ന്യൂദല്‍ഹി: ഇന്ത്യയില്‍ കഴിഞ്ഞ ഒമ്പതു ദിവസത്തിനിടെ വ്യാപകമായ ഡാറ്റ ചോര്‍ച്ചയുണ്ടായതായി ഫ്രഞ്ച് അനോണിമസ് ഹാക്കര്‍ എലിയറ്റ് ആള്‍ഡേഴ്‌സണ്‍.
എലിയറ്റ് ആള്‍ഡേഴ്‌സണ്‍ എന്ന ഫിക്ഷനല്‍ കഥാപാത്രത്തിന്റെ പേരില്‍ അറിയപ്പെടുന്ന അനോണിമസ് ഹാക്കര്‍ ഇന്ത്യയുടെ രണ്ട് ഔദ്യോഗിക വെബ്‌സൈറ്റുകളില്‍ നിന്നായി 300,000 ഡോക്യുമെന്റുകളും ആധാര്‍ അടക്കമുള്ള 5,000 സ്വകാര്യ വിവരങ്ങളും ചോര്‍ന്നെന്ന് മാര്‍ച്ച് 10ന് ട്വിറ്ററില്‍ കുറിച്ചിരുന്നു.
“പ്രശ്‌നങ്ങളുടെ ഗൗരവം വിശദമായി അറിയണമെങ്കില്‍ എന്നെ ട്വിറ്റര്‍ വഴി ബന്ധപ്പെടുക. നിങ്ങള്‍ക്ക് ഒരാഴ്ച സമയമുണ്ട്. നന്ദി. നിങ്ങളുടെ ഏറ്റവും വലിയ പേടിസ്വപനം”- എന്നും എലിയറ്റ് ട്വീറ്റ് ചെയ്തിരുന്നു.
കേന്ദ്ര സര്‍ക്കാര്‍ ഇതു സംബന്ധിച്ച് ഉന്നത തല യോഗം ചേര്‍ന്നതായും, ആള്‍ഡേഴ്‌സണുമായി ബന്ധപ്പെട്ട് ഡാറ്റ ചോര്‍ച്ചയ്ക്ക് പരിഹാരം കണ്ടെന്നും സര്‍ക്കാറിലെ ഉന്നത ഉദ്യോഗസ്ഥര്‍ പറഞ്ഞതായി ദ ഹിന്ദു റിപ്പോര്‍ട്ട് ചെയ്യുന്നു.
തിങ്കളാഴ്ച പ്രശ്‌നത്തിന് പരിഹാരമായെന്ന് പറഞ്ഞ് ആള്‍ഡേഴ്‌സണ്‍ വീണ്ടും ട്വീറ്റ് ചെയ്തിരുന്നു. “ഇത് പരിഹരിക്കാന്‍ സഹായിച്ച എല്ലാവര്‍ക്കും നന്ദി. പ്രശ്‌നം പരിഹരിക്കപ്പെട്ടു, 305,000 ഡാറ്റകള്‍ സുരക്ഷിതമാക്കി”- എന്നായിരുന്നു ആള്‍ഡേഴ്സന്‍റെ ട്വീറ്റ്.
ആധാര്‍ പദ്ധതിയുടെ നിശിത വിമര്‍ശകനാണ് ആള്‍ഡേഴ്‌സണ്‍. കോടിക്കണക്കിന് പൗരന്‍മാരുടെ സ്വകാര്യ വിവരങ്ങള്‍ ഒരു കോമണ്‍ സര്‍വറില്‍ സൂക്ഷിക്കുന്നത് ഗുരുതരമായ സുരക്ഷാ വീഴ്ചയ്ക്ക് കാരണമാവുമെന്ന് നേരത്തെ തന്നെ ആള്‍ഡേഴ്‌സണ്‍ ചൂണ്ടിക്കാട്ടിയിരുന്നു.