എസ്സേയ്‌സ് /ഐ. ഗോപിനാഥ്
ഉത്സവകാലം ആരംഭിച്ചു. ആനകലിയും. പെരുമ്പാവൂരില്‍ തൈപ്പൂയ കാവടിയാഘോഷത്തില്‍ ആനയിടഞ്ഞ് മരിച്ചത് മൂന്നു സ്ത്രീകള്‍. ഇടഞ്ഞത് തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍. തലയെടുപ്പിന്റെ പേരില്‍ പേരെടുത്ത ആന.[]
സ്വന്തമായി ഫാന്‍സ് അസോസിയേഷനുണ്ട് ഈ ആനക്ക്. എന്നാല്‍ സത്യമെന്താണ്? ഒരു കണ്ണിനു കാഴ്ചയില്ല. മദപ്പാട് പൂര്‍ണ്ണമായി മാറിയിരുന്നില്ല. ഇതിനുമുമ്പും ഇടഞ്ഞ് പലരേയും കൊന്നിട്ടുണ്ട്.
നീതീന്യായവ്യവസ്ഥ നിലനില്‍ക്കുന്ന ഒരു നാട്ടിലാണെങ്കില്‍ ഒരിക്കലും എഴുന്നള്ളിക്കാന്‍ കഴിയാത്ത ആന. മറ്റൊരാന കുത്തിയതാണത്രെ അപകടത്തിനു കാരണം. ഉത്സവത്തിനു ആനകളെ നിര്‍ത്തുമ്പോള്‍ അഞ്ചൂമീറ്റര്‍ അകലം വേണമെന്ന നിയമം പരിപാലിച്ചോ എന്ന ചോദ്യത്തിനു മറുപടിയെവിടെ?
അതിനേക്കാള്‍ രസകരമായ മറ്റൊ കാരണമാണ് ഫാന്‍സുകാര്‍ കണ്ടുപിടിച്ചിരിക്കുന്നത്. തന്നേക്കാള്‍ ഉയരം കുറഞ്ഞ മറ്റൊരാനയുടെ പുറത്ത് തിടമ്പ് എഴുന്നള്ളിച്ചപ്പോള്‍ രാമചന്ദ്രനു ദേഷ്യം വന്നതാണത്രെ.
കഴിഞ്ഞ വര്‍ഷത്തെ ഉത്സവസീസണില്‍ ബലിയര്‍പ്പിക്കപ്പെട്ടത് മുപ്പതോളം പേര്‍. നൂറുകണക്കിനുപേര്‍ക്ക് പരിക്ക്. എല്ലാവര്‍ഷവും ഇതാവര്‍ക്കിക്കുന്നു. മരിച്ചവരില്‍ ആനയുടമകളോ ആനകോണ്‍ട്രാക്ടര്‍മാരോ ദേവസ്വം അധികൃതരോ വനംവകുപ്പ് ഉദ്യോഗസ്ഥരോ ഇല്ല. ആനച്ചോറ് കൊലച്ചോറ് എന്ന് പഴമൊഴിഴിയെ അന്വര്‍ത്ഥമാക്കി എതാനും പാപ്പാന്മാരും പിന്നെ കുറെ ഉത്സവപ്രേമികളും ആനക്കമ്പക്കാരും.
തമിഴ്‌നാട്ടില്‍ നടക്കുന്ന കാളപ്പോരിനെ പ്രാകൃതമായി വിശേഷിപ്പിക്കാന്‍ നമുക്കെന്തവകാശം? രണ്ടിടത്തും നടക്കുന്നത് ബലികള്‍ തന്നെ.
എന്തുകൊണ്ട് ആനകള്‍ ഇങ്ങനെ? കഴിഞ്ഞ ഏതാനും വര്‍ഷങ്ങളില്‍ ആനകള്‍ക്കെന്തു സംഭവിച്ചു? സംഭവിച്ചത് മിണ്ടാപ്രാണികളായ ഗജവീരന്മാര്‍ക്കല്ല. ആനയെ സ്‌നേഹിക്കുന്നു എന്ന് ഊറ്റം കൊള്ളുന്ന നമുക്കാണ്.
ഒരൊറ്റ ഉദാഹരണം. നാലുവര്‍ഷം മുമ്പ് സംഭവിച്ചത്. ആനയുമായി തൃശൂരില്‍ ചേര്‍പ്പ് ഭാഗത്തുനിന്ന് വന്നിരുന്ന പാപ്പാന് പെരുമ്പിളിശ്ശേരിയിലെ ബാറുകണ്ടപ്പോള്‍ രണ്ടെണ്ണമടിക്കണമെന്നു തോന്നി. ആനയെ ബാറിനു മുന്നില്‍ നിര്‍ത്തി ഇപ്പോള്‍ വരാമെന്നു പറഞ്ഞ് പുള്ളി അകത്തുപോയി.
അടിസ്ഥാനപരമായി ആന കാട്ടുമൃഗം. എത്രശ്രമിച്ചാലും അതിനെ പൂര്‍ണ്ണമായി മെരുക്കാനാവില്ല.
അതിനിടെ ബാറില്‍നിന്നിറങ്ങി വരുന്നവര്‍ ആനയെ തൊട്ടും തടവിയും പൊയ്‌ക്കൊണ്ടിരുന്നു. ആന എല്ലാം ക്ഷമിച്ചു. കുറെ കഴിഞ്ഞ് ഫിറ്റായ പാപ്പാനെത്തി ആനയെ ഉറക്കെ തട്ടി പോകാമെന്നു പറഞ്ഞു.
എന്നാല്‍ ഫിറ്റായ പാപ്പാനു ഒരു തെറ്റുപറ്റി. സാധാരണ ആനയുടെ വലതുവശത്തു തട്ടുന്ന പാപ്പാന്‍ ഇത്തവണ ഇടതുവശത്താണ് തട്ടിയത്. അതു പാപ്പാനല്ല എന്നു ധരിച്ച ആന ചുരുട്ടിയെടുത്ത് വലിച്ചെറിഞ്ഞു.
