| Wednesday, 27th November 2019, 10:57 am

ആനക്കൊമ്പ് കേസില്‍ വനംവകുപ്പിലെ ചില ഉദ്യോഗസ്ഥര്‍ ഗൂഢാലോചന നടത്തി; സര്‍ക്കാരിനെ സമീപിച്ച് മോഹന്‍ലാല്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ആനക്കൊമ്പ് കേസില്‍ വനംവകുപ്പിലെ ചില ഉദ്യോഗസ്ഥര്‍ തനിക്കെതിരെ ഗൂഢാലോചന നടത്തുന്നെന്ന് നടന്‍ മോഹന്‍ലാല്‍.

തനിക്കെതിരായ കേസ് കെട്ടിച്ചമച്ചതാണെന്നും കോടനാട് വനം റേഞ്ച് ഓഫീസര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ അന്വേഷണം നടത്തണമെന്നുമാവശ്യപ്പെട്ട് മോഹന്‍ലാല്‍ സര്‍ക്കാരിനെ സമീപിച്ചത്. വനംമന്ത്രി കെ. രാജുവിനാണ് പരാതി നല്‍കിയത്. അതേസമയം പരാതിയില്‍ നടപടി ആരംഭിച്ചിട്ടില്ല.

ആനക്കൊമ്പ് സൂക്ഷിക്കാന്‍ വനംവകുപ്പ് അനുമതി നല്‍കുകയും കോടതിയെ ഇക്കാര്യം ബോധിപ്പിക്കുകയും ചെയ്തിരുന്നെന്നും അതിനുശേഷം പെരുമ്പാവൂര്‍ കോടതിയില്‍ കുറ്റപത്രം നല്‍കിയതിയതിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നാണ് മോഹന്‍ലാല്‍ പരാതിയില്‍ പറയുന്നത്.

ആനക്കൊമ്പ് കേസുമായി ബന്ധപ്പെട്ട് സാമൂഹ്യമാധ്യമങ്ങള്‍ വഴി ചിലര്‍ തന്നെ അധിക്ഷേപിക്കുകയാണെന്നും ലാല്‍ പറയുന്നു.

ആനക്കൊമ്പ് കൈവശംവയ്ക്കാന്‍ മുന്‍കാലപ്രാബല്യത്തോടെ മുഖ്യവനപാലകന്‍ നല്‍കിയ അനുമതി റദ്ദാക്കണമെന്നാവശ്യപ്പെട്ട് പെരുമ്പാവൂര്‍ സ്വദേശി പൗലോസ് പെരുമ്പാവൂര്‍ കോടതിയില്‍ ഹരജി നല്‍കിയിരുന്നു. ഈ കേസില്‍ ഡിസംബര്‍ ആറിന് മോഹന്‍ലാല്‍ ഹാജരാകണമെന്ന് പെരുമ്പാവൂര്‍ മജിസ്ട്രേറ്റ് കോടതി നിര്‍ദേശം നല്‍കിയിരുന്നു.

കേസില്‍ വനംവകുപ്പ് സമര്‍പ്പിച്ച കുറ്റപത്രത്തില്‍ മോഹന്‍ലാല്‍ ഒന്നാംപ്രതിയാണ്. കേസിലെ രണ്ടാം പ്രതിയും മോഹന്‍ലാലിന് ആനക്കൊമ്പ് കൈമാറുകയും ചെയ്ത കെ. കൃഷ്ണകുമാര്‍ ഇപ്പോള്‍ ജീവിച്ചിരിപ്പില്ല.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ആനക്കൊമ്പ് സൂക്ഷിക്കാന്‍ മുന്‍കാലപ്രാബല്യത്തോടെ അനുമതിയുണ്ടെന്നും ആ സാഹചര്യത്തില്‍ വനംവകുപ്പ് സമര്‍പ്പിച്ച കുറ്റപത്രം നിലനില്‍ക്കില്ലെന്നും മോഹന്‍ലാല്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിരുന്നു. ഇക്കാര്യവും അദ്ദേഹം സര്‍ക്കാരിനു നല്‍കിയ പരാതിയിലും ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

2012-ലാണ് തേവരയിലെ മോഹന്‍ലാലിന്റെ വീട്ടില്‍നിന്നു ആദായനികുതി വകുപ്പ് നാല് ആനക്കൊമ്പുകള്‍ കണ്ടെത്തിയത്. തുടര്‍ന്ന് കേസ് രജിസ്റ്റര്‍ ചെയ്ത് ഏഴുവര്‍ഷത്തിനുശേഷം പോലീസ് കുറ്റപത്രം സമര്‍പ്പിച്ചു.

മൂന്നുപ്രാവശ്യം മോഹന്‍ലാലിന് അനുകൂലമായിട്ടായിരുന്നു വനംവകുപ്പ് നിലപാടെടുത്ത്. എന്നാല്‍ അഞ്ചുവര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് മോഹന്‍ലാലിനെതിരെ ഒടുവില്‍ വനംവകുപ്പ് ചുമത്തിയിരിക്കുന്നത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

Latest Stories

We use cookies to give you the best possible experience. Learn more