| Wednesday, 20th June 2012, 9:23 am

പെയിന്റിംഗ് വിവാദം: വാര്‍ത്ത നിഷേധിച്ച്‌ എലിസബത്തും എയര്‍പോര്‍ട്ട് അതോറിറ്റിയും

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: പ്രതിരോധമന്ത്രി എ.കെ ആന്റണിയുടെ ഭാര്യ എലിസബത്തിന്റെ പെയിന്റിംഗുകള്‍ 28 കോടി രൂപ മുടക്കി എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ വാങ്ങിയെന്ന ഇന്ത്യാടുഡേയുടെ വാര്‍ത്ത നിഷേധിച്ചുകൊണ്ട് എലിസബത്തും എയര്‍പോര്‍ട്ട് അതോറിറ്റിയും രംഗത്തെത്തി. എലിസബത്ത് തന്റെ ഫെയ്‌സ്ബുക്ക് അക്കൗണ്ടിലൂടെയാണ് നിഷേധക്കുറിപ്പ് അറിയിച്ചത്. ഇന്ത്യന്‍ ഹാബിറ്റേറ്റ് സെന്ററിലെ എക്‌സിബിഷനില്‍ പ്രദര്‍ശിപ്പിച്ച 24 ചിത്രങ്ങള്‍ 16 ലക്ഷം രൂപയ്ക്കാണ് വിറ്റതെന്നാണ് എലിസബത്ത് പറയുന്നത്.

” വാര്‍ത്തകളിലും സോഷ്യല്‍ മീഡിയകളിലും പരാമര്‍ശിച്ചിരിക്കുന്ന വിവാദ പെയിന്റിംഗുകള്‍ എയര്‍പോര്‍ട്ട് അതോറിറ്റിയ്ക്കല്ല വിറ്റത്. ഒരു സ്വകാര്യ വ്യക്തിക്ക് 95,000 രൂപയ്ക്കാണ് ഈ ചിത്രം വിറ്റത്. എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ നാല് പെയിന്റിംഗുകള്‍ വാങ്ങിയത് 2.5 ലക്ഷം രൂപ നല്‍കിയാണ്” എലിസബത്ത് ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

ഈ പണസംബന്ധിച്ച രേഖകള്‍ തന്റെ എന്‍.ജി.ഒയായ നവൂതന്‍ ചാരിറ്റബിള്‍ ഫൗണ്ടേഷനില്‍ ഉണ്ടെന്നും എലിസബത്ത് പറഞ്ഞു. തനിക്കെതിരെയുണ്ടായ ഈ കുപ്രചരണം രാഷ്ട്രീയ പ്രേരിതമാണെന്നും അവര്‍ വ്യക്തമാക്കി.

എയര്‍പോര്‍ട്ട് അതോറിറ്റിയും വാര്‍ത്ത നിഷേധിച്ചുകൊണ്ട് രംഗത്തുവന്നിട്ടുണ്ട്. വ്യാജ വാര്‍ത്ത കൊടുത്തതിന് ഇന്ത്യാടുഡേ മാപ്പു പറയണമെന്ന് എയര്‍പോര്‍ട്ട് അതോറ്റി ആവശ്യപ്പെട്ടു.

അറിയപ്പെടുന്ന ചിത്രകാരിയല്ലാത്ത എലിസബത്തിന്റെ പെയിന്റിംഗുകള്‍ രണ്ടരലക്ഷം രൂപ നല്‍കി ഒരു കേന്ദ്രപൊതുമേഖലാ സ്ഥാപനം വാങ്ങുന്നു എന്നതില്‍ തന്നെ അസ്വാഭാവികതയുണ്ട്. മറ്റ് പെയിന്റിംഗുകള്‍ എത്രരൂപയ്ക്കാണ് വിറ്റുപോയിരിക്കുന്നതെന്നോ ഇതിലുംകൂടിയ വിലയ്ക്ക് മറ്റേതെങ്കിലും പെയിന്റിംഗുകള്‍ എയര്‍പോര്‍ട്ട് അതോറിറ്റി വാങ്ങിയിട്ടില്ലെന്നോ എലിസബത്ത് പറഞ്ഞിട്ടില്ലയെന്നത് ശ്രദ്ധേയമാണ്. പ്രതിരോധമന്ത്രിയുടെ ഭാര്യ എന്ന നിലയ്ക്കാണ് പെയിന്റിംഗുകള്‍ വാങ്ങിയിരിക്കുന്നതെങ്കില്‍ ഇത് അധികാര ദുര്‍വിനിയോഗമായി കണക്കാക്കേണ്ടിവരും എന്നാണ് ഫെയ്‌സ്ബുക്കിലൂടെ പലരും പ്രതികരിക്കുന്നത്. എന്നാല്‍ ഇത് അഴമതിയുടെ കറ പുരളാത്ത ആന്റണിയെ താറടിച്ചുകാണിക്കാനുളള ഇന്ത്യാടുഡേയുടെ ശ്രമമാണെന്നും സോഷ്യല്‍ മീഡിയയിലെ കോണ്‍ഗ്രസ് അനുഭാവികള്‍ ആരോപിക്കുന്നു.


ആന്റണിയുടെ ഭാര്യയുടെ പെയിന്റിംഗുകള്‍ 28 കോടിക്ക് എയര്‍പോര്‍ട്ട് അതോറ്റി വാങ്ങി

We use cookies to give you the best possible experience. Learn more