| Thursday, 14th January 2021, 10:29 am

വരവരറാവുവിന് 88 വയസുണ്ട്, അദ്ദേഹത്തിന്റെ പ്രായം മാനിക്കൂ, നമ്മളൊക്കെ മനുഷ്യരല്ലേ; എന്‍.ഐ.എയോട് ഹൈക്കോടതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: ഭീമാ കൊറെഗാവ് കേസില്‍ അറസ്റ്റിലായ കവി വരവര റാവുവിന്റെ ജാമ്യാപേക്ഷയില്‍ പ്രതികരണം അറിയിക്കുമ്പോള്‍ അദ്ദേഹത്തിന്റെ പ്രായവും ആരോഗ്യനിലയും കൂടി കണക്കിലെടുക്കണമെന്ന് എന്‍.ഐ.എയോട് ബോംബെ ഹൈക്കോടതി.

ആരോഗ്യാവസ്ഥ ചൂണ്ടിക്കാട്ടി ജാമ്യം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് വരവര റാവു നല്‍കിയ ജാമ്യ ഹരജിയും ജയിലില്‍ ചികിത്സ നിഷേധിക്കപ്പെട്ടതിന് എതിരെ അദ്ദേഹത്തിന്റെ ഭാര്യ ഹേമലത നല്‍കിയ ഹരജിയും പരിഗണിക്കവേയാണ് ജസ്റ്റിസുമായ എസ്.എസ് ഷിന്‍ഡെ, മനീഷ് പിടാളെ എന്നിവരുടെ ബെഞ്ച് ഇക്കാര്യം ആവശ്യപ്പെട്ടത്.

”ഹരജിക്കാരന് 88 വയസുണ്ട്. അദ്ദേഹത്തിന്റെ പ്രായം മാനിക്കൂ, ആരോഗ്യസ്ഥിതി നോക്കൂ. പ്രതികരണം അറിയിക്കുമ്പോള്‍ ഇതൊക്കെ മനസില്‍ വയ്ക്കണം. നമ്മളൊക്കെ മനുഷ്യരല്ലേ.” ജസ്റ്റിസുമാരായ എസ്.എസ്. ഷിന്‍ഡെ, മനീഷ് പിതാലെ എന്നിവര്‍ ചൂണ്ടിക്കാട്ടി.

കോടതി ഇടപെടലിനെത്തുടര്‍ന്ന് കഴിഞ്ഞ മാസം വരവര റാവുവിനെ നാനാവതി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. റാവുവിന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ച് ആശുപത്രി അധികൃതര്‍ കോടതിക്ക് റിപ്പോര്‍ട്ട് നല്‍കുന്നുണ്ട്.

വരവര റാവുവിന്റെ ജാമ്യഹരജി വ്യാഴാഴ്ചയാണ് കോടതി പരിഗണിക്കുന്നത്. 2018 ല്‍ അറസ്റ്റിലായ ശേഷം ഇദ്ദേഹത്തിന് ജാമ്യം ലഭിച്ചിട്ടില്ല. കഴിഞ്ഞ ജൂലൈയില്‍ ഇദ്ദേഹത്തിന് ജയിലില്‍ വെച്ച് കൊവിഡ് ബാധിച്ചിരുന്നു.

അന്ന് ജെ.ജെ. മെഡിക്കല്‍ കോളേജ് ഇടനാഴിയിലെ കട്ടിലില്‍ പരിചരിക്കാനാളില്ലാതെ കിടന്ന വരവര റാവുവിന് തങ്ങളെ തിരിച്ചറിയാന്‍ കഴിയാത്ത വിധം ഓര്‍മ്മ നഷ്ടപ്പെട്ടുപോയെന്ന് ഭാര്യ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് അവര്‍ കോടതിയെ സമീപിച്ചത്.

അതേസമയം വരവര റാവുവിന്റെ ആശുപത്രി ചെലവ് വഹിക്കുമെന്ന് മഹാരാഷ്ട്രാ സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു. ഭീമ കൊറെഗാവ് കേസില്‍ 2018 ജൂണിലാണ് വരവര റാവുവിനെ അറസ്റ്റ് ചെയ്യുന്നത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Elgaar Parishad case: Consider Varavara Rao’s age and health while arguing on his medical bail plea, says HC

We use cookies to give you the best possible experience. Learn more