ബാറിന്റെ മതിലിലിടിച്ച പാപ്പാന്റെ അരയില്‍ തിരുകിയ മദ്യകുപ്പി പൊട്ടി ചില്ല് ശരീരത്തില്‍ തുളഞ്ഞുകയറി. അവിടെ തന്നെ അയാള്‍ മരിച്ചുവീണു. തെറ്റുമനസ്സിലായ ആന അവിടെതന്നെ നിന്നു കണ്ണീര്‍ വാര്‍ത്തു.
അടിസ്ഥാനപരമായി ആന കാട്ടുമൃഗം. എത്രശ്രമിച്ചാലും അതിനെ പൂര്‍ണ്ണമായി മെരുക്കാനാവില്ല. അതെല്ലാവര്‍ക്കും അറിയാം. അതുകൊണ്ടുതന്നെ ആനകളെ മെരുക്കാനും അക്രമാസക്തി കുറക്കാനും വേണ്ടി ചെയ്യുന്ന ക്രൂരതകള്‍ എത്ര.
കണ്ണിന്റെ കാഴ്ചശക്തി കളയുന്നതുവരെയെത്തും ഈ ക്രൂരത. മത്തങ്ങക്കുരുക്കള്‍ കൊണ്ട് കണ്ണില്‍ കിഴി കെട്ടിയാണ് കാഴ്ച കളയുക. മിക്കവാറും വലതുകണ്ണിന്റെ കാഴ്ചയാണ് കളയുക. റോഡിലൂടെ കൊണ്ടുപോകുമ്പോള്‍ വാഹനങ്ങളെ കണ്ട് അക്രമാസക്തനാകാതിരിക്കാനാണത്രെ അത്.
കേരളത്തിലെ 69 ഓളം നാട്ടാനകള്‍ക്ക് കണ്ണിനു കാഴ്ചയില്ല. പാപ്പാന്മാര്‍ മിക്കവാറും നടക്കുക വലതുഭാഗത്താണ്. പാപ്പാനെ സൂത്രത്തില്‍ മാറ്റാനും അതുമൂലം കഴിയും.
ആനയുടെ ഉയരമാണ് ഏറ്റവും വലിയ അഭിമാനപ്രശ്‌നമെന്ന ധാരണയില്‍ നടത്തുന്ന പീഡനങ്ങള്‍ നിരവധി. കത്തികെട്ടിവെച്ച വടികൊണ്ട് മസ്തകത്തില്‍ കുത്തിയാണ് നേരത്തെ പാപ്പാന്മാര്‍ ആനകളെ കുത്തിപൊക്കിയിരുന്നത്.
അതിനായി പാപ്പാനു ആവശ്യത്തിനു മദ്യം വാങ്ങികൊടുക്കാന്‍ ഉത്സവകമ്മിറ്റിക്കാരടക്കം നിരവധി പേരുണ്ട്. ഈ വിഷയം പരസ്യമായതിനെ തുടര്‍ന്ന് ഇപ്പോള്‍ പാപ്പാന്മാര്‍ ചെയ്യുന്നത് ചെരിപ്പിനടയില്‍ ആണി വെച്ച് ആനയുടെ കാലില്‍ ചവിട്ടുകയാണ്.
അവസാനമിതാ വനം വകുപ്പുതന്നെ പ്രശ്‌നം പരിഹരിച്ചു. ആനകളുടെ ഡാറ്റാ ബുക്ക് തയ്യാറാക്കി അതില്‍ ഉയരം രേഖപ്പെടുത്തി. ആനപ്രേമികളെന്നവകാശപ്പെടുന്നവരുടെ നീറുന്ന പ്രശ്‌നം പരിഹരിച്ചു.
എങ്കിലും പാപ്പാന്മാര്‍ക്കുള്ള മദ്യത്തിനു കുറവില്ല എന്നത് വേറെ കാര്യം. കഴിഞ്ഞ തവണ തൃപ്രയാര്‍ ഉത്സവവുമായി ബന്ധപ്പെട്ട ഒരു ചടങ്ങില്‍ ഫിറ്റായ പാപ്പാന്‍ കുഴഞ്ഞുവീണ് വഴിയില്‍ കിടന്നുറങ്ങി.
പാപ്പാനില്ലാതെ ആന വരുമോ? അവസാനം വേറെ ആനയെ എഴുന്നള്ളിച്ചു. തൃശൂര്‍ പൂരത്തിനാകട്ടെ പാപ്പാന്മാരെ ഊതിച്ചു മദ്യപരിശോധന നടത്താന്‍ പോലീസ് തീരുമാനിക്കുകയായിരുന്നു.
വലിയ പ്രശ്‌നങ്ങളില്ലാതെയായിരുന്നു കേരളത്തിലെ ഉത്സവ സീസണ്‍ കടന്നു പോയിരുന്നത്. ആനയെ ഉപയോഗിച്ചുള്ള ധനസമ്പാദനം അന്ന് മുഖ്യ അജണ്ടയായിരുന്നില്ല. അപ്പോഴാണ് 1989മുതല്‍ തേക്കിന്‍കാട് മൈതാനിയില്‍ 100 ആനകളെ അണിനിരത്തി ഗജമേള ആരംഭിച്ചത്.
ആനകളെ കേരളത്തിലുടനീളം ലോറികളില്‍ കയറ്റി കൊണ്ടുപോയി എഴുന്നള്ളിക്കാന്‍ തുടങ്ങി. അതുവരെയില്ലാതിരുന്ന പലയിടത്തും പൂരങ്ങള്‍ ആരംഭിച്ചു. ഉണ്ടായിരുന്ന പൂരങ്ങളില്‍ ആനകളുടെ എണ്ണുംകൂടി. പെട്ടിക്കട ഉദ്ഘാടനത്തിനും പഞ്ചായത്ത് മെമ്പറെ സ്വീകരിക്കാനും ആന വേണമെന്നായി.
വാസ്തവത്തില്‍ ആനകളെ പ്രദര്‍ശന വസ്തുവാക്കുന്നതുതന്നെ നിയമവിരുദ്ധമായിരുന്നു. ഒരു വിദേശി തന്നെയാണ് ഈ പരിപാടി നിര്‍ത്തിവെക്കാന്‍ മുഖ്യകാരണമായത്. ബ്രിട്ടീഷുകാരനായ ഇയാന്‍ റെഡ്മണ്ട്. ഇത് മൃഗപീഡനമാണെന്നാരോപിച്ച ഇദ്ദേഹം ആനപ്രേമി വെങ്കിടാചലത്തോടൊപ്പം തൃശൂര്‍ പ്രസ് ക്ലബ്ബില്‍ പത്രസമ്മേളനം നടത്തി. 1998ലായിരുന്നു അത്.
