| Friday, 12th February 2021, 11:45 am

മംഗളൂരുവില്‍ റാഗിംഗ് കേസില്‍ 11 മലയാളി വിദ്യാര്‍ത്ഥികള്‍ അറസ്റ്റില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

മംഗളൂരു: സ്വകാര്യ മെഡിക്കല്‍ കോളേജില്‍ റാഗിംഗ് നടത്തിയെന്ന പരാതിയില്‍ 11 മലയാളി വിദ്യാര്‍ത്ഥികളെ അറസ്റ്റ് ചെയ്തു. മലയാളികളായ അഞ്ച് ജൂനിയര്‍ വിദ്യാര്‍ത്ഥികള്‍ നല്‍കിയ പരാതിയിലാണ് ഇവരെ അറസ്റ്റ് ചെയ്തത്.

മംഗളൂരു ദളര്‍ക്കട്ടെ കണച്ചൂര്‍ ഇന്‍സ്റ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയിന്‍സ് കോളേജിലാണ് സംഭവം. കോളേജിലെ ഫിസിയോ തെറാപ്പി, നഴ്‌സിംഗ് വിദ്യാര്‍ത്ഥികളാണ് പിടിയിലായത്.

കോഴിക്കോട് കാസര്‍ഗോഡ്, കോട്ടയം, പത്തനംതിട്ട, മലപ്പുറം സ്വദേശികളായ 11 പേരെയാണ് മംഗളൂരു പൊലീസ് കമ്മീഷണര്‍ അറസ്റ്റ് ചെയ്തത്.

വടകര സ്വദേശികളായ അസിന്‍ ബാബു, മുഹമ്മദ് ഷമാസ്, കോട്ടയം അയര്‍ക്കുന്നം സ്വദേശി റോബിന്‍ ബിജു, വൈക്കം എടയാറിലെ ആല്‍വിന്‍ ജോയ്, കോട്ടയം ഗാന്ധിനഗര്‍ സ്വദേശിയായ ജെറോണ്‍ സിറില്‍, കാസര്‍ഗോഡ് കടുമേനി ജാഫിന്‍ റോയ്ച്ചന്‍, മലപ്പുറം തിരൂരങ്ങാടി മമ്പറം അബ്ദുള്‍ ബാസിത്, മഞ്ചേരി പയ്യാനാട് സ്വദേശി ജാബിന്‍ മഹ്‌റൂഫ്, കാഞ്ഞങ്ങാട് ആനന്ദാശ്രമം ഇരിയ അബ്ദുള്‍ അനസ് മുഹമ്മദ്, ഏറ്റുമാനൂര്‍ കനകരി കെ. എസ് അക്ഷയ്, പത്തനംതിട്ട മുഹമ്മദ് സുറാജ് എന്നിവരാണ് അറസ്റ്റിലായത്.

മുടി മുറിക്കുക, താടി വടിപ്പിക്കുക, തീപ്പെട്ടിക്കമ്പ് കൊണ്ട് മുറി അളപ്പിക്കുക തുടങ്ങിയ ഉപദ്രവങ്ങളായിരുന്നു സീനിയര്‍ വിദ്യാര്‍ത്ഥികള്‍ നടത്തിക്കൊണ്ടിരുന്നത്. ശാരീരികമായി ഉപദ്രവിച്ചിരുന്നതായും പരാതി നല്‍കിയ വിദ്യാര്‍ത്ഥികള്‍ പറഞ്ഞു.

റാഗിംഗിനിരയായ അഞ്ച് വിദ്യാര്‍ത്ഥികളും ചേര്‍ന്ന് കഴിഞ്ഞ ദിവസം കോളെജ് മാനേജ് മെന്റിന് പരാതി നല്‍കുകയായിരുന്നു. മാനേജ്‌മെന്റ് ആണ് പൊലീസില്‍ വിവരം അറിയിച്ചത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Eleven Malayali students arrested in Manguluru Raging case

We use cookies to give you the best possible experience. Learn more