യത മനുഷ്യാവകാശ പ്രവര്‍ത്തകര്‍ തുറന്നു കാട്ടുന്നു.
പക്ഷേ, പറഞ്ഞുറപ്പിച്ചപോലെ സി.പി.ഐ. (മാവോയിസ്റ്റ്) പശ്ചിമഘട്ടദളമോ മറ്റേതെങ്കിലും ദളമോ പൊലീസ് വാര്‍ത്തകളെ ശരിവെക്കുന്നു. “ഞങ്ങള്‍ അവിടെയുണ്ടായിരുന്നു” എന്ന പത്രപ്രസ്താവനകള്‍ കടന്നുവരുന്നു. കേരളത്തിലെ മാവോയിസ്റ്റ്‌സാന്നിധ്യ-സാധ്യതകളെക്കുറിച്ച് അഭിപ്രായപ്പെടുന്ന മനുഷ്യാവകാശ പ്രവര്‍ത്തകരുടെ വാദമുഖങ്ങള്‍ അപ്പാടെ റദ്ദാക്കപ്പെടുന്നു; ഒപ്പം അവരുടെ വിശ്വാസ്യതയും. കാട്ടില്‍നിന്നുള്ള രൂപേഷിന്റെ വീഡിയോയിലെ സൈനിക യൂണിഫോമും തോക്കും, നഗരാക്രമണങ്ങളില്‍ കല്ലുകളായി പരിണമിക്കുന്ന കഥ മാത്രം അന്തരീക്ഷത്തില്‍ പ്രഹേളികയായി തുടരുന്നു.
ഇത്തരം ആക്രമണങ്ങളുടെ (അഥവാ കല്ലെടുത്തെറിയലുകളുടെ) അവസാനമെന്നോണം അടുത്തകാലത്തായി മാവോയിസ്റ്റ് രൂപേഷും സംഘവും പൊലീസ് “വലയില്‍ വീഴുന്നു”; കോയമ്പത്തൂര്‌നിന്നും. കോയമ്പത്തൂര് വെച്ചല്ല അവരെ അറസ്റ്റ് ചെയ്തതെന്നും ആന്ധ്രാപ്രദേശില്‍നിന്നാണെന്നുമുള്ള ഒരു വാദം എവിടെയൊക്കെയോ തട്ടിത്തടഞ്ഞ് നമുക്ക് മുന്നില്‍ ഒഴുകി നടക്കുന്നുമുണ്ട്.
എന്നാല്‍ കഥ ഇതൊന്നുമല്ല, രൂപേഷിന്റെയും സംഘത്തിന്റെയും അറസ്റ്റിനു പിന്നാലെ പുതിയൊരു “സംഘം” രൂപപ്പെട്ടുവരുന്നുണ്ടെന്നും നിലവിലെ വ്യവസ്ഥിതിയെ അടിമുടി ഉടച്ചുവാര്‍ക്കാന്‍ അവര്‍ പഴയരീതിയില്‍ത്തന്നെ കേരളത്തിലെ ജനകീയസമരങ്ങളില്‍ ഇടപെട്ടുകൊണ്ട് പ്രവര്‍ത്തനം തുടങ്ങുന്നുണ്ടെന്നുമാണ് ചില മാധ്യമങ്ങള്‍ ആവര്‍ത്തിച്ചു പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്നത്. ഏറ്റവും ഒടുവില്‍ ചില പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത വാര്‍ത്ത “പൊന്മുടിയില്‍ മാവോയിസ്റ്റ് സംഘം സന്ദര്‍ശനം നടത്തി” എന്നായിരുന്നു.
“തീവണ്ടി” എന്ന ഫേസ്ബുക്ക് കൂട്ടായ്മയുടെ പേജ്
2015 ജൂലായ് 12-ന്റെ ഈ വാര്‍ത്തയുടെ വിശദാംശങ്ങളിലേക്ക് അല്‍പം കടക്കേണ്ടതുണ്ട്. ഞാനുള്‍പ്പെടെയുള്ള ഇരുപത്തിമൂന്നംഗങ്ങളാണ് ക്വിയര്‍പ്രൈഡ് (ലൈംഗിക ന്യൂനപക്ഷ സ്വാഭിമാനഘോഷയാത്ര) കഴിഞ്ഞ് പൊന്മുടിയാത്ര നടത്തിയത്. തിരുവനന്തപുരത്ത് ക്വിയര്‍ പ്രൈഡില്‍ പങ്കെടുക്കാന്‍ മാത്രമായിരുന്നില്ല “തീവണ്ടി” എന്നപേരിലുള്ള ഞങ്ങളുടെ ഫേസ്ബുക്ക് ഗ്രൂപ്പംഗങ്ങളുടെ ഉദ്ദേശ്യം, മറിച്ച് മറ്റൊരു യാത്രയും പദ്ധതിയിട്ടിരുന്നു.
എന്തായിരുന്നു ഇത്തരത്തിലുള്ള ഒരു വെറും “അടിച്ചുപൊളി”യെ പിറ്റേന്നുള്ള നാലുകോളം ഗമണ്ടന്‍ മാവോയിസ്റ്റ് വാര്‍ത്തയ്ക്കുള്ള സ്‌കോപ്പാക്കി മാറ്റിയത്? അവിടെയാണ് ഏറ്റവും പ്രധാനപ്പെട്ട അപകടം കിടക്കുന്നത്. ഈ യാത്രാസംഘത്തിലെ ബഹുഭൂരിപക്ഷം പേരും അടുത്തകാലത്തായി കേരളത്തില്‍ നടന്നിട്ടുള്ള സമരങ്ങളില്‍ ഐക്യപ്പെടുകയോ അഭിപ്രായങ്ങള്‍ പരസ്യമായി പറയുകയോ അതുമല്ലെങ്കില്‍ ജനകീയസമരങ്ങളില്‍ പങ്കെടുത്തവരോ ഒക്കെയായിരുന്നു എന്നതു തന്നെയാണ് കാരണം.
ഇവരുടെ ഒത്തുചേരലുകളെ ഭയപ്പാടോടെ നോക്കുന്ന രീതിയിലായിരുന്നു പൊലീസ് കെട്ടിച്ചമച്ച (എന്ന് ഞങ്ങള്‍ കരുതുന്ന) പ്രസ്തുത മാവോയിസ്റ്റ് വാര്‍ത്ത. വാര്‍ത്ത വന്നാല്‍പിന്നെ തുടര്‍ന്നുള്ള ചില “കൊളാറ്ററല്‍ ഡാമേജ് ” ഞങ്ങള്‍ക്കുനേരെ ഉണ്ടാവുമല്ലോ, ഉണ്ടാവണമല്ലോ. തിരുവനന്തപുരം നെഹ്‌റു യുവ കേന്ദ്രയിലെ അധ്യാപകനായ സുജിത് ഇ.കെ. അടക്കം ഞങ്ങളില്‍ പലരെയും പൊലീസ് ചോദ്യം ചെയ്യലിനായി വിളിച്ചു. മൂന്നുതവണ സുജിത്തിനെ പൊലീസ് ചോദ്യം ചെയ്യുകയും നാട്ടിലും ജോലിസ്ഥലത്തുമെല്ലാം അന്വേഷണവുമായി എത്തുകയുമുണ്ടായി, പരിസ്ഥിതി പ്രവര്‍ത്തകനും സി.പി.എം. ബ്രാഞ്ച് അംഗവുമാണ് സുജിത്.
പൊന്മുടിക്ക് അടുത്തുള്ള വാഴ്‌വാന്‍തോള്‍ വെള്ളച്ചാട്ടത്തിലാണ് ഞങ്ങള്‍ സന്ദര്‍ശനം നടത്തിയത്, വനംവകുപ്പിന്റെ ഗാര്‍ഡിനൊപ്പം ടിക്കറ്റെടുത്ത് തികച്ചും നിയമപരമായിട്ടായിരുന്നു യാത്ര. ഇപ്പോഴും പലരുടെയും വീടുകളില്‍ പൊലീസ് ഇതേ വാര്‍ത്തയാല്‍ കയറി ഇറങ്ങുന്നുമുണ്ട്. പൊലീസ് കയറിയിറങ്ങിയാല്‍ ഒരു ഗുണമുണ്ട്, മേല്‍ ചൊന്നപോലെ ഒറ്റപ്പെടലിന്റെ ദ്വീപസമൂഹങ്ങളിലേക്ക് ചോദ്യങ്ങളുന്നയിക്കുന്ന യുവാക്കള്‍ ചുരുക്കപ്പെടും.
ഫേസ്ബുക്കിലെ തീവണ്ടി ഗ്രൂപ്പിലും പുറത്തും ഞങ്ങളുടെ ഉദ്ദേശ്യങ്ങള്‍ വ്യക്തമാക്കിക്കൊണ്ട് നിരവധി അറിയിപ്പുകള്‍ നല്‍കുകയും അതിന്റെ അടിസ്ഥാനത്തില്‍ വളരെ പരസ്യമായി ഞങ്ങള്‍ യാത്രചെയ്യുകയും യാത്രയുടെ ഓരോ നിമിഷവും ഫേസ്ബുക്കികളായ ഞങ്ങള്‍ അതേ മാധ്യമത്തിലൂടെ ചിത്രങ്ങളായും സ്റ്റാറ്റസുകളായും ആഘോഷിക്കുകയുമൊക്കെ ചെയ്തിട്ടും മാധ്യമങ്ങളും പൊലീസും ഞങ്ങളുടെ യാത്രയെ “മാവോയിസ്റ്റ് യാത്ര”യാക്കുകയായിരുന്നു. യാത്രയുടെ ഉദ്ദേശ്യമാകട്ടെ “തെക്കന്‍ ജില്ലകളിലേക്കുള്ള മാവോയിസ്റ്റ് വ്യാപനവും!” അതിനായി വാര്‍ത്തകളെന്ന പേരില്‍ പഴയ ബാറ്റന്‍ബോസ് അപസര്‍പ്പക കഥകളെ വെല്ലുന്ന തരത്തിലുള്ള തിരക്കഥാരചനയും!
ക്വിയര്‍ പ്രൈഡില്‍ പങ്കെടുത്തുകൊണ്ട് അന്നേദിവസം തിരുവനന്തപുരം നഗരത്തില്‍ പകല്‍ വെളിച്ചത്തില്‍ ഞങ്ങളെല്ലാം ഉണ്ടായിരുന്നിട്ടും ഫേസ്ബുക്കില്‍ ഈ സ്റ്റാറ്റസായ സ്റ്റാറ്റസൊക്കെ പോസ്റ്റ് ചെയ്തിട്ടും അന്നേദിവസത്തെ ക്വിയര്‍ പ്രൈഡ് വാര്‍ത്തകളുടെ ചിത്രങ്ങളില്‍ ഞങ്ങള്‍ ഉണ്ടായിരുന്നിട്ടും “തെക്കന്‍ ജില്ലകളിലെ മാവോയിസ്റ്റ് സാന്നിധ്യ” വാര്‍ത്തകളിലെ കഥാപാത്രങ്ങളായി ഞങ്ങള്‍ മാറി.