തുടര്‍ന്ന് 99ല്‍തന്നെ ഗജമേള നിര്‍ത്തിവെച്ചു. എന്നാല്‍ അതിനിടെ നിരവധി പേര്‍ നിയമവിരുദ്ധമായി ആനകളെ കൈവശപ്പെടുത്തിയിരുന്നു. മുഖ്യമായും ബീഹാറിലെ സോണാപൂരു മേളയില്‍ നിന്നാണ് ആനകള്‍ എത്തിയത്.
ഇവയെ കേരളത്തിലുടനീളം ലോറികളില്‍ കയറ്റി കൊണ്ടുപോയി എഴുന്നള്ളിക്കാന്‍ തുടങ്ങി. അതുവരെയില്ലാതിരുന്ന പലയിടത്തും പൂരങ്ങള്‍ ആരംഭിച്ചു. ഉണ്ടായിരുന്ന പൂരങ്ങളില്‍ ആനകളുടെ എണ്ണുംകൂടി. പെട്ടിക്കട ഉദ്ഘാടനത്തിനും പഞ്ചായത്ത് മെമ്പറെ സ്വീകരിക്കാനും ആന വേണമെന്നായി.
അതോടെ യഥാര്‍ത്ഥ ആനസ്‌നേഹികള്‍ രംഗത്തിറങ്ങി. നാട്ടിലെ ആനകളുടെ കാര്യത്തില്‍ ഇടപെടാനാകില്ല എന്നായിരുന്നു സര്‍ക്കാര്‍ നിലപാട്. എന്നാല്‍ കേന്ദ്രമന്ത്രിയായിരുന്ന മേനകാഗാന്ധി നാട്ടാനകളും സത്യത്തില്‍ കാട്ടാനകള്‍ തന്നെയാണെന്നും കാട്ടാന സംരക്ഷണ നിയമങ്ങള്‍ അവക്കും ബാധകമാണെന്നു ഉത്തരവിറക്കി.
ആനകള്‍ക്കത് ആശ്വാസമായിരുന്നു. പക്ഷെ ആനകച്ചവടക്കാരുണ്ടോ വിടുന്നു? അന്നു മുതലാരംഭിച്ച നിയമലംഘനങ്ങള്‍ തന്നയാണ് ഇന്നും തുടരുന്നത്. ക്ഷമയറ്റ ആനകള്‍ എങ്ങനെ അക്രമാസക്തരാകാതിരിക്കും?
അഗ്നിഭഗവാന്‍ ദേവന്മാരുമായി പിണങ്ങി ഒളിവില്‍പോയ കാലം. പരിഭ്രാന്തനായ ബ്രഹ്മാവ് അഗ്നിയെ കണ്ടുപിടിക്കാന്‍ ഏതാനും ആനകളെ നിയോഗിച്ചു. അഗ്നിഭഗവാനെ കാണാന്‍ കഴിയാതിരുന്ന ആനകള്‍ അദ്ദേഹത്തിന്റെ ഭാര്യയോട് കയര്‍ത്തു.
ഇതറിഞ്ഞ അഗ്നി ഗജവീരന്മാരെ ശപിച്ചു. ശരീരത്തില്‍ ചൂട് അധികരിക്കട്ടെ എന്നായിരുന്നു ശാപം. എന്നാല്‍ ബ്രഹ്മാവ് പ്രശ്‌നത്തില്‍ ഇടപെട്ടു. ഉഷ്ണനിവാരണമാര്‍ഗ്ഗമായി ആനകളില്‍ പൊടി, വെള്ളം, ചെളി എന്നിവയോട് ആസക്തി സൃഷ്ടിച്ചു.
അങ്ങനെയാണത്രെ അവ ജലത്തില്‍ നീന്തിത്തുടിക്കാനും മണ്ണു വാരി ദേഹത്തിടാനും ചെളിയില്‍ കിടന്നുരുളാനും തുടങ്ങിയത്.
ആകാശത്തു കീഴെയുള്ള എന്തിനെ കുറിച്ചും നമുക്ക് ഐതിഹ്യങ്ങളും കഥകളും ഉണ്ട്. വെള്ളത്തോടും ചെളിയോടും മറ്റും ആനകള്‍ക്കുള്ള ആസക്തി സത്യം. അതുകണ്ട് ഏതെങ്കിലും ഭാവനാസമ്പന്നനുണ്ടാക്കിയ കഥയായിരിക്കാം ഇത്.
അതെന്തോ ആകട്ടെ. എവിടെ ഇടഞ്ഞാലും ആന ഓടിപോകുന്നത് എവിടേക്കാണ്? സമീപത്തെ ഏതെങ്കിലും ജലാശയത്തിലേക്ക്. പിന്നെയൊരു ആറാട്ടാണ്.
ഗുരുവായൂര്‍ ആനകോട്ടയില്‍ ഇതു നിത്യസംഭവം. കാടുകളിലും ആനകളുടെ ആവാസം അരുവികളോട് ചേര്‍ന്ന്. ഐതിഹ്യം വിട്ട് ശാസ്ത്രത്തിലേക്കു വരാം. കറുത്തനിറം സൂര്യപ്രകാശത്തെയും താപത്തേയും പൂര്‍ണ്ണമായും ആഗിരണം ചെയ്യുമെന്ന് നമുക്കറിയാം.
ആഗോളതാപനം മൂലം ഓരോ വര്‍ഷവും ചൂടു കൂടുന്നു. നന്നായൊന്നു മുങ്ങികുളിക്കാന്‍ അരുവികളോ ചോലകളോ ഇല്ല. മണിക്കൂറുകളോളും വെയിലത്തുള്ള എഴുന്നെള്ളിപ്പ്. രാത്രിയാണെങ്കില്‍ മുന്നില്‍ നിരത്തിപിടിച്ച പന്തകൊഴകള്‍.
