തിരുവനന്തപുരം: ആനക്കൊമ്പ് കേസില്‍ വനംവകുപ്പിലെ ചില ഉദ്യോഗസ്ഥര്‍ തനിക്കെതിരെ ഗൂഢാലോചന നടത്തുന്നെന്ന് നടന്‍ മോഹന്‍ലാല്‍.
തനിക്കെതിരായ കേസ് കെട്ടിച്ചമച്ചതാണെന്നും കോടനാട് വനം റേഞ്ച് ഓഫീസര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ അന്വേഷണം നടത്തണമെന്നുമാവശ്യപ്പെട്ട് മോഹന്‍ലാല്‍ സര്‍ക്കാരിനെ സമീപിച്ചത്. വനംമന്ത്രി കെ. രാജുവിനാണ് പരാതി നല്‍കിയത്. അതേസമയം പരാതിയില്‍ നടപടി ആരംഭിച്ചിട്ടില്ല.
ആനക്കൊമ്പ് സൂക്ഷിക്കാന്‍ വനംവകുപ്പ് അനുമതി നല്‍കുകയും കോടതിയെ ഇക്കാര്യം ബോധിപ്പിക്കുകയും ചെയ്തിരുന്നെന്നും അതിനുശേഷം പെരുമ്പാവൂര്‍ കോടതിയില്‍ കുറ്റപത്രം നല്‍കിയതിയതിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നാണ് മോഹന്‍ലാല്‍ പരാതിയില്‍ പറയുന്നത്.
ആനക്കൊമ്പ് കേസുമായി ബന്ധപ്പെട്ട് സാമൂഹ്യമാധ്യമങ്ങള്‍ വഴി ചിലര്‍ തന്നെ അധിക്ഷേപിക്കുകയാണെന്നും ലാല്‍ പറയുന്നു.
ആനക്കൊമ്പ് കൈവശംവയ്ക്കാന്‍ മുന്‍കാലപ്രാബല്യത്തോടെ മുഖ്യവനപാലകന്‍ നല്‍കിയ അനുമതി റദ്ദാക്കണമെന്നാവശ്യപ്പെട്ട് പെരുമ്പാവൂര്‍ സ്വദേശി പൗലോസ് പെരുമ്പാവൂര്‍ കോടതിയില്‍ ഹരജി നല്‍കിയിരുന്നു. ഈ കേസില്‍ ഡിസംബര്‍ ആറിന് മോഹന്‍ലാല്‍ ഹാജരാകണമെന്ന് പെരുമ്പാവൂര്‍ മജിസ്ട്രേറ്റ് കോടതി നിര്‍ദേശം നല്‍കിയിരുന്നു.
കേസില്‍ വനംവകുപ്പ് സമര്‍പ്പിച്ച കുറ്റപത്രത്തില്‍ മോഹന്‍ലാല്‍ ഒന്നാംപ്രതിയാണ്. കേസിലെ രണ്ടാം പ്രതിയും മോഹന്‍ലാലിന് ആനക്കൊമ്പ് കൈമാറുകയും ചെയ്ത കെ. കൃഷ്ണകുമാര്‍ ഇപ്പോള്‍ ജീവിച്ചിരിപ്പില്ല.
2012-ലാണ് തേവരയിലെ മോഹന്‍ലാലിന്റെ വീട്ടില്‍നിന്നു ആദായനികുതി വകുപ്പ് നാല് ആനക്കൊമ്പുകള്‍ കണ്ടെത്തിയത്. തുടര്‍ന്ന് കേസ് രജിസ്റ്റര്‍ ചെയ്ത് ഏഴുവര്‍ഷത്തിനുശേഷം പോലീസ് കുറ്റപത്രം സമര്‍പ്പിച്ചു.