2015 ജൂലൈ 14ന് ദീപിക പ്രസിദ്ധീകരിച്ച വാര്‍ത്ത
എന്താണ് ഈ വാര്‍ത്ത കേരളസമൂഹത്തിനുമുന്നില്‍ തുറന്നുവെക്കുന്ന പാഠം? യാതൊരു ലക്ഷ്യവുമില്ലാതെ മനുഷ്യന്റെ ആനന്ദത്തിനും വിനോദത്തിനും വേണ്ടിയുള്ള യാത്രകള്‍പോലും സംശയത്തോടെ നോക്കിക്കാണുന്ന ഒരു പാരനോയിഡ് സമൂഹമായി നമ്മള്‍ പരിണമിക്കപ്പെടുന്നുവെന്നാണോ? അത്തരത്തിലുള്ള ഒരു പാരനോയിഡ് സമൂഹം ആര്‍ക്ക് ഗുണം ചെയ്യുന്നതാണ്? ചത്തതിനൊക്കുമേ ജീവിച്ചിരിക്കിലും എന്ന മാതിരിയുള്ള ഒരു നിഷ്‌ക്രിയ സമൂഹം വാര്‍ത്തെടുക്കേണ്ടത് ആരുടെ താത്പര്യമാണ്? അതും അതിജീവനത്തിനായി സമരം ചെയ്യേണ്ടിവരുന്ന ഒരു കെട്ടകാലത്ത്; അഥവാ ജീവിക്കുക എന്നതുതന്നെ സമരമാകുന്ന വര്‍ത്തമാന കാലത്ത്.
പൊലീസിന്റെ അനുമാനങ്ങള്‍, മാധ്യമങ്ങളുടെ വാര്‍ത്തകള്‍
2005-ല്‍ ആണ് അന്നത്തെ പ്രധാനമന്ത്രിയായ മന്‍മോഹന്‍സിങ് ഇന്ത്യ നേരിടുന്ന ഏറ്റവും വലിയ ആഭ്യന്തരഭീഷണിയായി മാവോയിസത്തെ വിലയിരുത്തിയത്. അന്നുമുതല്‍ ഭരണകൂടം പടച്ചുവിടുന്ന ഊഹങ്ങളെ കൂട്ടുപിടിച്ച് പൊതുസമൂഹത്തില്‍ ഭീതിപരത്തുന്ന തരത്തിലുള്ള വാര്‍ത്തകള്‍ നിര്‍മിക്കുവാന്‍ മാധ്യമങ്ങള്‍ പരക്കം പായാന്‍ തുടങ്ങി. വെറും മാധ്യമ സെന്‍സേഷന്‍ മാത്രമായിരുന്നില്ല, ഭരണകൂട പ്രീണനവും അതിന്റെ ഭാഗത്തുനിന്നുള്ള നിരവധി ഗുണങ്ങള്‍ കൈപ്പറ്റലും മാധ്യമധര്‍മമായി മാറി. അത്തരം മാധ്യമപ്രചാരണങ്ങളുടെ സാമൂഹികപ്രതിഫലനം ഇന്നും അവസാനിക്കാതെ തുടരുന്നു.
2012-13-ല്‍ കേരള-കര്‍ണാടക അതിര്‍ത്തി ഗ്രാമങ്ങളില്‍ മാവോയിസ്റ്റ് സാന്നിധ്യം ഉണ്ടെന്നും ചില കൃഷിക്കാരും തൊഴിലാളികളും അവരെ കണ്ടെന്നും ഉള്ള വാര്‍ത്ത പുറത്തുവന്നതില്‍ പിന്നെയാണ് കേരളത്തില്‍ മാവോയിസ്റ്റ് സാന്നിധ്യം വെളിവാക്കുന്ന വ്യാജവും അല്ലാത്തതുമായ വാര്‍ത്തകള്‍ മാധ്യമങ്ങളില്‍ നിറഞ്ഞുതുടങ്ങിയത്.
കേരളത്തില്‍ പുറത്തുവന്ന മാവോയിസ്റ്റ് വാര്‍ത്തകള്‍ പലതും അഭ്യൂഹങ്ങളായിരുന്നു എന്ന് പിന്നീട് അതേ മാധ്യമങ്ങളിലൂടെത്തന്നെയോ അല്ലാതെയോ പുറത്തുവന്നിട്ടുണ്ട്. 2013 ഫിബ്രവരിയില്‍ കര്‍ണാടക അതിര്‍ത്തിയില്‍ പൊലീസ് തിരച്ചിലിനെത്തുടര്‍ന്ന് മാവോയിസ്റ്റുകള്‍ കേരളത്തിലേക്ക് കടന്നു എന്ന് ചില മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കിയിരുന്നു. ഈ വാര്‍ത്തയുടെ സോഴ്‌സ് ഏതായിരിക്കും? സ്വാഭാവികമായും കേരള പൊലീസോ കര്‍ണാടക പൊലീസോ മാധ്യമങ്ങളിലൂടെ പുറത്തുവിട്ട വാര്‍ത്തയുടെ നിജസ്ഥിതി അറിയാതെ അതിര്‍ത്തി ഗ്രാമങ്ങള്‍ ഭീതിയുടെ നിഴലില്‍ ജീവിക്കേണ്ടിവന്നു. ഇന്നും അത് തുടരുന്നു.
കേരളത്തില്‍ നടന്ന ജനകീയ സമരങ്ങളിലെല്ലാം മാവോയിസ്റ്റ് സാന്നിധ്യമുണ്ടെന്ന് മാധ്യമങ്ങള്‍ നിരന്തരം വാര്‍ത്തകള്‍ നല്‍കിയിരുന്നു. ചുംബനസമരം ഉള്‍പ്പെടെ മാവോയിസ്റ്റുകള്‍ അട്ടിമറിക്കുകയോ കര്‍തൃത്വം ഏറ്റെടുക്കാന്‍ ശ്രമിക്കുകയോ ചെയ്തതായി നിര്‍മിച്ചെടുത്ത വാര്‍ത്തകളുടെ ധാര്‍മികത എന്തായിരുന്നു?
സ്വാഭാവികമായും മാവോയിസ്റ്റ് അനുഭാവമുള്ളവര്‍ പൊതുപരിപാടിയില്‍ പങ്കെടുക്കുന്നുണ്ട് എന്ന് പൊലീസിന് അറിവ് കിട്ടിയാല്‍ അവരെ അറസ്റ്റുചെയ്യുകയോ ചോദ്യം ചെയ്യുകയോ ചെയ്യുന്നതിനുപകരം ആ പരിപാടിയുടെ രാഷ്ട്രീയം വരെ ചോദ്യം ചെയ്യുന്ന രീതിയില്‍ ജനാധിപത്യ രീതിയില്‍ പരിപാടികള്‍ നടത്തുന്നവരെ മാവോയിസ്റ്റുകളായി ചിത്രീകരിക്കുകയാണ് മാധ്യമങ്ങള്‍ ചെയ്യുന്നത്. ഒടുവില്‍ പുറത്തുവന്ന പൊന്മുടിയില്‍ മാവോയിസ്റ്റുകളുടെ സാന്നിധ്യം എന്ന വാര്‍ത്തപോലും നിര്‍മിക്കപ്പെട്ടതിന്റെ ഉറവിടം സ്വാഭാവികമായും അന്വേഷിക്കണം.
2015 ജൂലൈ 14ന് കൗമുദി പ്രസിദ്ധീകരിച്ച വാര്‍ത്ത
പൊന്മുടി സന്ദര്‍ശിച്ചതിന്റെ കാര്യങ്ങള്‍ സൂചിപ്പിച്ച്, 2015 ജൂലായ് 16-ന് ദീപിക, കേരളകൗമുദി പത്രങ്ങള്‍ പൊന്മുടിയില്‍ മാവോയിസ്റ്റ് സാന്നിധ്യമെന്ന് സംശയിക്കുന്നതായി വാര്‍ത്തകൊടുക്കുകയും പിറ്റേദിവസം വാര്‍ത്തയുടെ സത്യാവസ്ഥ അന്വേഷിക്കാതെ യാത്ര ചെയ്തവര്‍ മാവോയിസ്റ്റുകള്‍ എന്ന് പൊലീസ് സ്ഥിരീകരിച്ചതായും വാര്‍ത്ത നല്‍കി, വനംവകുപ്പിന്റെ അനുവാദത്തോടെ, ഗൈഡിനോടൊപ്പം നടത്തിയ യാത്ര എങ്ങനെയാണ് നിയമലംഘനമാകുന്നത്? യാത്രയില്‍ പങ്കെടുത്തവര്‍ക്ക് ഏതു തരത്തിലുള്ള മാവോയിസ്റ്റു ബന്ധമുണ്ടെന്നാണ് ഈ പത്രങ്ങള്‍ സമര്‍ഥിക്കാന്‍ ശ്രമിച്ചത്?
ഇതുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണങ്ങളില്‍ മാധ്യമങ്ങളില്‍ വന്ന വാര്‍ത്തയുടെ അടിസ്ഥാനത്തിലാണ് പൊലീസ് അന്വേഷണങ്ങള്‍ നടക്കുന്നതെന്നും പൊലീസ് കൊടുത്ത വാര്‍ത്ത മാധ്യമങ്ങള്‍ പ്രസിദ്ധീകരിക്കുക മാത്രമാണ് ചെയ്തതെന്നും രണ്ടു വിഭാഗങ്ങളും പരസ്പരം പഴിചാരിയതായാണ് ഞങ്ങളുടെ അനുഭവം.
പൊലീസിന്റെ അനുമാനങ്ങള്‍ക്കനുസരിച്ച് വാര്‍ത്തകള്‍ നിര്‍മിക്കുന്ന മാധ്യമങ്ങള്‍ അറിഞ്ഞോ അറിയാതെയോ സാമൂഹിക മനുഷ്യാവകാശ പ്രവര്‍ത്തകരെ സംശയത്തിന്റെ നിഴലിലാഴ്ത്തുന്നു. മാവോയിസ്റ്റുകളുടെ സാന്നിധ്യമെന്ന് സംശയിക്കുന്നതായി പുറത്തുവിടുന്ന വാര്‍ത്ത പിറ്റേദിവസംതന്നെ സ്ഥിരീകരിക്കുന്നതായും പലപ്പോഴും നമ്മള്‍ കണ്ടിട്ടുണ്ട്.
ഭരണകൂടം എന്തു നിര്‍ദേശിക്കുന്നുവോ അതിനനുസരിച്ചു മാത്രം പ്രവര്‍ത്തിക്കാന്‍ സജ്ജരാക്കപ്പെട്ടതാണ് പൊലീസ് സേന. ജനാധിപത്യത്തിന്റെ നാലാം തൂണായ മാധ്യമങ്ങള്‍ പക്ഷേ, എന്തുകൊണ്ടാണ് പൊലീസ് പറയുന്നതുപോലെ മാത്രം നിലനില്ക്കാന്‍ ബാധ്യസ്ഥരാകുന്നത്?
മാവോയിസ്റ്റ് അനുഭാവമുള്ളതോ അല്ലെങ്കില്‍ മാവോയിസ്റ്റ് എന്ന പേരില്‍ ചോദ്യം ചെയ്യപ്പെടുകയും പിന്നീട് അല്ലെന്ന് തെളിഞ്ഞ് വെറുതെ വിടുകയും ചെയ്ത ഏതെങ്കിലുമൊരാള്‍ സൗഹൃദവലയത്തിലുണ്ടെങ്കില്‍ അവരോടൊന്നിച്ച് യാത്ര ചെയ്താല്‍ മാവോയിസ്റ്റാകും എന്നാണ് മാധ്യമങ്ങള്‍ പൊന്മുടി വാര്‍ത്ത പടച്ചുണ്ടാക്കിയതിലൂടെ വ്യക്തമാക്കിയത്.
സൗഹൃദങ്ങളുടെ തിരഞ്ഞെടുപ്പ് ഒരു വ്യക്തിയില്‍ മാത്രം നിക്ഷിപ്തമായ ഒന്നാണ്, വ്യക്തി കേന്ദ്രീകൃതമായ തിരഞ്ഞെടുപ്പുകളെ പൊലീസോ മാധ്യമങ്ങളോ ഭരണകൂടമോ നിശ്ചയിക്കുന്നതും നിയന്ത്രിക്കുന്നതും ഫാസിസമാണ്. മാധ്യമങ്ങള്‍ നിര്‍മിച്ചെടുക്കുന്ന മാവോയിസ്റ്റ് വിശേഷണം പലരും തങ്ങളുടെ വ്യക്തിത്വത്തിന് അപമാനമായും പ്രതികൂലമായും ബാധിക്കുമെന്ന ഭയമുള്ളവരാണ്.
മനുഷ്യാവകാശ-സാമൂഹികപ്രവര്‍ത്തകരെക്കാള്‍ അധികം ആദിവാസിസമൂഹം അധാര്‍മിക മാധ്യമപ്രവര്‍ത്തനത്തിന്റെ ഇരകളായിട്ടുണ്ട്. കേരളത്തില്‍ പ്രധാനമായും മാവോയിസ്റ്റുകള്‍ക്കു വേണ്ടിയുള്ള തിരച്ചിലുകള്‍ നടന്നത് പശ്ചിമഘട്ട വനമേഖലകളില്‍ ആണ്. “ആദിവാസി ഊരുകളില്‍ മാവോയിസ്റ്റ് സാന്നിധ്യം” എന്ന പല വാര്‍ത്തകളും ആദിവാസികളെ സംശയത്തിന്റെ നിഴലിലാക്കാനും നിരന്തരം പൊലീസ് നിരീക്ഷണത്തിലാവാനും കാരണമായി.
ശ്യാം ബാലകൃഷ്ണന്‍ ഭാര്യ ഗീതിപ്രിയ
ഇന്റലിജന്‍സ് വിഭാഗത്തിലെ ചിലരെയോ ഭരണകൂടത്തെത്തന്നെയോ തൃപ്തിപ്പെടുത്താന്‍ മാധ്യമങ്ങള്‍ നിര്‍മിച്ചെടുക്കുന്ന എക്‌സ്‌ക്ലൂസീവ് വാര്‍ത്തകള്‍ ഭരണകൂടം പുറത്തുവിടുന്നതിനേക്കാള്‍ ശക്തിയുള്ള ആയുധമാണ്. മാസ് ഹിസ്റ്റീരിയകള്‍ നിര്‍മിക്കുന്ന മാധ്യമായുധത്തിന്റെ പ്രഹരശേഷി ഭരണകൂടത്തിനോ തണ്ടര്‍ബോള്‍ട്ടിനോ ഇല്ല. മാധ്യമങ്ങളില്‍ പുറത്തുവരുന്ന വാര്‍ത്തകളുടെ ഉറവിടം ആരായുന്നത് പലപ്പോഴും എവിടെയും എത്തില്ലെന്ന ധാരണ വാര്‍ത്ത നിര്‍മിക്കുന്നവരില്‍ ഉണ്ട്. ചില മാധ്യമങ്ങള്‍ തങ്ങളുടെ ധാര്‍മികത പണയംവെക്കുന്നതിന്റെ തെളിവാണ് ഇടത്തരം മാവോയിസ്റ്റ് വാര്‍ത്തകള്‍.
താടി, മുടി, മുഷിഞ്ഞ വസ്ത്രം, പട്ടാളസഞ്ചി, പെണ്‍കുട്ടിയുമായി സൗഹൃദം
2015 ഫിബ്രവരി 2-ന് കണ്ണൂര്‍ പഴയ സ്റ്റാന്റ് പരിസരത്തുനിന്ന് രണ്ടു യുവാക്കളെ പൊലീസ് കസ്റ്റഡിയിലെടുക്കാനുള്ള കാരണങ്ങള്‍ ഇതെല്ലാമായിരുന്നു. ഫാസിസ്റ്റുകള്‍ നിശ്ശബ്ദനാക്കാന്‍ ശ്രമിച്ച പെരുമാള്‍ മുരുകന് കണ്ണൂരില്‍ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് നടത്തിയ പരിപാടിയില്‍ പങ്കെടുത്ത് വീട്ടിലേക്ക് മടങ്ങുന്ന വഴിയാണ് ഒരു കാരണവുമില്ലാതെ യുവാക്കളെ പൊലീസ് കസ്റ്റഡിയില്‍ എടുത്തത്.
അന്നേ ദിവസം കൊല്‍ക്കത്തയില്‍ കേരള സംഗീത നാടക അക്കാദമിയുടെ ആഭിമുഖ്യത്തില്‍ നടന്ന ദേശീയ പ്രവാസി നാടകമത്സരത്തില്‍ പങ്കെടുക്കുകയായിരുന്നു ഞാന്‍. കൊല്‍ക്കത്ത കൈരളി സമാജം അവതരിപ്പിച്ച നാടകത്തിന്റെ ആര്‍ട്ട് ഡയറക്ടറായി ജോലി ചെയ്തിരുന്ന എന്നെയാണ് അവര്‍ ആദ്യമായി വിവരം ഫോണിലൂടെ അറിയിച്ചത്. മാധ്യമപ്രവര്‍ത്തകരിലൂടെയും സാമൂഹികപ്രവര്‍ത്തകരിലൂടെയുമെല്ലാം വിഷയം ആരായാന്‍ ഞാന്‍ പലതവണ ശ്രമിച്ചെങ്കിലും വ്യക്തമായ ഒരു ഉത്തരം കിട്ടിയില്ല.
കസ്റ്റഡിയിലെടുത്ത് ഏകദേശം അഞ്ചുമണിക്കൂര്‍ കഴിഞ്ഞതിനുശേഷമാണ് പൊലീസ് വാര്‍ത്ത സ്ഥിരീകരിക്കാന്‍ പോലും തയ്യാറായത്. പൊലീസ് ഹെഡ് ക്വാട്ടേഴ്‌സ് പരിസരത്ത് ദുരൂഹസാഹചര്യത്തില്‍ മുഷിഞ്ഞ വസ്ത്രത്തില്‍ പെണ്‍കുട്ടിയുമായി കണ്ടെന്ന നാട്ടുകാരുടെ പരാതിയെ തുടര്‍ന്ന് ചോദ്യംചെയ്യാന്‍ കസ്റ്റഡിയിലെടുത്തെന്നാണ് പൊലീസ് മാധ്യമങ്ങളോട് പറഞ്ഞത്. കണ്ണൂരില്‍ ജവഹര്‍ ലൈബ്രറിയുടെ പരിസരത്താണ് പൊലീസ് ഹെഡ് ക്വാട്ടേഴ്‌സ്.
ആ പ്രദേശത്ത് വാടകയ്ക്കു താമസിച്ചിരുന്ന ഞങ്ങള്‍ പലപ്പോഴും ലൈബ്രറി പരിസരങ്ങളില്‍ ഇരിക്കുന്നത് പതിവാണ്. വ്യക്തിപരമായ കാരണങ്ങളാല്‍ ഏറെ യാത്ര ചെയ്യേണ്ടിവന്നതിനാല്‍ സ്വാഭാവികമായ ക്ഷീണം അവരുടെ ശരീരത്തില്‍ പ്രകടമായിരുന്നു. ഒന്നോ രണ്ടോ വസ്ത്രങ്ങള്‍ മാത്രം കൈയില്‍ കരുതി ദീര്‍ഘദൂര യാത്ര നടത്തുന്ന ശീലം ഞങ്ങള്‍ക്കുണ്ട്.
പൊലീസുകാരുടെ മാറിമാറിയുള്ള ചോദ്യംചെയ്യലിലെ പ്രധാന ചോദ്യങ്ങള്‍ “നിങ്ങളെന്തിനാണ് യാത്രകള്‍ നടത്തുന്നത്? എന്തിനാണ് പുസ്തകങ്ങള്‍ വായിക്കുന്നത്? എന്തുകൊണ്ട് സമരങ്ങളില്‍ പങ്കെടുക്കുന്നു? പെണ്‍കുട്ടികളുമായ് സൗഹൃദം ഉണ്ടാക്കുന്നത് എങ്ങനെ? രൂപേഷ്, കൂപ്പര്‍, തുഷാര്‍ തുടങ്ങിയവരുമായി നിങ്ങള്‍ക്കുള്ള ബന്ധം?” തുടങ്ങിയവയായിരുന്നു.
ബാഗുകളില്‍നിന്ന് അരുന്ധതി റോയിയുടെ പുസ്തകം “കണ്ടെ”ടുത്തതും ബോബ് മാര്‍ലിയുടെ ഡോക്യുമെന്ററി കണ്ടതുമെല്ലാം പൊലീസിനു യുവാക്കള്‍ മാവോയിസ്റ്റുകള്‍ ആയി മുദ്രകുത്തപ്പെടാന്‍ കാരണമായി. താടിയും മുടിയും വളര്‍ത്തുന്നതും മുഷിഞ്ഞ വസ്ത്രങ്ങള്‍ ധരിക്കുന്നതും ബോബ് മാര്‍ലി സംഗീതം കേള്‍ക്കുന്നതും അരുന്ധതി റോയിയുടെ പുസ്തകങ്ങള്‍ വായിക്കുന്നതും എന്നു മുതലാണ് ഭരണകൂടവിരുദ്ധമായ വിധ്വംസക പ്രവര്‍ത്തനങ്ങളായി മാറിയത് എന്ന് പൊലീസ് വ്യക്തമാക്കേണ്ടതുണ്ട്.
റംസീന
ദേശീയഗാനം രചിച്ച ടാഗോറിന്റെയത്ര താടിയൊന്നും യുവാക്കള്‍ക്ക് ഉണ്ടായിരുന്നില്ല. മാവോയിസ്റ്റുകളുടെ താത്ത്വികാചാര്യന്‍ മാവോ താടിയും മീശയും വളര്‍ത്തിയ ആളായിരുന്നില്ല, ക്ലീന്‍ ഷേവ് ആയിരുന്നു. മുഷിഞ്ഞ വസ്ത്രം ധരിച്ചവര്‍ മാവോയിസ്റ്റാകുമെങ്കില്‍ ചെരിപ്പിടാതെ നടക്കുന്നവരെല്ലാം ഗാന്ധിയനും ആയിരിക്കണമല്ലൊ. താടി വളര്‍ത്തുന്നതോ ഇഷ്ടമുള്ള വസ്ത്രം ധരിക്കുന്നതോ ഒരാളുടെ വ്യക്തിപരമായ തിരഞ്ഞെടുപ്പുകളുടെയും തീരുമാനങ്ങളുടെയും ഭാഗമാണ്.
പതിനഞ്ചു മണിക്കൂറോളം പൊലീസ് കസ്റ്റഡിയില്‍ വെച്ച യുവാക്കളെ രാവിലെയോടെയാണ് വെറുതെവിട്ടത്. മാവോയിസ്റ്റുകള്‍ എന്നതിനു വ്യക്തമായ തെളിവുകള്‍ കിട്ടാതിരുന്ന സാഹചര്യത്തില്‍ വെറുതെ വിടുന്നു എന്നാണ് രാവിലെ പൊലീസ് അറിയിച്ചത്. താടിയും മുടിയും വെട്ടാനും പുതിയ വസ്ത്രങ്ങള്‍ വാങ്ങിക്കാനും ഉപയോഗിക്കുന്നതിനേക്കാള്‍ സിനിമയ്ക്കും പുസ്തകങ്ങള്‍ക്കും യാത്രകള്‍ക്കുമാണ് ഞങ്ങള്‍ പണം കൂടുതലും ഉപയോഗിക്കുന്നത്.
കേരളാ പൊലീസിന് ഞങ്ങളുടെ വസ്ത്രധാരണത്തില്‍ മാവോയിസം കണ്ടെത്തുന്നുണ്ടെങ്കില്‍ പുതിയ വസ്ത്രങ്ങള്‍ വാങ്ങിത്തരുന്നതാവും നന്നാവുക. വിഷയം പുറത്തുവന്നപ്പോള്‍ പലരും ഇത്തരത്തിലുള്ള ബാഹ്യാകര്‍ഷണത്തിലെ മാവോയിസ്റ്റ് സാദൃശ്യത്തില്‍ ഊന്നി ചര്‍ച്ചകള്‍ വളച്ചൊടിച്ചപ്പോള്‍ ഭരണകൂടം ഒന്നുകൂടെ വിജയിച്ചു.
സംഘടനയില്ലാത്ത ഞങ്ങള്‍
പരിസ്ഥിതിക്കും നീതിക്കും വേണ്ടി ജനാധിപത്യരീതിയില്‍ നിലകൊള്ളുന്ന കൂട്ടായ്മയാണ് യൂത്ത് ഡയലോഗ്. മാവോയിസ്റ്റ് ബന്ധമാരോപിച്ച് പൊലീസ് നിരീക്ഷണത്തിലുള്ള പലരും യൂത്ത് ഡയലോഗ് പ്രവര്‍ത്തകരാണ്. മാവോയിസ്റ്റ് യുവജനവിഭാഗത്തിന്റെ കൂട്ടായ്മ എന്നാണ് യൂത്ത്ഡയലോഗിനെ ഭരണകൂടവും ചില മാധ്യമങ്ങളും വിലയിരുത്തുന്നത്. എന്നാല്‍ ജനാധിപത്യ രീതിയില്‍ പരിസ്ഥിതിയുമായും മനുഷ്യാവകാശങ്ങളുമായും ബന്ധപ്പെട്ട നിരവധി വിഷയങ്ങളില്‍ ഇടപെടുന്ന കൂട്ടായ്മയ്ക്ക് മാവോയിസ്റ്റ് പിതൃത്വം കല്‍പ്പിച്ചു കൊടുക്കുന്നത് ഭരണകൂട മാധ്യമകൂട്ടുകെട്ടിന്റെ ഹിഡന്‍ അജന്‍ഡയാണ്.
യൂത്ത് ഡയലോഗിന്റെ പ്രവര്‍ത്തക റംസീന ഉമൈബ, പ്രജില്‍ അമന്‍, അജിലാല്‍, സന്തോഷ്, പ്രജിത് പാലക്കാട്, സ്മിതടീച്ചര്‍ തുടങ്ങി നിരവധി പേര്‍ പല വിഷയങ്ങളിലായി പൊലീസ് നിരീക്ഷണത്തിലാണ്. യൂത്ത്ഡയലോഗിന്റെ നേതൃത്വത്തില്‍ നടന്ന പശ്ചിമഘട്ട സംവാദയാത്രയില്‍ പങ്കെടുത്ത ഏഴാംക്ലാസ് വിദ്യാര്‍ഥിയുടെ വീട്ടിലുള്‍പ്പെടെ പൊലീസ് അന്വേഷണവുമായി എത്തിയിരുന്നു.
റംസീന ഉമൈബ മാവോയിസ്റ്റാണെന്ന വ്യാജപ്രചാരണം മലപ്പുറം രണ്ടത്താണി പ്രദേശത്തു മുഴുവന്‍, പൊലീസ് നടത്തി. പശ്ചിമഘട്ട സംവാദയാത്രയുടെ കണ്‍വീനര്‍ ആയതു മുതലാണ് റംസീനയെ പൊലീസ് പിന്തുടരാന്‍ ആരംഭിക്കുന്നത്. പൊലീസ് അന്വേഷണത്തേക്കാള്‍ നാട്ടുകാര്‍ക്കിടയില്‍ പൊലീസ് പ്രചരിപ്പിച്ച മാവോയിസ്റ്റ് ബന്ധമാണ് ഏറെ അപമാനത്തിനിടയാക്കിയതെന്നാണ് റംസീന പറയുന്നത്.
മലപ്പുറം രണ്ടത്താണി സ്വദേശിയായ മുസ്‌ലിം യുവതി ജീന്‍സും ടോപ്പും ധരിക്കുകയും മുടി ബോയ്കട്ട് ചെയ്തതും തൃശ്ശൂരില്‍ പോയി ഡിഗ്രിപഠനം ചെയ്തതുമെല്ലാം റംസീനയെ മാവോയിസ്റ്റാക്കാന്‍ ഭരണകൂടത്തിന് കാരണങ്ങളായി. റംസീന വീട്ടിലില്ലാത്ത സമയത്ത് താമസിക്കുന്ന വാടകവീട്ടിലും പള്ളിയിലുമെല്ലാം എട്ടുതവണയോളം പൊലീസ് അന്വേഷണവുമായി എത്തിയിരുന്നു.
വാടകവീട് ഒഴിഞ്ഞുകൊടുക്കാന്‍ ഉടമസ്ഥനെക്കൊണ്ട് പൊലീസ് പറയിപ്പിച്ചതായും അറിയാന്‍ കഴിഞ്ഞു. കഴിഞ്ഞ ദിവസം തിരൂര്‍ മലയാളം സര്‍വകലാശാല പ്രവേശന പരീക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയപ്പോള്‍വരെ അന്വേഷണസംഘം റംസീനയെ ചോദ്യംചെയ്തിരുന്നു. നിരന്തരം താന്‍ പങ്കെടുക്കുന്ന പരിപാടികളിലും തന്റെ വീട്ടിലുമെല്ലാം പൊലീസ് നിരീക്ഷണം ശക്തമാണെന്നും ഏതെങ്കിലും രീതിയിലുള്ള വിധ്വംസക പ്രവര്‍ത്തനം താന്‍ ചെയ്തതായി തെളിയിക്കാന്‍ പൊലീസിനാവുന്നില്ലെന്നും റംസീന കൂട്ടിച്ചേര്‍ത്തു.
കാതികുടം സമരത്തില്‍ പങ്കെടുത്ത യൂത്ത് ഡയലോഗിന്റെ ഉള്‍പ്പെടെ നിരവധി മനുഷ്യാവകാശപ്രവര്‍ത്തകരെ പൊലീസ് വേട്ടയാടുന്നത് നീറ്റ ജലാറ്റിന്‍ ഓഫീസ് അക്രമത്തിന്റെ പേരിലാണ്. വ്യക്തമായും മാവോയിസ്റ്റ് ലേബലില്‍നടന്ന അതിക്രമത്തിന്റെ ഉത്തരവാദിത്വം മനുഷ്യാവകാശ പ്രവര്‍ത്തകരുടെമേല്‍ കെട്ടിവെക്കുന്നത് എന്തിന്റെ പേരിലാണ്? പ്ലാച്ചിമട, കൂടംകുളം, കാതികുടം, നില്‍പ്പുസമരം, ഇരിക്കല്‍ സമരം, ചുംബനസമരം, പശ്ചിമഘട്ടം, ക്വാറിസമരങ്ങള്‍, എഫ്.ടി.ടി.ഐ. സമരം തുടങ്ങി ക്വീര്‍പ്രൈഡുവരെ നിരവധി ജനകീയ വിഷയങ്ങളില്‍ ശക്തമായി ഇടപെടാന്‍ യൂത്ത് ഡയലോഗിനായിട്ടുണ്ട്.
സൗഹൃദങ്ങള്‍ക്ക് ഭരണകൂട സെന്‍സര്‍ഷിപ്പ്
മലപ്പുറം ജില്ലയിലെ സര്‍ക്കാര്‍ സ്ഥാപനത്തില്‍ താത്കാലിക ജീവനക്കാരിയായ എന്റെ സുഹൃത്തിന്റെ വീട്ടിലും ഓഫീസിലും വൈസ് പ്രസിഡന്റായ എന്‍.ജി.ഒ-യിലുമെല്ലാം കഴിഞ്ഞ മാസം അവസാനമാണ് പൊലീസ് എത്തി ഭീഷണിപ്പെടുത്തിയത്. മകളുടെ പുതിയ സൗഹൃദം പൊലീസ് നിരീക്ഷണത്തിലുള്ള ചിലരുമായിട്ടാണെന്നും ഡ്രഗ് ഏജന്റുകള്‍ ഉള്‍പ്പെടുന്ന സൗഹൃദത്തില്‍നിന്നും മകളെ മാറ്റിനിര്‍ത്തണമെന്നും പൊലീസ് വീട്ടുകാരോട് ആവശ്യപ്പെട്ടു.
ക്വീര്‍പ്രൈഡിന് കോഴിക്കോട് കടപ്പുറത്തു നടത്തിയ ഐക്യദാര്‍ഢ്യത്തിലാണ് ഞങ്ങളോടൊപ്പം ആദ്യമായി (പേര് പറയാന്‍ പ്രയാസമുണ്ട്) സൗഹൃദത്തിലാവുന്നത്. അതിനുശേഷം ചില വൈകുന്നേരങ്ങള്‍ കോഴിക്കോട് നഗരത്തില്‍ ഞങ്ങള്‍ സുഹൃത്തുക്കളോടൊപ്പം യുവതിയും ഉണ്ടായിരുന്നു. ഞങ്ങളോട് സൗഹൃദത്തിലായി എന്ന കാരണത്താല്‍ മാത്രം യുവതിയെ വേട്ടയാടിയതിലുള്ള യുക്തി എന്താണ്? ഞങ്ങള്‍ക്കിടയില്‍ അന്നെല്ലാം ഉണ്ടായിരുന്നതില്‍ ആരാണ് കൊടും ഭീകരന്‍?
പൊലീസുചാരന്‍ പതിവുപോലെ സൗഹൃദത്തില്‍ പുതിയ മുഖം വരുന്നതുപോലും നിരീക്ഷിക്കാന്‍ സദാചാര ലെന്‍സുമായി പുറകിലുണ്ടായിരുന്നു എന്ന് അനുമാനിക്കാം. അന്വേഷണം നടന്നെന്നതിനാല്‍ ജോലി ഉപേക്ഷിക്കേണ്ടിവന്ന യുവതിയുടെ തീരുമാനത്തിന്റെ ഉത്തരവാദിത്വം ആര്‍ക്കാണ് നല്‍കേണ്ടത്?
