| Friday, 17th May 2019, 2:49 pm

എഴുന്നള്ളത്തിനുള്ള ആനകളെ പരിശോധിക്കുന്ന രീതിയില്‍ മാറ്റം വരണം; ആവശ്യം ശക്തമാകുന്നു

അലി ഹൈദര്‍

കോഴിക്കോട്: 56 വയസ്സുള്ള, ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് പടക്കം പൊട്ടിയ ശബ്ദം കേട്ട് വിളറി പിടിച്ച് രണ്ടുപേരെ കൊന്ന, ഇതുവരെ 13 മനുഷ്യ മരണങ്ങള്‍ക്ക് കാരണം ആയിട്ടുള്ള ഒരാനയെ ഇത്തവണത്തെ തൃശൂര്‍ പൂരത്തിന് എഴുന്നള്ളിക്കണോ വേണ്ടയോ എന്ന കാര്യത്തില്‍ ദിവസങ്ങളോളമാണ് ഇവിടെ ചര്‍ച്ച നടന്നത്. തുടര്‍ന്ന് വിവാദങ്ങള്‍ക്കും തര്‍ക്കങ്ങള്‍ക്കുമൊടുവില്‍ തെച്ചിക്കോട്ട് കാവ് രാമചന്ദ്രന്‍ എന്ന ആന പൂര്‍ണ്ണ ആരോഗ്യവാനാണെന്ന് പരിശോധിച്ച ഡോക്ടര്‍മാരും നിബന്ധനകളോടെ എഴുന്നള്ളിക്കാമാമെന്ന് സര്‍ക്കാറും അറിയിച്ചതോടെയാണ് പൂരത്തിന് തിടമ്പേറ്റിയത്.

ആരുടെയും സമ്മര്‍ദ്ദത്തിന് വഴങ്ങിയല്ലെന്നും നിയമപരമായാണ് തീരുമാനം എടുത്തതെന്നും പറഞ്ഞ് കൊണ്ടായിരുന്നു സര്‍ക്കാര്‍ അനുമതി കൊടുത്തത്. ആനയെ ആള്‍ക്കൂട്ടത്തിനിടയില്‍ നിന്ന് നിശ്ചിത അകലത്തില്‍ നിര്‍ത്തണം. പ്രകോപനമില്ലാതെ നോക്കണം തുടങ്ങി നിരവധി നിബന്ധനകളോടെ തെച്ചിക്കോട്ട് കാവ് രാമചന്ദ്രന്‍ എന്ന ആന വീണ്ടും ആള്‍ക്കൂട്ടത്തിനിടയിലേക്ക് തിടമ്പേറ്റാന്‍ വരുമ്പോള്‍ ആനകളുടെ ആരോഗ്യ പരിശോധന എത്രമാത്രം സുതാര്യമാണ് എന്നത് പ്രസക്തമാകുന്നു.

എഴുന്നള്ളത്തിനുള്ള ആനകളെ പരിശോധിക്കുന്ന രീതിയില്‍ മാറ്റം ആവശ്യപ്പെട്ട് ഡോക്ടര്‍മാരുടെ സംഘടനയായ ഇന്ത്യന്‍ വെറ്റിനറി അസോസിയേഷന്‍ ഇതിനോടകം രംഗത്തെത്തിയിട്ടുണ്ട്.

ഒരു വെറ്റിനറി സര്‍ജന്‍ ആനകളെ പരിശോധിച്ച് മദപ്പാടില്ലെന്നുറപ്പാക്കിയും പൊതു ആരോഗ്യസ്ഥിതി കണക്കിലെടുത്തും സാക്ഷിപത്രം നല്‍കുന്നതാണ് നിലവിലെ രീതി. ഇതിനു പകരം ചീഫ് വെറ്റിനറി ഓഫീസറുടെ നിര്‍ദേശത്തോടെ ഒന്നിലധികം ഡോക്ടര്‍മാര്‍ ഉള്‍പ്പെട്ട സമിതി പരിശോധിക്കണമെന്നും സമിതിയുടെ ശിപാര്‍ശയുടെ അടിസ്ഥാനത്തില്‍ ചീഫ് വെറ്റിനറി ഓഫീസര്‍ സാക്ഷിപത്രം നല്‍കണമെന്നുമാണ് സംഘടന മുന്നോട്ട് വെക്കുന്ന നിര്‍ദേശം.

നാട്ടാനകളെ പരിശോധിക്കാനും എഴുന്നള്ളത്തുകള്‍ നിരീക്ഷിക്കാനുമുള്ള എലിഫന്റ് സ്‌ക്വാഡുകള്‍ ശക്തിപ്പെടുത്തി വനംവകുപ്പിന്റെ മേല്‍നോട്ടത്തില്‍ പരിശീലനം നല്‍കണം. മദപ്പാടില്ലാത്ത ആനകളുടെ ആരോഗ്യ സൂചനകളെപ്പറ്റി മാര്‍ഗനിര്‍ദേശം തയാറാക്കി എഴുന്നള്ളിക്കാവുന്നതും ഒരിക്കലും എഴുന്നള്ളിക്കാന്‍ പാടില്ലാത്തതുമായ ആനകളെ പറ്റി കൂടുതല്‍ വ്യക്തക വരുത്തുകയും വേണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു.

അലി ഹൈദര്‍

മാധ്യമപ്രവര്‍ത്തകന്‍

We use cookies to give you the best possible experience. Learn more