'പ്രതിസന്ധി ഘട്ടത്തില്‍ സര്‍ക്കാര്‍ കൂടെയുണ്ടായിരുന്നു; ലിഗയുടെ മരണവുമായി ബന്ധപ്പെട്ട് മാധ്യമങ്ങള്‍ തെറ്റായ പ്രചരണം നടത്തുന്നു': ലിഗയുടെ സഹോദരി ഇലിസ്
liga death
'പ്രതിസന്ധി ഘട്ടത്തില്‍ സര്‍ക്കാര്‍ കൂടെയുണ്ടായിരുന്നു; ലിഗയുടെ മരണവുമായി ബന്ധപ്പെട്ട് മാധ്യമങ്ങള്‍ തെറ്റായ പ്രചരണം നടത്തുന്നു': ലിഗയുടെ സഹോദരി ഇലിസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 2nd May 2018, 6:24 pm

 

തിരുവനന്തപുരം: കോവളത്ത് ദുരൂഹസാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ വിദേശവനിത ലിഗയുടെ മരണത്തില്‍ മാധ്യമങ്ങള്‍ക്കെതിരെ സഹോദരി ഇലിസ്. സര്‍ക്കാരിനെതിരെ മാധ്യമങ്ങള്‍ നടത്തുന്ന തെറ്റായ പ്രചരണം നിര്‍ത്തണമെന്നാണ് ഇലിസ് പറഞ്ഞത്.

സഹോദരി ലിഗയുടെ മരണവുമായി ബന്ധപ്പെട്ട് സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന തനിക്ക് പൂര്‍ണ്ണ പിന്തുണ ലഭിച്ചിരുന്നു. സര്‍ക്കാര്‍ നല്‍കിയ എല്ലാ പിന്തുണയ്ക്കും മുഖ്യമന്ത്രി പിണറായി വിജയനെ നേരിട്ട് കണ്ട് ഇലിസ് നന്ദി അറിയിച്ചിരുന്നു.


ALSO READ: മഅ്ദനിക്ക് ജാമ്യം; അര്‍ബുദരോഗിയായ അമ്മയെ കാണാന്‍ എന്‍.ഐ.എ കോടതി അനുമതി നല്‍കി


തന്റെ കുടുംബം കടന്നുപോയ വിഷമഘട്ടത്തില്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് പൂര്‍ണ്ണ പിന്തുണയുണ്ടായിട്ടുണ്ട്. എന്നാല്‍ ചില മാധ്യമങ്ങളില്‍ സര്‍ക്കാരിനെതിരെ തെറ്റായ രീതിയില്‍ പ്രചരണങ്ങള്‍ വന്നിരുന്നു.

അത് തെറ്റാണെന്നും തനിക്ക് അതില്‍ അതിയായ ദു:ഖമുണ്ടെന്നും ഇലിസ് മുഖ്യമന്ത്രിയോട് പറഞ്ഞു. അതിന്റെ ഭാഗമായാണ് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയതെന്നും ഇലിസ് പറഞ്ഞതായി മുഖ്യമന്ത്രി പിണറായി വിജയന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

സര്‍ക്കാര്‍ എപ്പോഴും ലിഗയുടെ കൂടെയുണ്ടെന്നും കേസില്‍ ആവശ്യമായതെല്ലാം സര്‍ക്കാര്‍ ചെയ്യുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

അതേസമയം കേസുമായി ബന്ധപ്പെട്ട് ഡി.ജി.പിയെ സന്ദര്‍ശിച്ചപ്പോള്‍ എല്ലാ സഹായവും അദ്ദേഹം ഉറപ്പു നല്‍കിയിരുന്നു. ഇതേത്തുടര്‍ന്ന് വരുന്ന വാര്‍ത്തകള്‍ തെറ്റാണന്നും ഇലിസ് പറഞ്ഞു.

മെയ് മൂന്നിന് ലിഗയുടെ മൃതദേഹം സംസ്‌കരിക്കും. ലിഗയുടെ കുടുംബത്തിന് സര്‍ക്കാര്‍ നേരത്തേ അഞ്ച് ലക്ഷം രൂപ നല്‍കിയിരുന്നു. ലിഗയ്ക്കായി അനുസ്മരണ പരിപാടികളും സംഘടിപ്പിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.