കാട്ടാനകള്‍ നാട്ടിലിറങ്ങിയാല്‍ അവയെ ഓടിക്കുന്നത് പന്തം കത്തിച്ചല്ലേ? അതെങ്കിലും എന്തേ നാം ഓര്‍ക്കുന്നില്ല… പകരം ക്രൂരമായ മര്‍ദ്ദനം. അതിനുകൊടുത്തിരിക്കുന്ന പേരാകട്ടെ ചട്ടം പഠിപ്പിക്കല്‍. ആരുടെ ചട്ടം.. എന്തു ചട്ടം. ആനക്കെന്തു മനുഷ്യനുണ്ടാക്കിയ ചട്ടം?
ഇനി അഥവാ ചട്ടം പഠിച്ചെന്നു തന്നെ ഇരിക്കട്ടെ. എന്നാലും ആനക്ക് രക്ഷയില്ല. ഗുരുവായൂര്‍ ആനകോട്ടയിലെ മുകുന്ദന്‍ എന്ന ആനയുടെ ദുരിതകഥ ഇങ്ങനെ. വര്‍ഷങ്ങള്‍ക്കുമുമ്പൊരു ദിവസം അവന്‍ ശാന്തനായി പട്ടതിന്നുകയായിരുന്നു.
അപ്പോഴായിരുന്നു മറ്റൊരനയുടെ പാപ്പാന്‍ വന്ന് അവനോട് പട്ട തീറ്റി നിര്‍ത്താനാവശ്യപ്പെട്ടത്. പഠിച്ച ചട്ടമനുസരിച്ച് മുകുന്ദന് അതനുസരിക്കേണ്ട കാര്യമില്ല. എന്നാല്‍ ആ പാപ്പാന്‍ ആനയെ ക്രൂരമായി മര്‍ദ്ദിച്ചു.
കലി പൂണ്ട മുകുന്ദന്‍ ഒറ്റചവിട്ടിന് അയാളെ കൊന്നു. അന്നുമുതലാരംഭിച്ചു അവന്റെ ദുരിതകാലം. എല്ലാ പാപ്പാന്മാരും കൈതരിപ്പ് മാറ്റുന്നത് മുകുന്ദന്റെ മേല്‍. മുഴുവന്‍ സമയം ചങ്ങലയിലാണ് അവന്റെ വര്‍ഷങ്ങളായുള്ള ജീവിതം.
സമൂഹത്തില്‍ ആനകമ്പക്കാരായി വിലസുന്നവര്‍ നിരവധി. എന്നാല്‍ യാഥാര്‍ത്ഥ്യം ചിലവപ്പോള്‍ ഞെട്ടിക്കുന്നതാണ്.
പ്രശസ്ത നടന്‍ ജയറാം തന്നെ ഉദാഹരണം. ഇദ്ദേഹത്തിന്റെ കണ്ണന്‍ എന്ന ആന വളരെ പ്രസിദ്ധമാണല്ലോ. അത് കുറുമ്പിലാവ് തിരുവാണിക്കാവ് ക്ഷേത്രത്തില്‍ എല്ലും തോലുമായി അവശനിലയിലായിരുന്നു.
ആനയുടെ ശരീരത്തിലെ നീരുകണ്ട്, തടിയാണെന്ന് തെറ്റിദ്ധരിച്ചാണത്രെ ജയറാം വാങ്ങിയത്. പിന്നെ ജയറാം ആനയെ നോക്കാന്‍ ഒരാളെ ഏല്പിച്ചു. പണം കൊടുക്കാത്തതിനാല്‍ ചികത്സിക്കാന്‍ ഡോക്ടര്‍ പോലും എത്തിയിരുന്നില്ല.
ഇതുമായി ബന്ധപ്പെട്ട വാര്‍ത്ത വന്നതിനെ തുടര്‍ന്ന് ജയറാം ഓടിയെത്തി ആനയോടൊപ്പം പോസ് ചെയ്ത് ഫോട്ടോയും മറ്റം എടുക്കുകയായിരുന്നു.
മേനകാഗാന്ധി ആനസംരക്ഷണവുമായി ബന്ധപ്പെട്ട് കര്‍ശനമായ നിലപാടുകള്‍ സ്വീകരിച്ചതിനെ തുടര്‍ന്ന് നാട്ടാന സംരക്ഷണനിയമത്തിനു രൂപം നല്‍കാന്‍ സര്‍ക്കാരിനു തയ്യാറാകേണ്ടിവന്നു. തൃശൂരിലെ ആനപ്രേമി സംഘവും പല ആനസ്‌നേഹികളും ഇക്കാര്യത്തില്‍ നിയമയുദ്ധങ്ങളും ആരംഭിച്ചിരുന്നു.
എറണാകുളത്ത് രവിപുരത്തും ചേറ്റുവ പള്ളി പറമ്പിലും ഇരിങ്ങാലക്കുട കൂടല്‍മാണിക്യ ക്ഷേത്രത്തിലും മറ്റും ഇടഞ്ഞ ആനകള്‍ മണിക്കൂറുകള്‍ നടത്തിയ കൊലവിളി ലൈവ് ആയി ലോകം കണ്ടു. പല ഫോട്ടോഗ്രാഫര്‍മാരും അവ ചിത്രീകരിച്ച് പുരസ്‌കാരങ്ങള്‍ നേടി. ചിലര്‍ സി.ഡിയുണ്ടാക്കി വിറ്റ് കാശുണ്ടാക്കി.
മറുവശത്ത് തുടരുന്ന നിയമയുദ്ധങ്ങളുടെ ഫലമായി ആനകളെ വെയിലത്തു നടത്തികൊണ്ടുപോകാതിരിക്കുക, 11 മുതല്‍ 4 വരെയുള്ള എഴുന്നെള്ളിപ്പുകള്‍ ഉപേക്ഷിക്കുക, ഉണ്ടെങ്കില്‍തന്നെ ആനകള്‍ക്ക് പന്തലിട്ടുകൊടുക്കുക, റോഡില്‍ ചാക്കു വിരിച്ചു നനക്കുക, തണ്ണിമത്തനും മറ്റും തിന്നാന്‍ കൊടുക്കുക, ഒരു ജില്ലയില്‍ നിന്ന് മറ്റൊരു ജില്ലയിലേക്ക് കൊണ്ടുപോകാന്‍ വനം വകുപ്പിന്റെ അനുമതി വാങ്ങുക തുടങ്ങി നിരവധി തീരുമാനങ്ങള്‍ പ്രഖ്യാപിക്കപ്പെട്ടു.
