| Tuesday, 15th November 2016, 11:50 am

തനിക്ക് ആനക്കൊമ്പ് സൂക്ഷിക്കാനുള്ള അനുവാദം നല്‍കിയത് കേന്ദ്രസര്‍ക്കാരെന്ന് മോഹന്‍ലാല്‍ ഹൈക്കോടതിയില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

താന്‍ ആനക്കൊമ്പ് സൂക്ഷിക്കുന്നത് ചോദ്യം ചെയ്യാന്‍ ഹര്‍ജിക്കാരനോ അന്വേഷണത്തിന് ഉത്തരവിടാന്‍ വിജിലന്‍സ് കോടതിക്കോ കഴിയില്ലെന്നും മോഹന്‍ലാല്‍ ഹര്‍ജിയില്‍ പറയുന്നുണ്ട്.


കൊച്ചി: തനിക്ക് ആനക്കൊമ്പ് കൈവശം വെക്കാനുള്ള അധികാരം നല്‍കിയത് കേന്ദ്രസര്‍ക്കാരാണെന്ന് നടന്‍ മോഹന്‍ലാല്‍. കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശം പ്രകാരം സംസ്ഥാന സര്‍ക്കാരാണ് ഈ അനുമതി തനിക്ക് നല്‍കിയതെന്നും മോഹന്‍ലാല്‍ ഹൈക്കോടതിയില്‍ നല്‍കിയ ഹരജിയില്‍ വ്യക്തമാക്കുന്നു. ആനക്കൊമ്പ് കേസുമായി ബന്ധപ്പെട്ടുളള ത്വരിതാന്വേഷണം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയിലാണ് മോഹന്‍ലാല്‍ ഇക്കാര്യം വ്യക്തമാക്കിയത്.

കേന്ദ്രസര്‍ക്കാര്‍ അനുമതി പ്രകാരം സംസ്ഥാന വനം വന്യജീവി വകുപ്പ് ആനക്കൊമ്പുകള്‍ വീട്ടില്‍ സൂക്ഷിക്കാന്‍ തനിക്ക് അനുമതി നല്‍കുകയായിരുന്നുവെന്നും ഇക്കാര്യം വ്യക്തമാക്കി ഗവര്‍ണര്‍ ഉത്തരവ് നല്‍കിയിട്ടുണ്ടെന്നും മോഹന്‍ലാല്‍ ഹരജിയില്‍ വ്യക്തമാക്കുന്നു.

അതിനാല്‍ തന്നെ താന്‍ ആനക്കൊമ്പ് സൂക്ഷിക്കുന്നത് ചോദ്യം ചെയ്യാന്‍ ഹര്‍ജിക്കാരനോ അന്വേഷണത്തിന് ഉത്തരവിടാന്‍ വിജിലന്‍സ് കോടതിക്കോ കഴിയില്ലെന്നും മോഹന്‍ലാല്‍ ഹര്‍ജിയില്‍ പറയുന്നുണ്ട്.

തുടര്‍ന്ന് മോഹന്‍ലാലിന്റെ ഹര്‍ജിയില്‍ ഹൈക്കോടതി സര്‍ക്കാരിനോടും വിജിലന്‍സിനോടും വിശദീകരണം തേടിയിട്ടുണ്ട്. മറുപടി നല്‍കാന്‍ സാവകാശം നല്‍കണമെന്നാണ് സര്‍ക്കാര്‍ ഇപ്പോള്‍ ആവശ്യപ്പെട്ടിരിക്കുന്നത്. തുടര്‍ന്ന് ഹരജി പരിഗണിക്കുന്നത് അടുത്താഴ്ചത്തേക്ക് മാറ്റി.

മോഹന്‍ലാലിന്റെ വീട്ടില്‍ നിന്നും ആനക്കൊമ്പുകള്‍ പിടികൂടിയ കേസില്‍ വനംവകുപ്പ് തുടര്‍നടപടികള്‍ അവസാനിപ്പിച്ചുവെന്ന് ആരോപിച്ച് എറണാകുളം സ്വദേശി ഏലൂര്‍ അന്തിക്കാട് വീട്ടില്‍ എ.എ പൗലോസാണ് മൂവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ ഹര്‍ജി നല്‍കിയത്.

തുടര്‍ന്ന് ഒക്ടോബര്‍ 15നാണ് വിജിലന്‍സ് കോടതി മോഹന്‍ലാലിനെതിരെ ത്വരിതാന്വേഷണം നടത്താന്‍ ഉത്തരവിട്ടത്.

മുന്‍മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, മോഹന്‍ലാല്‍ തുടങ്ങി പത്തു പേരെ എതിര്‍കക്ഷികളാക്കിയാണ് ഹരജിക്കാരന്‍ പരാതി നല്‍കിയത്. എന്നാല്‍ എതിര്‍കക്ഷികളില്‍നിന്നു ചിലരെമാത്രം ഒഴിവാക്കി തിരുവഞ്ചൂരിനും മോഹന്‍ലാലിനുമെതിരേ ദ്രുതപരിശോധന നടത്താനായിരുന്നു വിജിലന്‍സ് കോടതി ഉത്തരവിട്ടത്.  അതെസമയം വിജിലന്‍സ് കോടതി ഉത്തരവ് കാര്യങ്ങള്‍ വേണ്ടവിധം പരിശോധിക്കാതെയാണെന്നാണ് മോഹന്‍ലാല്‍ ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ വ്യക്തമാക്കുന്നത്.

We use cookies to give you the best possible experience. Learn more