യുവതി വൈസ് പ്രസിഡന്റായ എന്‍.ജി.ഒ-യില്‍ പൊലീസ് വിളിച്ച് മാവോയിസ്റ്റ് ചുവയുള്ള ടേപ് ചെയ്ത ഫോണ്‍ സംഭാഷണങ്ങള്‍ കേള്‍പ്പിച്ചെന്നും സര്‍ക്കാര്‍ സ്ഥാപനത്തില്‍നിന്ന് പണം തട്ടിയെടുക്കുക ഉള്‍പ്പെടെയുള്ള ഭീകരപ്രവര്‍ത്തനം നടത്തിയ ആളാണെന്നും ഡ്രഗ് ഉപയോഗം പ്രോത്സാഹിപ്പിക്കുന്നുണ്ടെന്നും ആന്റി ഡ്രഗ് എന്‍.ജി.ഒ. ആയതിനാല്‍തന്നെ ഇത്തരം കാര്യങ്ങള്‍ വന്നതിനാല്‍ എന്‍.ജി.ഒ. ബാന്‍ ചെയ്യുന്നതുള്‍പ്പെടെയുള്ള നടപടി സര്‍ക്കാര്‍ എടുക്കുമെന്നും ആരോപിതയായ അംഗത്തോട് വിശദീകരണം ആരായണമെന്നും പറയുകയുണ്ടായത്രെ.
നിരന്തരം പിന്തുടരുന്ന പൊലീസുസംഘം പുതിയ സൗഹൃദങ്ങള്‍പോലും ഞങ്ങളെപ്പോലുള്ളവര്‍ക്ക് പാടില്ലെന്ന് പറയുന്നതിന്റെ യുക്തി എന്തായിരിക്കും? ഒരാളുടെ വ്യക്തിപരമായ തിരഞ്ഞെടുപ്പുകളുടെ ഭാഗമാണ് അയാളുടെ സൗഹൃദം. രാഷ്ട്രീയത്തേക്കാള്‍ ഉപരി സൗഹൃദത്തെ സൗഹൃദമായി മാറ്റിനിര്‍ത്തണമെന്ന വാദവും പ്രബലമാണ്.
നമ്മുടെ കാഴ്ചപ്പാടുകള്‍ക്ക് വിരുദ്ധമായി ഉള്ളവര്‍ നമ്മുടെ സൈ്വരജീവിതത്തിനും രാഷ്ട്രീയത്തിനും കൂച്ചുവിലങ്ങിടാന്‍ ശ്രമിക്കുന്നുണ്ടെങ്കില്‍ അത്തരം സൗഹൃദം ഉപേക്ഷിക്കണം എന്നത് രാഷ്ട്രീയത്തിന്റെ ഭാഗമാണെന്ന് വ്യക്തിപരമായി വിശ്വസിക്കുന്നു. ഒരേ രാഷ്ട്രീയ കാഴ്ചപ്പാടുകള്‍ ഉള്ളവരുടെ സൗഹൃദമോ അല്ലാത്തതോ ആവട്ടെ അത് നിയന്ത്രിക്കാന്‍ ഭരണകൂടത്തിന് എന്താണവകാശം?
സ്വകാര്യതയ്ക്കും കൂച്ചുവിലങ്ങ്
1964þ-se Kharak Singh Vs. State of UP and Others എന്ന കേസില്‍ സുപ്രീംകോടതിയുടെ നിരീക്ഷണം ഇപ്രകാരമാണ്: “സ്വകാര്യതയ്ക്കുള്ള അവകാശം ഏറ്റവും പരിപാവനവും സംരക്ഷിക്കപ്പെടേണ്ടതുമായ ഒന്നാണ്. നിയമ സംരക്ഷകര്‍ക്ക് വ്യക്തികളുടെ ഈ അവകാശത്തിനുമേല്‍ ഇടപെടണമെങ്കില്‍ വ്യക്തവും ശക്തവും നീതീകരിക്കാവുന്നതുമായ കാരണങ്ങള്‍ നിര്‍ബന്ധമാണ്.
ഒരു വ്യക്തിയുടെ ഭവനം, തൊഴിലിടങ്ങള്‍, കുടുംബജീവിതം എന്നിവിടങ്ങളില്‍ നടത്തുന്ന അന്വേഷണങ്ങള്‍ക്ക് മതിയായ നടപടിക്രമങ്ങള്‍ പാലിക്കേണ്ടതുണ്ട്. സ്വകാര്യതയ്ക്കുമേലുള്ള അന്യായമായ നിരീക്ഷണങ്ങള്‍ അനുവദനീയമല്ല.” കോടതിയുടെ ഈ പ്രഖ്യാപനങ്ങളെ കാറ്റില്‍പറത്തിക്കൊണ്ട് സ്വകാര്യത ഇന്ന് ഭരണകൂടത്തിന്റെ കൈയില്‍ എപ്പോള്‍ വേണമെങ്കിലും തകര്‍ക്കപ്പെടാവുന്ന ഒന്നായി മാറിയിരിക്കുന്നു.
അറസ്റ്റ് ചെയ്യുകയോ ചോദ്യംചെയ്യാന്‍ വിളിപ്പിക്കയോ രണ്ടായാലും ചോദ്യംചെയ്യാന്‍ തുടങ്ങുന്നതുതന്നെ മൊബൈല്‍ വാങ്ങിച്ച് കാള്‍ലിസ്റ്റുകളും മെസേജുകളും ഗാലറി തുറന്ന് ചിത്രങ്ങളും നോക്കിക്കൊണ്ടാവുമെന്ന് പലരും എന്നോട് പറഞ്ഞിട്ടുണ്ട്. ഇ-മെയില്‍ പാസ്‌വേര്‍ഡും സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ് സൈറ്റുകളുടെ പാസ്‌വേര്‍ഡുകളുമെല്ലാം നിര്‍ബന്ധപൂര്‍വം വാങ്ങിക്കുകയെന്നതാണ് ചോദ്യംചെയ്യലിന്റെ അടുത്ത ഘട്ടം. ഗാലറിയില്‍ പെണ്‍കുട്ടികളുടെ ചിത്രങ്ങളോ യാത്രകളുടെ ചിത്രങ്ങളോ കണ്ടുകഴിഞ്ഞാല്‍ പൊലീസിന് വലിയ എന്തോ തെളിവു കിട്ടിയതിനു തുല്യമാണ്.
കന്യകയാണോ എന്നതും പ്രണയത്തിന്റെയും ലൈംഗികതയുടെയും സൗഹൃദങ്ങളുടെയും എല്ലാ വിവരങ്ങളും പൊലീസുമായി പങ്കുവെക്കണം പോലും. സ്വകാര്യത പുറത്തുവിടാന്‍ വിമുഖത കാണിച്ചാല്‍ കഞ്ചാവുള്‍പ്പെടെയുള്ള ഏതെങ്കിലും കേസില്‍വരെ പ്രതിയാക്കി വിഷയം മാറ്റിമറിക്കുമെന്നുവരെ പൊലീസുകാര്‍ പല സുഹൃത്തുക്കളേയും ഭീഷണിപ്പെടുത്തിയിട്ടുണ്ട്. ഭരണകൂടവും പൊലീസും ചോദ്യംചെയ്യല്‍ എന്ന പേരില്‍ നടത്തുന്ന സദാചാര ഗുണ്ടായിസം എത്രത്തോളം ഭീകരമാണെന്ന് പരാമര്‍ശിച്ചാല്‍ അവസാനം ഉണ്ടാവില്ല.
പൊലീസും മാധ്യമങ്ങളും മാവോയിസ്റ്റെന്ന പട്ടം ചാര്‍ത്തി നല്‍കിയ കൂട്ടുകാരന് രണ്ടുവര്‍ഷങ്ങള്‍ക്ക് മുന്‍പുണ്ടായ ഒരു അനുഭവമാണ് താഴെ ചേര്‍ക്കുന്നത്. സാങ്കേതിക കാരണങ്ങളാല്‍ അവന്റെ പേരും മറ്റ് വിശദാംശങ്ങളും വെളിപ്പെടുത്താന്‍ നിര്‍വാഹമില്ല.
ആരോ പിന്തുടരുന്നുണ്ടെന്ന ഭീതി, സ്വന്തം നിഴല്‍പോലും തോക്കേന്തിയ വേട്ടക്കാരനാണെന്ന ഇരയുടെ അരക്ഷിതവും നിസ്സഹായവുമായ അവസ്ഥ തിരിച്ചറിയുന്നത് കൂട്ടുകാരിലൂടെയാണ്. രണ്ട് സുഹൃത്തുക്കള്‍ക്കൊപ്പം എറണാകുളത്തേക്ക് യാത്ര പോകുമ്പോഴാണ് ഇത്തരത്തിലുള്ള ഭീതിയെ ഞാന്‍ ആദ്യമായി ആഴത്തില്‍ അടുത്തറിയുന്നത്.
കാതികുടം സമരത്തിലടക്കം പങ്കെടുത്ത യൂത്ത് ഡയലോഗിന്റെ സജീവപ്രവര്‍ത്തകനായ ഒരു സുഹൃത്ത് ആ യാത്രയിലുടനീളം അസ്വസ്ഥനായിരുന്നു. ഭ്രാന്തിന്റെ വക്കോളമെത്തുന്ന അവന്റെ പെരുമാറ്റങ്ങളെ നിയന്ത്രിക്കാന്‍ ഞാനും മറ്റേ സുഹൃത്തും വല്ലാതെ പാടുപെട്ടു. മഹാരാജാസ് കോളേജില്‍നിന്നും സുഹൃത്തിനെ കണ്ടുമടങ്ങുന്ന വഴി ബസ്‌സ്റ്റോപ്പിന്റെ അരികിലിരുന്നുകൊണ്ട് അപ്രതീക്ഷിതമായി അവന്‍ പൊട്ടിക്കരയുകയും വീട്ടില്‍ പോയി ഉമ്മയെ കാണണം എന്ന് പറയുകയും ചെയ്തപ്പോള്‍ എന്താണ് കാര്യമെന്നറിയാതെ ഞങ്ങള്‍ പകച്ചുപോയി.
ചേര്‍ത്തുനിറുത്തി കെട്ടിപ്പിടിച്ച് അവനെ സമാധാനിപ്പിച്ചപ്പോള്‍ പതിയെ അവന്‍ നേരിട്ടുകൊണ്ടിരിക്കുന്ന ഭയങ്ങളെക്കുറിച്ച് സംസാരിക്കാന്‍ തുടങ്ങി. അവന്‍ പങ്കെടുക്കുന്ന എല്ലാ പരിപാടികളിലും ചടങ്ങുകളിലും എന്തിനേറെ സിനിമാതിയേറ്ററിലും മൂത്രപ്പുരയിലുംവരെ പൊലീസിന്റെ സാന്നിധ്യമുള്ളതായി അവന്‍ പറഞ്ഞു. ഏറ്റവും ഒടുക്കം, ഇറ്റ്‌ഫോക്ക് (ഇന്റര്‍നാഷണല്‍ തിയേറ്റര്‍ ഫെസ്റ്റിവല്‍ ഓഫ് കേരള) നടക്കുമ്പോള്‍ തന്നെ പിന്‍തുടര്‍ന്ന് ചോദ്യം ചെയ്യാനെത്തിയ ഐ.ബി. ഉദ്യോഗസ്ഥന്റെ സാന്നിധ്യം തന്നെ മാനസികമായി തളര്‍ത്തിക്കളഞ്ഞതായി അവന്‍ പറഞ്ഞു.