ഒരു ജീവിയോട് ചെയ്യാവുന്ന ഏറ്റവും വലിയ ക്രൂരതയാണ് നാം ആനയോട് ചെയ്യുന്നത്. അവക്ക് ലൈംഗികത നിഷേധിക്കുന്നു എന്നതാണത്. ലൈംഗികതക്കായി മനുഷ്യന്‍ ചെയ്തു കൂട്ടുന്ന ഭയാനകമായ ക്രൂരതകളുടെ കാലമാണിതെന്നതും മറക്കരുത്.
ചിലയിടത്തൊക്കെ അവ പാലിക്കപ്പെടുന്നുണ്ടെങ്കിലും മിക്കവാറും സ്ഥലങ്ങളില്‍ ഇപ്പോഴും ലംഘിക്കപ്പെടുകയാണ്. കൂടാതെ ആനകളെ എഴുന്നള്ളിക്കുന്നതിലെ മത്സരം മൂര്‍ഛിച്ചു. ആനകളെ തിക്കിത്തിരക്കിനിര്‍ത്തി എഴിന്നള്ളിക്കുന്നതിന്റെ ഫലമായി അവതമ്മില്‍ കൊമ്പുകോര്‍ക്കാന്‍ തുടങ്ങി.
അങ്ങനെ ഉത്സവപറമ്പില്‍ ആനയോടുന്നതിനുപകരം ആനകള്‍ ഓടാന്‍ തുടങ്ങി. കഴിഞ്ഞ ദിവസം പെരുമ്പാവൂരില്‍ ഉണ്ടായതും മറ്റൊന്നല്ല. ഓരോ വര്‍ഷവും ശരാശരി നാല്പതോളം പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. ഭൂരിഭാഗവും നിരപരാധികള്‍. പിന്നെ ആനച്ചോറ് കൊലച്ചോറ് എന്ന ചൊല്ലിനെ അന്വര്‍ത്ഥമാക്കി പാപ്പാന്മാരും.
പൂരത്തിനു പുറമെ ക്ഷേത്രങ്ങളില്‍ ആനയൂട്ടുകളും വ്യാപകമായി. വെയിലത്തു നിരത്തി നിര്‍ത്തിയ ആനകളുടെ വായില്‍ ഭക്ഷണമുരുട്ടി കൊടുക്കുന്നതായി സായൂജ്യം. വടക്കുംനാഥനിലടക്കം പലയിടത്തും ഭക്ഷണപീഡനം സഹിക്കാതെ ആനകള്‍ വിരണ്ടു.
രണ്ടുവര്‍ഷം മുമ്പ് ഇടഞ്ഞ കൊമ്പന്‍ റെയില്‍വേ സ്റ്റേഷനിലെത്തി കാറുകള്‍ എടുത്തെറിഞ്ഞ് പ്ലാറ്റ് ഫോമില്‍ കയറി. ആനയെ മയക്കു വെടിവെക്കുന്നതില്‍ മത്സരിക്കുന്ന ഡോക്ടര്‍മാര്‍ക്കു സുവര്‍ണ്ണകാലമായി. പലരും 500ല്‍പരം ആനകളെ വെടിവെച്ചതായി മാധ്യമങ്ങളില്‍ അവകാശപ്പെടുന്ന കാഴ്ച കണ്ടു. മയക്കുവെടി ആനയിലുണ്ടാക്കുന്ന ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ അവഗണിക്കപ്പെട്ടു.
ആനകള്‍ക്കുവേണ്ടി വാദിക്കുന്നവര്‍ ഉത്സവങ്ങളും ആഘോഷങ്ങളും തകര്‍ക്കാന്‍ ശ്രമിക്കുന്നവരാണെന്നു മുദ്രയടിക്കപ്പെട്ടു. ഏതൊരു ആചാരവും മാറ്റങ്ങള്‍ക്കു വിധേയമാണന്നെരിക്കെ അതിന്റെ പേരില്‍ ആനപീഡനം ന്യായീകരിക്കപ്പെട്ടു. മറ്റു സമുദായങ്ങള്‍ക്കും ആഘോഷങ്ങള്‍ക്ക് ആന വേണമെന്നായി. പിന്നെ പെട്ടിക്കട ഉദാഘാടനത്തിനും പഞ്ചായത്ത് മെമ്പറെ സ്വീകരിക്കാനുമടക്കം.
അതിനിടെ കേന്ദ്രത്തില്‍ ജയറാം രമേഷിന് വനംവകുപ്പ് നഷ്ടപ്പെട്ടതും കേരളത്തില്‍ ആനയുടമ കെ.ബി ഗണേഷ് കുമാര്‍ മന്ത്രിയായതും ആനകള്‍ക്കു കഷ്ടകാലമായി. നാട്ടാന പരിപാലന നിയമത്തില്‍ വെള്ളം ചേര്‍ന്നു.
ജില്ലമാറ്റി ആനകളെ കൊണ്ടുപോകാന്‍ വനം വകുപ്പിന്റെ അനുമതി വേണ്ട എന്നായി. മന്ത്രിക്കടുപ്പമുള്ളവരുടെ ആനകളെ എഴുന്നള്ളിക്കലാണ് ഇതിന്റെ ഉദ്ദേശമെന്ന് ആരോപണമുയര്‍ന്നു. കഴിഞ്ഞ വര്‍ഷം തൃശൂരും ഇരിങ്ങാലക്കുടയിലുമടക്കും പലയിടത്തും ഇടഞ്ഞവ ഇത്തരം ആനകളായിരുന്നു.
