നവമാധ്യമ രംഗത്ത് പുതിയ ദേശീയ കൂട്ടായ്മയുമായി പതിനൊന്ന് ഡിജിറ്റല്‍ മാധ്യമസ്ഥാപനങ്ങള്‍.
ഡിജി പബ് ന്യൂസ് ഇന്ത്യാ ഫൗണ്ടേഷന്‍ എന്ന പേരിലാണ് കൂട്ടായ്മ. സ്‌ക്രോള്‍, വയര്‍, ആള്‍ട്ട് ന്യൂസ്, ദ ക്വിന്റ്, ദ ന്യൂസ് മിനുട്ട്, ന്യൂസ് ക്ലിക്ക്, എച്ച്.ഡബ്ല്യു ന്യൂസ്, കോബ്ര പോസ്റ്റ്, ആര്‍ട്ടിക്കിള്‍ 14, ബൂം ലൈവ്, ന്യൂസ് ലോണ്ട്രി എന്നീ മാധ്യമസ്ഥാപനങ്ങള്‍ക്ക് നേതൃത്വം വഹിക്കുന്നവരാണ് കൂട്ടായ്മയ്ക്ക് പിന്നില്‍.
സ്വതന്ത്ര മാധ്യമപ്രവര്‍ത്തനം ഉയര്‍ത്തിപ്പിടിക്കാനും ഡിജിറ്റല്‍ മാധ്യമരംഗത്ത് ആരോഗ്യകരമായ അന്തരീക്ഷം ഉറപ്പുവരുത്തുന്നതിനുമാണ് പുതിയ ഫൗണ്ടേഷന്‍.
നിലവില്‍ ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന ഡിജിറ്റല്‍ ന്യൂസ് ഔട്ട്ലെറ്റുകള്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും മാത്രമായിരിക്കും അംഗത്വം. അതേസമയം, ഡിജിറ്റല്‍ മീഡിയയില്‍ പ്രവര്‍ത്തിക്കുന്ന സ്വതന്ത്ര, ഫ്രീലാന്‍സ് ജേണലിസ്റ്റുകള്‍ക്കായി ഡിജി പബ് തുറന്നിരിക്കുമെന്നും പ്രസ്താവനയില്‍ പറയുന്നു.
സംഘടനകള്‍ മാത്രമേ ഡിജിറ്റല്‍ ന്യൂസ് ഇക്കോസിസ്റ്റത്തിന്റെ ആവശ്യങ്ങളെ പ്രതിനിധീകരിക്കുകയോ ശബ്ദിക്കുകയോ ചെയ്യാവൂ എന്ന് ഫൗണ്ടേഷന്‍ വിശ്വസിക്കുന്നില്ല, ഈ ഇക്കോസിസ്റ്റത്തിന്റെ ശക്തികേന്ദ്രമായി മാറുന്നതില്‍ സ്വതന്ത്ര പത്രപ്രവര്‍ത്തകരുടെ സംഭാവന തിരിച്ചറിയേണ്ടത് അത്യാവശ്യമാണെന്നും പ്രസ് റിലീസില്‍ പറയുന്നു.
ദ ന്യൂസ് മിനുട്ട് എഡിറ്ററും കോ ഫൗണ്ടറുമായ ധന്യാ രാജേന്ദ്രനാണ് ഡിജി പബ് ഇന്ത്യയുടെ ആദ്യ ചെയര്‍പേഴ്സണ്‍.
ന്യൂസ് ക്ലിക്കിന്റെ പ്രബിര്‍ പുര്‍കയാസ്ഥ വൈസ് ചെയര്‍പേഴ്സണ്‍. ദ ക്വിന്റിന്റെ ഋതു കപൂറും ന്യൂസ് ലോണ്ട്രിയുടെ അഭിനന്ദന്‍ സെക്രിയുമാണ് ജനറല്‍ സെക്രട്ടറിമാര്‍.
കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഒരുപാട് സ്വതന്ത്ര വെബ്‌സൈറ്റുകള്‍ ഇന്ത്യയില്‍ തുടങ്ങിയിട്ടുണ്ടെങ്കിലും അവരെ പ്രതിനിധീകരിക്കുന്ന സംഘടനകള്‍ ഇല്ല. അവരെ പ്രതിനിധീകരിക്കാനാണ് പുതിയ ഫൗണ്ടേഷനെന്നും
ഒരുപാട് വെബ്‌സൈറ്റുകല്‍ ഫൗണ്ടേഷന്റെ ഭാഗമാകുമെന്ന് വിശ്വസിക്കുന്നതായും ധന്യ രാജേന്ദ്രന്‍ ഡൂള്‍ ന്യൂസിനോട് പറഞ്ഞു.
” ഇന്നത്തെ പരിസ്ഥിതിയില്‍ മുഖ്യധാര മാധ്യമങ്ങളെക്കാളും ഒരുപാട് ധൈര്യത്തോടെ ഡിജിറ്റില്‍ മാധ്യമങ്ങള്‍ വാര്‍ത്ത ചെയ്യുന്നുണ്ട്. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഒരുപാട് സ്വതന്ത്ര വെബ്‌സൈറ്റുകള്‍ ഇന്ത്യയില്‍ തുടങ്ങിയിട്ടുണ്ട്. അവരെ പ്രതിനിധീകരിക്കുന്ന സംഘടനകള്‍ ഇല്ല. പ്രിന്റ് മീഡിയയ്ക്കും ടിവി മീഡിയയ്ക്കും സംഘടനകള്‍ ഉണ്ട്. അത് മാത്രമല്ല ഡിജിറ്റല്‍ മീഡയില്‍ റെഗുലേഷന്‍സ് കൊണ്ടുവരുമെന്ന് സര്‍ക്കാര്‍ തന്നെ പറഞ്ഞിട്ടുണ്ടല്ലോ, അങ്ങനെ സര്‍ക്കാര്‍ റെഗുലേഷന്‍സ് കൊണ്ടുവരാന്‍ ശ്രമിക്കുമ്പോള്‍ ഡിജിറ്റല്‍ മീഡിയയ്ക്ക് എന്താണ് ആവശ്യം എന്നുപറയാന്‍പോലും സംഘടിതിമായൊരു ബോഡി ഇല്ല. അതുകൊണ്ടാണ് ഇങ്ങനെയൊരു ഫൗണ്ടേഷന്‍. ഒരുപാട് വെബ്‌സൈറ്റുകല്‍ ഫൗണ്ടേഷന്റെ ഭാഗമാകുമെന്ന് വിശ്വസിക്കുന്നു,” ധന്യ ഡൂള്‍ ന്യൂസിനോട് പറഞ്ഞു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക