[] ന്യൂദല്‍ഹി: മൂന്നാം മുന്നണിക്കായി ശ്രമിക്കുന്ന പതിനൊന്ന് പാര്‍ട്ടികള്‍ പാര്‍ലമെന്റില്‍ ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചു.
നാല് ഇടതുപാര്‍ട്ടികള്‍ക്ക് പുറമെ സമാജ് വാദി പാര്‍ട്ടി, ജെ.ഡി.യു, ബി.ജെ.ഡി, ജെ.ഡി.എസ്, അണ്ണാ ഡി.എം.കെ, തുടങ്ങിയ പാര്‍ട്ടികളുടെ നേതാക്കള്‍ ഒരുമിച്ചാണ് ഇക്കാര്യം വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചത്.
ജനങ്ങളുടെ പ്രശ്‌നങ്ങള്‍ പാര്‍ലമെന്റില്‍ ഉന്നയിക്കുന്നതിന് വേണ്ടിയാണ് ഈ തീരുമാനമെന്ന് സി.പി.ഐ.എം നേതാവ് സീതാറാം യെച്ചൂരി പറഞ്ഞു.
തങ്ങള്‍ ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കുയാണെന്നും മൂന്നാം മുന്നണിയായി കണക്കാക്കാമോ എന്നത് സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ ഇപ്പോള്‍ പുറത്ത് വിടാനാകില്ലെന്നും യെച്ചൂരി പറഞ്ഞു.
തെലങ്കാന വിഷയത്തില്‍ കോണ്‍ഗ്രസ് വര്‍ഗീയവിഷയങ്ങള്‍ വളര്‍ത്തുകയാണെന്നും അദ്ദേഹം പറഞ്ഞു.
കോണ്‍ഗ്രസിന്റെ ജനദ്രോഹ നയങ്ങളോട് ജനങ്ങള്‍ക്ക് ശക്തമായ പ്രതിഷേധം ഉണ്ടെന്ന് യോഗത്തില്‍ പങ്കെടുത്ത സി.പി.ഐ നേതാവ് രാജ പറഞ്ഞു.
തിരഞ്ഞെടുപ്പ് അടുക്കുന്ന സാഹചര്യത്തില്‍ ബില്ലുകളും മറ്റും നടപ്പിലാക്കാന്‍ശ്രമിക്കുന്നതിലൂടെ കോണ്‍ഗ്രസ് നിയമനിര്‍മ്മാണത്തെ തന്നെ പ്രചരണത്തിന് ഉപയോഗിക്കുകയാണെന്നും ഇത് സത്യസന്ധമായ രീതിയല്ലെന്നും അദ്ദേഹം പറഞ്ഞു.
മുന്‍ പ്രധാനമന്ത്രി എച്ച്.ഡി ദേവഗൗഡ, ശരത് യാദവ്, സീതാറാം യെച്ചൂരി, കെ.സി ത്യാഗി, ബസുദേവ് ആചാര്യ, എം തമ്പിദുരൈ, തുടങ്ങിയ നേതാക്കള്‍ യോഗത്തിലും വാര്‍ത്താ സമ്മേളനത്തിലും പങ്കെടുത്തു.