സമൂഹത്തോട് യാതൊരു പ്രതിബദ്ധതയും തങ്ങള്‍ക്കില്ലെന്ന് ആനകളെ കൃത്യമായി പരിശോധിക്കാതെ ഫിറ്റ്‌നെസ്സ് സര്‍ട്ടിഫിക്കറ്റ് കൊടുക്കുന്ന ഡോക്ടര്‍മാര്‍ തെളിയിച്ചു. ആ സര്‍ട്ടിഫിക്കറ്റുകള്‍ കാണിച്ച് ഉത്സവകമ്മിറ്റിക്കാരും കൈകഴുകി. ഫലമെന്താ? ഉത്സവപറമ്പുകളില്‍ മനുഷ്യക്കുരുതികള്‍ പെരുകി. അപ്പോഴും ഇടഞ്ഞോടുന്ന ആനകള്‍ക്കു പുറകെ ആരവങ്ങളോടെ മനുഷ്യര്‍ പാഞ്ഞു.
ഏതു ഗോത്രസ്മരണകളായിരിക്കും അതിനവനു പ്രചോദനമാകുന്നതാവോ?
മനുഷ്യനെ മാത്രമല്ല, മൃഗങ്ങളെയും സംരക്ഷിക്കാനുള്ള ബാധ്യത സര്‍ക്കാരിനില്ലേ? പ്രത്യേകിച്ച് കാട്ടുമൃഗങ്ങളെ? ഉണ്ടെന്നാണ് വെപ്പ്. എന്നാല്‍ കേരള സര്‍ക്കാരിന്റെ അധീനതയിലുള്ള ഭാഷാ ഇന്‍സ്റ്റിട്യൂട്ട് ഒരു പുസ്തകം പ്രസിദ്ധീകരിച്ചിട്ടുണ്ട്. എം.എസ് ജോയ് എഴുതിയ ആന.
വാരിക്കുഴികള്‍ കുത്തി ആനകളെ എങ്ങനെ പിടിക്കാം, എങ്ങനെ മരുക്കാം, എങ്ങനെ പണിയെടുപ്പിക്കാം എന്നൊക്കെയാണ് പുസ്തകത്തിന്റെ ഉള്ളടക്കം. കാട്ടില്‍നിന്നുള്ള ആനപിടുത്തം എന്നേ നിരോധിച്ചിട്ടുള്ളതാണ്. എന്നാല്‍ നിയമലംഘനത്തെ പ്രോത്സാഹിപ്പിക്കുന്ന ഈ പുസ്തകം ഇപ്പോഴും ഭാഷാ ഇന്‍സ്റ്റിട്ട്യൂട്ടില്‍ ലഭ്യമാണ്.
ഓരോ വര്‍ഷവും ശരാശരി നാല്പതോളം പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. ഭൂരിഭാഗവും നിരപരാധികള്‍. പിന്നെ ആനച്ചോറ് കൊലച്ചോറ് എന്ന ചൊല്ലിനെ അന്വര്‍ത്ഥമാക്കി പാപ്പാന്മാരും
വാസ്തവത്തില്‍ ആനകളെല്ലാം സര്‍ക്കാരിന്റേതാണ്. കാട് സര്‍ക്കാരിന്റേതായതിനാല്‍ അതിലെ ജീവികളും സര്‍ക്കാരിന്റേതാണല്ലോ. ആനകളുടെ കൈവശാവകാശമാണ് ഉടമകളെന്ന് പറയുന്നവര്‍ക്ക് നല്‍കിയിട്ടുള്ളത്. എന്നാല്‍ കൈവശം വെക്കുന്നവര്‍ സ്വയം ഉടമകളാണെന്നവകാശപ്പെട്ട് സംഘടനകള്‍ ഉണ്ടാക്കി വില പേശുകയാണ്.
പരമ്പരാഗതമായി ആനകളെ വളര്‍ത്തുന്നവര്‍ക്കുമാത്രമെ കൈവശാവകാശം കൊടുക്കാന്‍ പാടൂ എന്നാണ് നിയമം. ഇതാകട്ടെ കൈമാറാന്‍ പാടില്ല. ആനകളെ നോക്കാന്‍ കഴിയാത്ത അവസ്ഥയാണെങ്കില്‍ സര്‍ക്കാരിനെ തിരിച്ചേല്പിക്കണം. എന്നാല്‍ നിയമവിരുദ്ധമായ കൈമാറ്റങ്ങളാണ് ഇവിടെ നടക്കുന്നത്.
ഇപ്പോള്‍ ഉടമകളുടെ വേവലാതി കേരളത്തില്‍ നാട്ടാനകളുടെ എണ്ണം കുറയുന്നതാണ്. ആനപിടുത്തവും മറ്റു സംസ്ഥാനങ്ങളില്‍ നിന്നു കൊണ്ടുവരലും നിരോധിച്ച ശേഷം നാട്ടാനകളുടെ എണ്ണത്തില്‍ വലിയ കുറവാണ് വന്നിരിക്കുന്നത്.
2007ല്‍ 700ല്‍പരം ആനകള്‍ക്ക് മൈക്രോചിപ്പ് ഘടിപ്പിരുന്നു. എന്നാല്‍ കഴിഞ്ഞ വര്‍ഷം ആനകളുടെ ഡാറ്റാബുക്ക് തയ്യാറാക്കിയപ്പോള്‍ 400 ഓളം ആനകള്‍ മാത്രമാണ് എത്തിയത്. ബാക്കി ആനകള്‍ എവിടെ എന്ന ചോദ്യം അവശേഷിക്കുന്നു. ഇടക്കിടെ സംശയാസ്പദമായ സാഹപര്യത്തില്‍ ആനകള്‍ ചെരിയുന്നതായി റിപ്പോര്‍ട്ടുകള്‍ വരാറുണ്ടുണ്ട്.
സൂപ്പര്‍ സ്റ്റാറും ലഫ്റ്റനെന്റ് ജനറലുമായ മോഹന്‍ലാലിന്റെ കൈവശം പോലും അനധികൃത ആനകൊമ്പു കാണുന്നതിനെ ഇതുമായി കൂട്ടിചേര്‍ത്തുവായിക്കണം.