“”ചോദ്യംചെയ്യലുകൊണ്ടോ സംശയനിവാരണംകൊണ്ടോ തീരുന്ന പ്രശ്‌നത്തിലൂടെയല്ല താനിപ്പോള്‍ കടന്നുപോകുന്നതെന്നും നിരത്തില്‍, ബസ്സില്‍, കാറില്‍, ഓട്ടോയില്‍ അങ്ങനെ ഏത് മുക്കിലും മൂലയിലും അപരിചിതനായ ഏതൊരു മനുഷ്യനും തന്നെ പിന്‍തുടരുകയും നിരീക്ഷിക്കുകയും ചെയ്യുന്നതായി എനിക്ക് തോന്നുന്നു, ഒരു പേര് ഒരു മുസ്‌ലിം നാമമായതുകൊണ്ട് മാത്രം ചിലപ്പോള്‍ ഒരു ഫെയ്ക്ക് എന്‍കൗണ്ടറിനാല്‍ കൊല്ലപ്പെടുന്നതായി ഞാന്‍ ദുഃസ്വപ്നങ്ങള്‍ കാണുകയും ചുറ്റുപാടുകളെ ഭയക്കുകയും ചെയ്യുന്നു…”” എന്നവന്‍ പറഞ്ഞ് നിലവിളിക്കുകയും ആര്‍ത്തലച്ച് കരയുകയും ചെയ്തു. ഏകദേശം ഒരു രണ്ടുമണിക്കൂറെടുത്ത് അവനെ ശരിയാക്കി വീട്ടിലേക്ക് തിരിച്ചയച്ചശേഷം ഞാന്‍ എന്റെ വീട്ടിലേക്കും മറ്റേ സുഹൃത്ത് തൃശ്ശൂരിലേക്കും തിരിച്ചുപോയി.
അകാരണമായി മാവോയിസ്റ്റ് മുദ്രചാര്‍ത്തി പൊലീസ് കസ്റ്റഡിയിലെടുത്ത് വിട്ടയച്ചശേഷം അവന്‍ അനുഭവിച്ചതിന് സമാനമായ ഭീതിയിലൂടെയാണ് സോളമന്‍ (പേര് യഥാര്‍ഥമല്ല) കടന്നുപോയത്. പൊലീസ് കസ്റ്റഡിക്കുശേഷം പതിച്ചുകിട്ടിയ മാവോയിസ്റ്റ് ടാഗ്മൂലം വീടിന് പുറത്തേക്കിറങ്ങുക എന്നത് ദുസ്സഹമായിരുന്നു.
ഷഫീക്ക്, ദിവ്യ
കോഴിക്കോടിന്റെ വടക്കുള്ള സോളമന്റെ വീടിന്റെ പരിസരപ്രദേശങ്ങള്‍ തികച്ചും ഒരു ശത്രുവിനെപ്പോലെയാണ് പൊലീസ് കസ്റ്റഡിക്ക്‌ശേഷം പെരുമാറിയത്. പൊലീസ് നാടുനീളെ ദിവസങ്ങളോളം നടന്ന് അന്വേഷണമെന്ന വ്യാജേന തീവ്രവാദിയാണെന്നു പ്രചരിപ്പിച്ചു.
വീട്ടുകാരെയും സഹോദരിയെയുമെല്ലാം നിരന്തരമായി വഴിയില്‍ തടഞ്ഞുനിര്‍ത്തുന്നതും സോളമന്റെ പേരും പറഞ്ഞ് അപമാനിക്കുന്നതും നാട്ടുകാര്‍ ഒരു വിനോദമായി എടുത്തു എന്ന് വേണമെങ്കില്‍ പറയാം. എന്തെങ്കിലും അത്യാവശ്യത്തിന് പുറത്തേക്ക് പോകേണ്ടി വരുമ്പോള്‍ തടഞ്ഞുനിറുത്തലിനും നിരന്തരമായ ചോദ്യംചെയ്യലിനും ചെറുതല്ലാത്ത കായികാക്രമണത്തിനും അവന്‍ ഇടയ്ക്കിടയ്ക്ക് വിധേയനായിക്കൊണ്ടിരുന്നു.
സമൂഹത്തില്‍ നടക്കുന്ന വിവിധ പ്രശ്‌നങ്ങളോട്, ആശയങ്ങളോട് സംവദിക്കാനും ഇടപെടാനും പുതിയ കാലത്തിന്റെ മീഡിയയായ സൈബര്‍ സ്‌പെയ്‌സിനെ ഉപയോഗിക്കുന്നതുകൊണ്ട് സോളമന്റെ ഫെയ്‌സ്ബുക്ക് സ്റ്റാറ്റസുകള്‍ ചോദ്യംചെയ്യലുകള്‍ക്കും അപമാനിക്കലുകള്‍ക്കും ആക്കം കൂട്ടി.
മാവോയിസ്റ്റെന്ന് ചാപ്പ കുത്താന്‍ പൊലീസുകാര്‍ ഉപയോഗിച്ച അവന്റെ യാത്രയ്ക്കുവേണ്ടി മാത്രമുള്ള യാത്രകളും ഫെയ്‌സ്ബുക്ക് സ്റ്റാറ്റസ്സുകളും നാട്ടുകാര്‍ക്കുകൂടി പ്രശ്‌നമായെന്ന് തിരിച്ചറിയാന്‍ തുടങ്ങി. ഈ തിരിച്ചറിവ് വല്ലാത്തൊരു നിസ്സംഗതയിലേക്ക് ഉള്‍വലിയാന്‍ അവനെ പ്രേരിപ്പിച്ചു. യഥാര്‍ഥ ലോകത്തുനിന്നും സൈബര്‍ സ്‌പെയ്‌സില്‍നിന്നും ശരിക്കും ഒളിച്ചോടി, ഏകദേശം ഒരു മൂന്നുമാസക്കാലം വീട്ടില്‍നിന്നും പുറത്തിറങ്ങാതെ കഴിച്ചുകൂട്ടുക എന്ന ദുസ്സഹമായ അവസ്ഥയിലേക്ക് സോളമന്‍ എത്തിച്ചേരുകയായിരുന്നു. കൂട്ടുകാരുമായും പരിചയക്കാരുമായും തീര്‍ത്തും ഒറ്റപ്പെട്ട് വീടെന്ന ജയിലിനകത്ത് മൂന്നുമാസക്കാലം അവന്‍ കഴിച്ചുകൂട്ടി. ഈ മൂന്നുമാസക്കാലം ശരിക്കും റഹ്മാന്‍ അനുഭവിച്ച ഭീതി സോളമനിലൂടേയും കടന്നുപോവുകയായിരുന്നു.
വായനയെയും സിനിമയെയും ഏറെ ഇഷ്ടപ്പെട്ടിരുന്ന സോളമന് വീട്ടിലെ ഏകാന്തവാസം മടുപ്പും ദേഷ്യവും സൃഷ്ടിച്ചു തുടങ്ങി. പഠിക്കുന്ന കാലത്തും അല്ലാത്തപ്പോഴും ഒരു ദിവസം നാലഞ്ച് സിനിമയൊക്കെ കുത്തിയിരുന്ന് കണ്ടിരുന്ന അവന് സിനിമകളും പുസ്തകങ്ങളുമില്ലാത്ത ലോകം അരസികവും ചേതനയറ്റതുമായി അനുഭവപ്പെട്ടു. മടുപ്പിന്റെയും ഭയത്തിന്റെയും ലോകത്തുനിന്നും താത്കാലികമായെങ്കിലും പുറത്ത് കടക്കാന്‍ നഗരത്തിലേക്കൊരു യാത്രയും ഒരു സിനിമയും അവന്റെ അക്കാലത്തെ പ്രധാന ആവശ്യങ്ങളിലൊന്നായി മാറി.
പൊലീസ് കസ്റ്റഡിക്കും നാട്ടുകാരുടെ ശത്രുതാമനോഭാവത്തോടെയുള്ള പെരുമാറ്റത്തിനും ശേഷം വീട്ടില്‍നിന്നു പുറത്തിറങ്ങാന്‍ വീട്ടുകാര്‍ സമ്മതിച്ചിരുന്നില്ല. തത്കാലം, അവരെ കൂടുതല്‍ വേദനിപ്പിക്കണ്ടാ എന്ന തീരുമാനത്തില്‍ ആഗ്രഹത്തെ പരമാവധി നീട്ടിക്കൊണ്ടുപോകാന്‍ ശ്രമിക്കുകയുംചെയ്തു. ഒടുക്കം നഗരത്തിലേക്കുള്ള ഒരു യാത്രയും അതിനൊടുവിലുള്ള ഒരു സിനിമാക്കാഴ്ചയും അടിസ്ഥാന ആവശ്യങ്ങളിലൊന്നായി തോന്നിത്തുടങ്ങിയപ്പോള്‍ സോളമന്‍ വീട്ടുകാരുടെ സമ്മതപ്രകാരം നാളുകള്‍ക്കുശേഷം ഒരു സിനിമയ്ക്ക് പോയി.
ടിക്കറ്റ് കൗണ്ടറിന് മുമ്പില്‍ നില്‍ക്കുമ്പോള്‍ തീര്‍ത്തും അപരിചിതനായ ഒരു മനുഷ്യന്‍ ടിക്കറ്റെടുത്ത് തരാം എന്ന ആവശ്യവുമായി രംഗത്ത് വന്നു. പറെഞ്ഞാഴിയാന്‍ നോക്കിയപ്പോള്‍ ചില്ലറയില്ലാത്തത് കൊണ്ടാണെന്നും താനെടുത്തോളാം ടിക്കറ്റെന്നും പറഞ്ഞ് അയാള്‍ സോളമനുകൂടി ടിക്കറ്റെടുത്തു.
ടിക്കറ്റിന്റെ പൈസ അയാള്‍ക്ക് തിരിച്ചുകൊടുത്തശേഷം സോളമന്‍ സിനിമ കാണാനായി തിയേറ്ററിനകത്തേക്ക് കയറി. സിനിമ തുടങ്ങി, നാലഞ്ച് മിനുട്ട് കഴിഞ്ഞപ്പോള്‍ ആ അപരിചിതനായ മനുഷ്യന്‍ സോളമന്റെ അടുത്ത് വന്നിരുന്നു. അടുത്തിരിക്കുന്ന ആളെ ചെറിയൊരു സംശയത്തോടെയും ഭയത്തോടെയും നോക്കേണ്ട മാനസികാവസ്ഥയിലായതിനാല്‍ ആദ്യമൊന്നും സിനിമയിലേക്ക് ശ്രദ്ധിച്ചില്ല. പിന്നീട് സിനിമയിലേക്ക് തിരിച്ചുകയറാന്‍ ഒട്ടും കഴിയാതെ വന്നപ്പോള്‍ കുറച്ചുനേരം കൂടി തിയേറ്ററില്‍ ഇരുന്നശേഷം സിനിമയെ പാതിവഴിയിലുപേക്ഷിച്ച് പുറത്തേക്കിറങ്ങി.
