| Saturday, 31st August 2019, 6:47 pm

സുനന്ദ പുഷ്‌കറിന്റെ മരണം: ശശി തരൂരിനെതിരെ കൊലക്കുറ്റമോ ആത്മഹത്യാ പ്രേരണക്കുറ്റമോ ചുമത്തണമെന്ന് ദല്‍ഹി പൊലീസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ശശി തരൂരിനെതിരെ കൊലക്കുറ്റമോ ആത്മഹത്യാ പ്രേരണക്കുറ്റമോ ചുമത്തണമെന്ന് ദല്‍ഹി പൊലീസ് കോടതിയില്‍. സുനന്ദ പുഷ്‌കറിന്റെ മരണത്തില്‍ പ്രോസിക്യൂഷന്‍ വാദം കേള്‍ക്കവെയാണ് പൊലീസിന്റെ ആവശ്യം. കേസില്‍ വാദം പൂര്‍ത്തിയായി.

ഐ.പി.എല്ലുമായി ബന്ധപ്പെട്ട് പത്ര സമ്മേളനം നടത്താനിരിക്കെയാണ് സുനന്ദ പുഷ്‌കര്‍ മരിച്ചതെന്ന് ദല്‍ഹി പൊലീസ് പട്യാല ഹൗസ് കോടതിയില്‍ പറഞ്ഞു.

മരണത്തിന് മുമ്പ് സുനന്ദ പുഷ്‌കര്‍ സ്ഥിരമായി തരൂരുമായി വഴക്കിട്ടിരുന്നു എന്നും പബ്ലിക് പ്രോസിക്യൂട്ടര്‍ അതുല്‍ ശ്രീവാസ്തവ കോടതിയില്‍ പറഞ്ഞു. സുനന്ദയും തരൂരും ദുബൈയില്‍ വെച്ച് വഴക്കിട്ടതിന് സഹായിയുടെ മൊഴിയുണ്ടെന്നും പൊലീസ് വ്യക്തമാക്കി.

പാകിസ്ഥാന്‍ ജേണലിസ്റ്റ് മെഹര്‍ തരാറിന്റെ പേരിലല്ലാതെ കാറ്റി എന്ന് പേരുള്ള മറ്റൊരു സ്ത്രീയുടെ കാര്യത്തിലും ഇവര്‍ തമ്മില്‍ തര്‍ക്കിച്ചിരുന്നുവെന്ന് സഹായി വ്യക്തമാക്കിയതായി അതുല്‍ കോടതിയില്‍ പറഞ്ഞു.

സുനന്ദ കടുത്ത മാനസിക സംഘര്‍ഷത്തിലായിരുന്നുവെന്നും ജീവിക്കാന്‍ താല്‍പ്പര്യമല്ലെന്ന് വ്യക്തമാക്കുന്ന സുനന്ദയുടെ മെയില്‍ കണ്ടെത്തിയിട്ടുണ്ടെന്നും പ്രോസിക്യൂഷന്‍ പറഞ്ഞു.

മരണത്തിന് മുമ്പ് സുനന്ദ മാധ്യമപ്രവര്‍ത്തക നളിനി സിംഗുമായി സംസാരിച്ചിരുന്നു. തെരഞ്ഞെടുപ്പിന് ശേഷം തരൂര്‍ ബന്ധം വേര്‍പ്പെടുത്തുമെന്നും മെഹര്‍ തരാറിനെ വിവാഹം ചെയ്യുമെന്നും സുനന്ദ പറഞ്ഞതായി നളിനിയുടെ മൊഴിയില്‍ പറയുന്നുവെന്നും പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടി.

അതേസമയം, മരണ കാരണം ആത്മഹത്യയല്ലെന്നും മറ്റു ചില ആരോഗ്യ പ്രശ്നങ്ങള്‍ കൊണ്ടാണെന്നും വിദഗ്ധ വൈദ്യ പരിശോധനാ ഫലത്തില്‍ പറയുന്നുണ്ടെന്ന് തരൂരിനു വേണ്ടി വാദിച്ച അഭിഭാഷകന്‍ വികാസ് പഹ്വ പറഞ്ഞു. അങ്ങനെയെങ്കില്‍, ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തണമെന്ന് പ്രോസിക്യൂഷന് പറയാനാകില്ലെന്നും വികാസ് പഹ്വ കോടതിയില്‍ പറഞ്ഞു.

We use cookies to give you the best possible experience. Learn more