കൂടാതെ ചരിയുന്ന ആനകളെ കുറിച്ച് റിപ്പോര്‍ട്ട് ചെയ്യാതെ, പകരമായി കര്‍ണ്ണാടകയില്‍നിന്നും ആനകളെ കടത്തുന്നതായും പരാതിയുണ്ട്. ഡാറ്റാബുക്കിനായി ഹാജരാക്കിയ 60ഓളം ആനകള്‍ക്ക് ഒരു രേഖയുമില്ലത്രെ.[]
ഒരു ജീവിവംശം എങ്ങനെയാണ് നിലനില്‍ക്കുക? എല്ലാവര്‍ക്കും അറിയാം പ്രത്യുല്പാദനം വഴി. എങ്കില്‍ നാട്ടാനകളുടെ എണ്ണം എങ്ങനെ കുറയുന്നു? പ്രത്യുല്പാദനം നടക്കുന്നില്ല എന്നു വ്യക്തം. നാട്ടാനകളില്‍ പിടിയാനകള്‍ നൂറില്‍ താഴെ മാത്രം.
ഇവ പ്രസവിച്ചാല്‍ കുഞ്ഞിന്റെ ഉടമ സ്വാഭാവികമായും സര്‍ക്കാരാണ്. അതുകൊണ്ടുതന്നെ ആന പ്രസവിക്കുന്നതില്‍ കൈവശക്കാര്‍ക്ക് താല്പര്യമില്ല. കൂടാതെ കുട്ടിയാനയില്‍നിന്ന് വരുമാനം ഉണ്ടാകാന്‍ എത്രകാലം കാത്തിരിക്കണം. ഗര്‍ഭിണിയാകുന്ന സമയത്തും പ്രസവം കഴിഞ്ഞ് ഏതാനും മാസവും പിടിയാനയെകൊണ്ടും പണിയെടുപ്പിക്കാന്‍ കഴിയില്ല.
അതുകൊണ്ടുതന്നെ എല്ലാവരും ചേര്‍ന്ന് ഒരു വിശ്വാസമുണ്ടാക്കി. ആന പ്രസവിക്കുന്നത് കുടുംബത്തിനു ദോഷമാണ്. ദോഷം സാമ്പത്തികമല്ലാതെ മറ്റൊന്നല്ല. പകരം സര്‍ക്കാര്‍ ആനകളെ നല്‍കണം. ലളിതമെന്നുതോന്നുന്ന ഇക്കാര്യത്തില്‍ ഭീകരമായ മറ്റൊരു പീഡനം ഒളിച്ചിരിക്കുന്ന കാര്യം പലര്‍ക്കുമറിയില്ല.
ഒരു ജീവിയോട് ചെയ്യാവുന്ന ഏറ്റവും വലിയ ക്രൂരതയാണ് നാം ആനയോട് ചെയ്യുന്നത്. അവക്ക് ലൈംഗികത നിഷേധിക്കുന്നു എന്നതാണത്. ലൈംഗികതക്കായി മനുഷ്യന്‍ ചെയ്തു കൂട്ടുന്ന ഭയാനകമായ ക്രൂരതകളുടെ കാലമാണിതെന്നതും മറക്കരുത്.
ആനയുമായി ബന്ധപ്പെട്ട് എപ്പോഴും പറയുന്ന മദപ്പാട് സത്യത്തില്‍ എന്താണെന്ന് കൃത്യമായി ആര്‍ക്കുമറിയില്ല. ദേവാസുരയുദ്ധത്തില്‍ ഭയപ്പെട്ട് ഓടിയ ആനകള്‍ക്ക് ബ്രഹ്മാവ് കല്‍പ്പിച്ചുകൊടുത്ത പ്രതിഭാസമാണ് മദമെന്നു വിശ്വാസം. മദം കൊണ്ട് ശക്തരായ ആനകള്‍ തിരിച്ച് പടനിലത്തിലെത്തി അസുരഗണത്തെ ഒന്നടങ്കം തകത്തു തരിപ്പണമാക്കിയത്രെ.
ഈ കഥയില്‍ ഒരു യാഥാര്‍ത്ഥ്യമുണ്ട്. മദമുള്ളപ്പോള്‍ ആന കരുത്തനാകുന്നു. എന്തിനേയും തകര്‍ത്തു തരിപ്പണമാക്കാനാണ് ആ സമയത്ത് അവന്റെ ആഗ്രഹം. എങ്കില്‍ മദപ്പാട് മറച്ചുവെച്ച് എഴുന്നള്ളിച്ചാല്‍ എന്തായിരിക്കും അവസ്ഥ? കഴിഞ്ഞ വര്‍ഷം തൃശൂര്‍ പൂരത്തിനുപോലും സംഭവിച്ചത് അതാണല്ലോ.
അതികാഠിന്യമുള്ള മരുന്നുകള്‍ കൊടുത്താണ് പലപ്പോഴും മദജലം ഒഴുകുന്നത് മറച്ചുവെക്കാന്‍ ശ്രമിക്കുന്നത്. അതിന്റെ പരിണതഫലങ്ങളാണ് പല ഉത്സവ ബലികളും.
2003ല്‍ കുംഭകോണം ക്ഷേത്രത്തില്‍ ഒരാന പാപ്പാനെ കൊന്നിരുന്നു. അപ്പോള്‍ ഒരു ജോത്സ്യനാണത്രെ ഈ ആവശ്യം ഉന്നയിച്ചത്. വിശ്വാസിയായ ജയലളിത ഉടനത് നടപ്പാക്കി. പൊള്ളാച്ചി, നീലഗിരി മേഖലകളിലാണ് ഈ സംവിധാനം നിലനില്‍ക്കുന്നത്. മന്ത്രി ഗണേഷ്‌കുമാറും ഇത്തരത്തില്‍ ആലോചിക്കാമെന്ന് പറഞ്ഞിരുന്നു. എന്നാല്‍ നടക്കുമെന്ന് കരുതാന്‍വയ്യ.