സോളമന്റെ പിറകെ നിഴലുപോലെ, അപരിചിതനായ ആ മനുഷ്യനും പുറത്തേക്കിറങ്ങി. കുറച്ചു നേരം പിറകെ നടന്നശേഷം അയാള്‍ തിയേറ്ററിന്റെ ഗേറ്റ് കടക്കുകയും പുറത്ത് നിറുത്തിയിട്ടിരുന്ന പൊലീസ് ജീപ്പിന് നേരെ നടക്കുകയും ചെയ്തു. മേലുദ്യോഗസ്ഥനെ നോക്കിക്കൊണ്ട് അപരിചിതനായ ആ മനുഷ്യന്‍ ജീപ്പിലേക്ക് കയറി. ഭീകരമായ ഭയത്തിലേക്കും അരക്ഷിതബോധത്തിലേക്കും സോളമനെ തള്ളിവിട്ടശേഷം അപരിചിതനായ ആ പൊലീസുകാരനും ജീപ്പും അകലങ്ങളിലേക്ക് പാഞ്ഞുപോയി.
ശരീരവും മനസ്സും മുഴുവന്‍ പേടിയും അരക്ഷിതബോധവുമായി അവന്‍ വീട്ടിലേക്ക് തിരിച്ചുകയറി. അന്ന്, അപരിചിതനായ ആ പൊലീസുകാരന്‍ ഏല്‍പ്പിച്ച ഭയത്തിന്റെ ആഘാതത്തില്‍നിന്നും പുറത്തുവരാന്‍ ഒന്നര മാസത്തോളമെടുത്തു. ആദ്യത്തെ പൊലീസ് കസ്റ്റഡിക്കും ഈ അനുഭവത്തിനും ശേഷം മാസങ്ങള്‍ക്കുശേഷമാണ് സോളമന്‍ സാധാരണനിലയിലേക്ക് തിരിച്ചെത്തിയത്. അകാരണമായി ഭീതിയും മാനസികവിഭ്രാന്തിയും സൃഷ്ടിച്ച് നഷ്ടപ്പെടുത്തിയ ദിവസങ്ങളെക്കുറിച്ച് അവന്‍ ആരോടാണ് പരാതി പറയേണ്ടത്?
യാത്ര ചെയ്യുന്നതും ഫെയ്‌സ്ബുക്ക് സ്റ്റാറ്റസ് ഇടുന്നതും സിനിമ കാണുന്നതും പുസ്തകം വായിക്കുന്നതും മാവോയിസ്റ്റാകാനുള്ള മാനദണ്ഡമായിക്കണ്ട് മാനസികമായി വേട്ടയാടിയ കേരള പൊലീസ് ഫാസിസത്തിന്റെ മൂര്‍ത്തരൂപമാണെന്ന് പറയാതെ വയ്യ. ഇപ്പോഴിരുന്ന് കഴിഞ്ഞ കാര്യങ്ങളെക്കുറിച്ച് ആലോചിക്കുമ്പോഴും അവന്‍ ഭയക്കാറുണ്ട്.
കാര്യമായി ഇടപെടലുകളൊന്നും നടത്തിയിട്ടില്ലാത്ത സാധാരണക്കാരനെ ഇങ്ങനെയാണ് പൊലീസ് വേട്ടയാടുന്നതെങ്കില്‍ ജനകീയ സമരങ്ങളിലും മറ്റു മനുഷ്യാവകാശപ്രശ്‌നങ്ങളിലും നിരന്തരം ഇടപെടുന്ന ആളുകളെ പൊലീസ് എപ്രകാരമായിരിക്കും ഭീതിവിതച്ച് ഇല്ലായ്മ ചെയ്യുക എന്നോര്‍ത്ത് ശരിക്കും പേടിയാകുന്നുണ്ട്. കൊല്ലത്ത് മാവോയിസ്റ്റ് എന്ന പേരില്‍ അറസ്റ്റ് ചെയ്ത യുവാവിന്റെ അമ്മ തീക്കൊളുത്തി ആത്മഹത്യ ചെയ്തത് ഈയടുത്താണ്.
ഭരണകൂടത്തിന്റെയും മാധ്യമങ്ങളുടെയും അധാര്‍മിക സാങ്കല്‍പ്പിക കഥകളുടെ ശേഷിപ്പുകള്‍ ഇന്നും പല യുവാക്കളും അനുഭവിക്കുന്നുണ്ട്, നേരിട്ടു പരിചയമുള്ള ചില സന്ദര്‍ഭങ്ങള്‍ കൂട്ടിച്ചേര്‍ത്തത് ചെറുതു മാത്രം. ആദിവാസികളും ദളിതരും മുസ്‌ലിങ്ങളും ഉള്‍പ്പെടെ നിരവധി ആളുകള്‍ ഇപ്പോഴും പല തരത്തിലുള്ള അപനിര്‍മിതികളുടെയും നിരീക്ഷണങ്ങളുടെയും ഭാഗമായി ജയിലുകളിലും ഏകാന്തതടവുകളിലും കഴിയുന്നുണ്ട്. മാവോയിസ്റ്റുകളോട് യോജിക്കാനാവാത്തതിന്റെ കാരണങ്ങളില്‍ ഒന്ന് ഇതും കൂടിയാണ്.
പലതരത്തിലുള്ള ജനാധിപത്യ സമരങ്ങളെയും അട്ടിമറിക്കാനും കര്‍തൃത്വം ഏറ്റെടുക്കാനും രാവന്തിയോളം കഷ്ടപ്പെടുന്ന ഇവര്‍ ഇത്തരത്തിലുള്ള പല നിരപരാധികളായ യുവാക്കളും അറസ്റ്റിലാവുന്നതിനു കാരണക്കാരാണ്. പ്രഖ്യാപിത മാവോയിസ്റ്റുകള്‍ പ്രത്യേക വിഭാഗത്തില്‍ പെടുന്നവരാണ്. പൊലീസ് ഏതെങ്കിലുമൊരു വിഷയത്തില്‍ അവരെ കസ്റ്റഡിയിലെടുത്താല്‍ പൊടുന്നനെ രൂപമാറ്റം സംഭവിച്ച് നിമിഷങ്ങള്‍ക്കകം അവര്‍ മനുഷ്യാവകാശ പ്രവര്‍ത്തകര്‍ മാത്രമാകുന്നു. മാവോയിസ്റ്റുകളുടെ മനുഷ്യാവകാശം സംരക്ഷിക്കണം, തീര്‍ച്ച.
രൂപേഷിന്റെയും സംഘത്തിന്റെയും അറസ്റ്റിനുശേഷം അവര്‍ തടവറയില്‍ നേരിടേണ്ടിവരുന്ന മനുഷ്യാവകാശധ്വംസനങ്ങളെ ഞങ്ങളും ചോദ്യംചെയ്യുന്നുണ്ട്, അത് ഞങ്ങള്‍ മാവോയിസ്റ്റുകള്‍ ആയതിനാല്‍ ആണോ? ക്വീര്‍ പ്രൈഡില്‍ പങ്കെടുത്തവര്‍ എല്ലാം സ്വവര്‍ഗാനുരാഗികള്‍ ആണെന്ന പത്രവാര്‍ത്തപോലെയാണ് ഈ വാദവും.
ആദിവാസി സമരങ്ങള്‍ അഥവാ മാവോയിസ്റ്റ് സമരങ്ങള്‍
പഠന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വയനാട്, മേപ്പാടിയിലെ ഭൂസമര വേദി സന്ദര്‍ശിച്ചതിനെ തുടര്‍ന്നാണ് അഡ്വ. ദിവ്യ, മാധ്യമപ്രവര്‍ത്തകന്‍ എച്ച്. ഷഫീക്, വിദ്യാര്‍ഥി മാസിക പ്രവര്‍ത്തകരായ ലിജുകുമാര്‍, കെ.കെ. സിസിലു, ഡെല്‍സണ്‍ തുടങ്ങിയവരെ ഭരണകൂടം മാവോയിസ്റ്റുകളാക്കി ചിത്രീകരിച്ചത്. കോഴിക്കോട്ടുനിന്നും പ്രസിദ്ധീകരിക്കുന്ന പ്രസാധക സംരംഭമായ “വിദ്യാര്‍ത്ഥി പബ്ലിക്കേഷന്‍സ്” പുറത്തിറക്കുന്ന “കേരളത്തിലെ സമരഭൂമികള്‍” എന്ന പുതിയ പുസ്തകത്തിനായുള്ള വിവരങ്ങള്‍ ശേഖരിക്കുക എന്നതായിരുന്നു യാത്രാസംഘത്തിന്റെ ഉദ്ദേശ്യം.
മുത്തങ്ങ ഭൂസമരത്തിനു ശേഷം വയനാട്ടില്‍ നടന്ന പ്രധാനപ്പെട്ട ഭൂസമരങ്ങളില്‍ ഒന്നായിരുന്നു മേപ്പാടി വിത്തുകാട് ഭൂസമരം. സി.പി.ഐ.(എം.എല്‍) ന്റെ നേതൃത്വത്തില്‍ നടന്ന സമരസ്ഥലത്ത് ചെന്നതിനെ തുടര്‍ന്ന് 24 മണിക്കൂറാണ് പൊലീസ് കസ്റ്റഡിയില്‍ ചോദ്യം ചെയ്യലുകള്‍ക്കും മാനസിക പീഡനങ്ങള്‍ക്കും യാത്രാസംഘം വിധേയരാകേണ്ടി വന്നത്.
കേരളത്തില്‍ മാവോയിസ്റ്റുകള്‍ പ്രധാനമായും പ്രവര്‍ത്തിക്കുന്നത് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ എന്ന ലേബലിലാണെന്നും ഭൂസമരങ്ങളില്‍ എത്തിച്ചേരുന്ന, ഐക്യദാര്‍ഢ്യം നടത്തുന്ന എല്ലാവരെയും മാവോയിസ്റ്റുകളായി സംശയിക്കാന്‍ ഇത് കാരണമാകുന്നുവെന്നുമാണ് പൊലീസ് ഭാഷ്യം. അറസ്റ്റ് ചെയ്ത് മാവോയിസ്റ്റുകളാണെന്നതിന് ഒരു തെളിവും കണ്ടെത്താന്‍ പൊലീസിനു കഴിയാതിരുന്ന സാഹചര്യത്തില്‍ ഇവരുടെ വീടുകളും ഓഫീസുമെല്ലാം പൊലീസ് പ്രതികാരനടപടി എന്നോണം റെയ്ഡ് നടത്തുകയും പുസ്തകങ്ങളും ലാപ്‌ടോപ്പുള്‍പ്പെടെ പിടിച്ചെടുക്കുകയും ഉണ്ടായി.
നാടുകളിലും വീടുകളിലും മാവോയിസ്റ്റുകള്‍ അല്ലെങ്കില്‍ തീവ്രവാദികള്‍ എന്ന പട്ടം ചാര്‍ത്തി അപമാനിക്കുന്നതിലും പൊലീസ് ആനന്ദം കണ്ടെത്തി. ഇന്നും ഷഫീക്, ദിവ്യ ഉള്‍പ്പെടെയുള്ള മനുഷ്യാവകാശ പ്രവര്‍ത്തകര്‍ പങ്കെടുക്കുന്ന പരിപാടികളിലും ജോലി ചെയ്യുന്ന ഓഫീസുകളിലുമെല്ലാം പൊലീസ് നിരീക്ഷണം ശക്തമാണ്. കേരളത്തിലെ മനുഷ്യാവകാശ പ്രവര്‍ത്തനങ്ങളും ജനകീയ സമരങ്ങളുമെല്ലാം മാവോയിസ്റ്റുകളെ വാര്‍ത്തെടുക്കുന്നതിനു വേണ്ടിയാണെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍.
സമരോത്സുക ജനതയെ ഭീഷണിപ്പെടുത്തി പിന്തുടര്‍ന്ന് അതുവഴി ഇത്തരം ജനകീയ മുന്നേറ്റങ്ങളെ ഇല്ലാതാക്കാന്‍ കഴിയും എന്നാണ് ഭരണകൂടം കണക്കാക്കിപ്പോരുന്നത്. മനുഷ്യാവകാശ ധ്വംസനങ്ങള്‍ക്കു നേരെ പ്രതികരിക്കുന്ന ജനതയെ ഇല്ലാതാക്കാന്‍ ഭരണകൂടം കാണിക്കുന്ന ആര്‍ജവം പ്രഖ്യാപിത മാവോയിസ്റ്റുകളെ പിടികൂടുന്നതില്‍ കാണിക്കാത്തത് എന്തുകൊണ്ടായിരിക്കും എന്നത് പലരുടെയും തീരാത്ത സംശയം തന്നെയാണ്. ”
ജൈവകൃഷി, മാവോയിസം ഒരു അജൈവികബന്ധം
2014 മെയ് 20-ന് വൈകുന്നേരം വീടിനടുത്തുള്ള കടയില്‍ സാധനങ്ങള്‍ വാങ്ങാന്‍പോയ ജൈവകര്‍ഷകനും മനുഷ്യാവകാശ പ്രവര്‍ത്തകനുമായ ശ്യാം ബാലകൃഷ്ണനെ തണ്ടര്‍ബോള്‍ട്ട് കാരണങ്ങളില്ലാതെ തോക്കുചൂണ്ടി കസ്റ്റഡിയിലെടുത്തു. സ്റ്റേഷനിലെത്തിച്ച് ശ്യാമിനെ വിവസ്ത്രനാക്കി ദേഹപരിശോധന നടത്തുകയും ശേഷം വീട്ടില്‍ തെളിവെടുപ്പിനെന്ന പേരില്‍ എത്തിക്കുകയും ശ്യാമിന്റെയും ഭാര്യയുടെയും മൊബൈല്‍ഫോണുകളും ലാപ്‌ടോപ്പുകളും പിടിച്ചെടുക്കുകയുമുണ്ടായി.
മണിക്കൂറുകളോളം പൊലീസ് സൃഷ്ടിച്ചെടുത്ത ഭീകരാന്വേഷണത്തിനു കാരണം എന്താണ്? ആരാണ് ശ്യാം ബാലകൃഷ്ണന്‍? മാവോയിസ്റ്റ് ആശയങ്ങളെ ശക്തമായി എതിര്‍ക്കുന്ന സാമൂഹിക-മനുഷ്യാവകാശപ്രവര്‍ത്തകനും എഴുത്തുകാരനുമായ ശ്യാം വയനാട്ടില്‍ ജൈവകൃഷി നടത്തി ഉപജീവനം നടത്തുന്ന ആളാണ്. സ്വാഭാവിക മനുഷ്യനീതിയില്‍ വിശ്വസിക്കുന്ന ശ്യാമിനെപോലെ ഒരാളെ ഭരണകൂടം മാവോയിസ്റ്റ് മുദ്രചാര്‍ത്തി പീഡിപ്പിച്ചതിന്റെ കാരണം ശ്യാം മനുഷ്യനീതിക്കുവേണ്ടിയും പരിസ്ഥിതിക്കുവേണ്ടിയും വാദിക്കുന്നു എന്നതും വായനാശീലമുള്ള ആളെന്നതിനാലും ജൈവകൃഷിക്കാരന്‍ ആയതിനാലും മാത്രമായിരിക്കണം.
മാവോയിസ്റ്റ് ബന്ധം ആരോപിച്ച് പൊലീസ് വേട്ടയാടുകയും ശാരീരികമായും മാനസികമായും പീഡിപ്പിക്കുകയും ചെയ്‌തെന്ന പേരില്‍ ശ്യാം ബാലകൃഷ്ണന്‍ കോടതിയില്‍ നല്‍കിയ ഹര്‍ജി പരിഗണിച്ച ഹൈക്കോടതി അനാവശ്യ പൊലീസ് പീഡനത്തിന് ഒരു ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവിട്ടു. ചിന്തിക്കാനുള്ള അവകാശം എന്നത് അടിസ്ഥാനപരമായി മനുഷ്യാവകാശമാണെന്നിരിക്കെ അതിന്റെ പേരില്‍ മാത്രം ഒരാളുടെ സ്വാതന്ത്ര്യം തടഞ്ഞുവെക്കാന്‍ അധികാരമില്ലെന്ന് ജസ്റ്റിസ് മുഹമ്മദ് മുഷ്താക്ക് നിരീക്ഷിച്ചു.
അതേസമയം ഈ സ്വാതന്ത്ര്യം നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളിലേക്ക് വഴിമാറുമ്പോള്‍ രാജ്യത്തിന്റെ നിയമം ഉപയോഗിച്ചു തടയാമെന്നും, നിലനില്‍ക്കുന്ന വ്യവസ്ഥിതിയുമായി മാവോയിസ്റ്റുകള്‍ സംഘട്ടനത്തിലേര്‍പ്പെടുന്നതിനു തെളിവുണ്ടെങ്കില്‍ കടിഞ്ഞാണിടേണ്ട ഉത്തരവാദിത്വം പൊലീസിനുണ്ടെന്നും കോടതി കൂട്ടിച്ചേര്‍ത്തു.
എന്നാല്‍ മാവോയിസ്റ്റ് ബന്ധമുണ്ടെന്ന അഭ്യൂഹത്തില്‍നിന്നുകൊണ്ട് യുവാക്കളെ, സംരക്ഷകരാകേണ്ട പൊലീസ് സംഹാരം നടത്തുന്നവരുടെ വേഷമണിഞ്ഞ് വേട്ടയാടുകയാണ് ചെയ്യുന്നതെന്നും കോടതി ചൂണ്ടിക്കാണിച്ചു. ഒരു മനുഷ്യന്‍ അവന്റെ താത്പര്യങ്ങള്‍ക്കനുസരിച്ച് ചിന്തിക്കുന്നതിന് കടിഞ്ഞാണിടാന്‍ ആര്‍ക്കും അവകാശമില്ലെന്നും വിധ്വംസകപ്രവര്‍ത്തനങ്ങളോ നിയമലംഘനങ്ങളോ നടത്താത്തിടത്തോളം അവരെ പിന്തുടരുന്ന ഭരണകൂട നടപടി ചോദ്യംചെയ്യപ്പെടേണ്ടതുതന്നെയാണെന്നും ശ്യാമിന്റെ അനുഭവവും കോടതിവിധിയും നമുക്ക് ധൈര്യം പകരുന്നു.
ഒരു തവണ മാവോയിസ്റ്റ് ബന്ധം ആരോപിക്കപ്പെട്ട് അറസ്റ്റ് ചെയ്യുകയോ ചോദ്യംചെയ്യാന്‍ വിളിപ്പിക്കുകയോ ചെയ്ത് അയാള്‍ നിരപരാധിയാണെന്ന് തെളിഞ്ഞ് പുറത്തിറങ്ങിയാലും മാധ്യമങ്ങളും ഭരണകൂടവും പിന്നെയും അവരെ വേട്ടയാടുന്നു. മാവോയിസ്റ്റ്ബന്ധം ആരോപിക്കപ്പെട്ടവര്‍ യാത്രാസംഘത്തില്‍ ഉണ്ടായിരുന്നെന്നും രൂപേഷുമായി ബന്ധമുള്ളവര്‍ ആ പരിപാടിയില്‍ പങ്കെടുത്തെന്നും മാധ്യമങ്ങള്‍ എക്‌സ്‌ക്ലൂസീവ് ഇറക്കുമ്പോള്‍ എന്തുകൊണ്ട് ചിന്തിക്കുന്നില്ല, ഒരു തവണ ചോദ്യംചെയ്യാന്‍ വിളിപ്പിച്ചതിന്റെ പേരില്‍ നിരന്തരം അയാളെ വേട്ടയാടുന്നതിന്റെ യുക്തി എന്താണ്?
ഒരാളെ ചോദ്യം ചെയ്യണമെങ്കില്‍ അയാള്‍ നിയമവിരുദ്ധപ്രവര്‍ത്തനങ്ങള്‍ നടത്തിയതായി ഉദ്യോഗസ്ഥന് ശക്തമായ തെളിവുകളോ വ്യക്തമായ സംശയങ്ങളോ ഉണ്ടായിരിക്കണം. സാധ്യതകളുടെയും ഊഹങ്ങളുടെയും അടിസ്ഥാനത്തില്‍ മാത്രമുള്ള നടപടി അംഗീകരിക്കാന്‍പാടില്ല, സാധ്യതകളേക്കാള്‍ ഏറെ വലുതാണ് ന്യായമായ സംശയവും വിശ്വാസവും. ലഭ്യമായ സാഹചര്യങ്ങളിലും വസ്തുതകളിലും നിന്ന് ബുദ്ധിതലത്തിലൂടെയുള്ള സൂക്ഷ്മപരിശോധനകളിലൂടെ ഒരു സംശയത്തിന് ന്യായമായ അടിസ്ഥാനമുണ്ടോ എന്ന് ഉദ്യോഗസ്ഥന്‍ തീര്‍ച്ചയായും പരിശോധിക്കണം.
മാവോയിസ്റ്റ് ആശയങ്ങള്‍ സൂക്ഷിക്കുന്നതുകൊണ്ടോ മാവോയിസ്റ്റ് ആകുന്നതുകൊണ്ടോ ഒരാളെ തടവില്‍ സൂക്ഷിക്കാന്‍ ഭരണകൂടത്തിന് അവകാശമില്ല (മാവോയിസ്റ്റ് ബന്ധം ആരോപിച്ച് പൊലീസ് കസ്റ്റഡിയിലെടുത്ത ശ്യാം ബാലകൃഷ്ണന്റെ കേസ് പരിശോധിച്ച കോടതി കൂട്ടിച്ചേര്‍ത്ത ശക്തമായ നിരീക്ഷണത്തില്‍ ചേര്‍ത്തു വായിക്കേണ്ടത്). ശ്യാം ബാലകൃഷ്ണന്‍ ചെയ്തതുപോലെ നിയമപരമായി വിഷയങ്ങളെ നേരിടാന്‍ എല്ലാവരും തയ്യാറാവണം. ”
കടപ്പാട്: മാതൃഭൂമി, 2015 ആഗസ്റ്റ് 30ന് പ്രസിദ്ധീകരിച്ചത്