പകരം വര്‍ഷങ്ങള്‍ക്കുമുമ്പ് ഗുരുവായൂരിനടുത്ത് നടന്ന സംഭവം മനുഷ്യന്റെ ക്രൂരതയുടെ ഏറ്റവും വലിയ തെളിവായി നിലനില്‍ക്കുന്നു. വിദേശികള്‍ക്ക് വീഡിയോ ചിത്രീകരണം നടത്താന്‍ വേണ്ടി രശ്മി എന്ന പിടിയാനയെ ഒരു കൊമ്പനെ കൊണ്ട് മെയ്റ്റ് ചെയ്ത സംഭവമാണത്. ആനകള്‍ക്ക് ഇത്തരം താല്പര്യമുണ്ടോ എന്ന പരിഗണനയൊന്നും ഇല്ലാതെയായിരുന്നു സംഭവം നടത്തിയത്.
വാസ്തവത്തില്‍ അരമണിക്കൂറോളം നീണ്ടുനില്‍ക്കുന്ന പ്രണയസാന്ദ്രമായ ഒന്നാണ് ആനകളുടെ ലൈംഗികബന്ധം. എന്നാല്‍ ഇവിടെ നടന്നത് ഭയാനകമായ പീഡനമായിരുന്നു. പലവട്ടം ഈ രംഗം അനിമല്‍ പ്ലാനറ്റ് പോലുള്ള ചാനലുകളില്‍ പ്രക്ഷേപണം ചെയ്തിട്ടുണ്ട്.
പല്ലിളിച്ചു നോക്കി നില്‍ക്കുന്ന മലയാളി ആനപ്രേമികളേയും അതില്‍ വ്യക്തമായി കാണാം. ദിവസങ്ങള്‍ക്കകം രശ്മി ചരിഞ്ഞു എന്നതാണ് ഈ സംഭവത്തിന്റെ ക്ലൈമാക്‌സും ട്രാജഡിയും. മനുഷ്യന്റെ ക്രൂരകൃത്യങ്ങളെ മൃഗീയം എന്നു വിശേഷിപ്പിക്കുന്നതില്‍ എന്തര്‍ത്ഥമാണുള്ളത്?
“”ഇരകള്‍ ആവാന്‍ കാത്തിരിക്കുക.
ആനകള്‍ ലൈനില്‍ ഉണ്ട്. ആചാര വെടികളും.
ഈ രക്തസാക്ഷികളുടെ ചോരയില്‍
കുളിച്ചു കൂടല്‍മാണിക്യം ആറാട്ട് യാത്ര
..വീണ്ടും ………..
മരണപ്പെട്ടവര്‍ക്കും ദൈവത്തിനും
ഒരു പോലെ ആചാരവെടി സമര്‍പ്പിക്കുന്ന കേരളത്തില്‍
ഈ മരണങ്ങള്‍ക്ക് നാം ആരോട് മറുപടി പറയും ?
നിശബ്ദനായ ദൈവത്തിനോടോ?
ജീവന്‍ വെടിഞ്ഞ സാധാരണ മനുഷ്യരുടെ ആത്മാക്കള്‍ക്കോ?
നാളെ നമ്മള്‍ ആരെങ്കിലും ഈ വാര്‍ത്തക്ക് പാത്രമാവില്ല
എന്നുറപ്പ് തരാന്‍ ആര്‍ക്കാണ് സാധിക്കുക?”
കഴിഞ്ഞ വര്‍ഷം കൂടല്‍മാണിക്യക്ഷേത്രത്തില്‍ ആനയിടഞ്ഞ് രണ്ടുവയസ്സുകാരന്‍ മരിച്ചപ്പോള്‍ ഇരിങ്ങാലക്കുട സ്വദേശിനിയും യുവഎഴുത്തുകാരിയുമായ രോഷ്ണി സപ്ന ഫെയ്‌സ് ബുക്കില്‍ കുറിച്ചിട്ട വരികളാണിവ.
ആനചന്തം ഒരു ചന്തം തന്നെയാണന്നതില്‍ സംശയമില്ല. അല്ലെങ്കില്‍ കൊച്ചുകുട്ടികള്‍ ആനയെ കാണിച്ചു തരാമെന്നു പറയുമ്പോള്‍ കരച്ചില്‍ നിര്‍ത്തില്ലല്ലോ. എന്നാല്‍ എല്ലാവരും ഇഷ്ടപ്പെടുന്നു എന്നവകാശപ്പെടുന്ന ആനയുടെ പക്ഷത്തുനിന്നു നാമാരെങ്കിലും ചിന്തിച്ചിട്ടുണ്ടോ?
വൈലോപ്പിള്ളി വര്‍ഷങ്ങള്‍ക്കുമുമ്പെ അത്തരമൊരു ശ്രമം നടത്തി. അതാണ് സഹ്യന്റെ മകന്‍. ഒരു പാവം ഗജവീരന്റെ ഗദ്ഗദങ്ങളും ഗതകാലസ്മരണകളും. എന്നാല്‍ വൈലോപ്പിള്ളിയുടെ നാട്ടുകാരെന്നു ഊറ്റം കൊള്ളുന്ന നാം ചെയ്യുന്നതോ?
ക്ഷേത്രപ്രവേശനവിളംബരം പോലെ ആചാരങ്ങളില്‍ എത്രയോ മാറ്റങ്ങള്‍ വന്നിരിക്കുന്നു? എന്തുകൊണ്ട് ഇക്കാര്യത്തിലും അങ്ങനെ ചിന്തിച്ചുകൂടാ? ഉത്സവങ്ങള്‍ക്ക് മച്ചാട് മാമാങ്കത്തിന്റെ കുതിരകോലങ്ങള്‍പോലെ മനോഹരമായ ആനകോലങ്ങള്‍ പോരേ? അതുകൊണ്ട് കുടമാറ്റത്തിനും ഇലഞ്ഞിത്തറമേളത്തിനും എന്തെങ്കിലും കുറവു വരുമോ?
ഉത്സവബലികള്‍ക്കെങ്കിലും അവസാനമാകും. ഒപ്പം കാടിന്റെ മക്കള്‍ അതിന്റെ പ്രശാന്തതയില്‍ തന്നെ ജീവിക്കട്ടെ എന്നു കൂടി തീരുമാനിക്കാന്‍ കഴിഞ്ഞാല്‍.. എങ്കില്‍ മനുഷ്യന്‍ എത്ര സുന്ദരമായ പദം എന്ന വരികള്‍ എത്രയോ അര്‍ത്ഥവത്താകും?
കടപ്പാട്: മലയാളം ന്യൂസ്