മൂവാറ്റുപുഴ: നടന്‍ മോഹന്‍ലാലിന്റെ വീട്ടില്‍ നിന്നും ആനക്കൊമ്പ് കണ്ടെടുത്ത കേസില്‍ തുടര്‍നടപടി സ്വീകരിച്ചില്ലെന്ന് കാണിച്ച് മുവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ ഹര്‍ജി. കേസില്‍ മുന്‍ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനെയും മോഹന്‍ലാലിനെയും പ്രധാന പ്രതികളാക്കിയാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്.
ഏലൂര്‍ അന്തിക്കാട് വീട്ടില്‍ എ.എ.പൗലോസാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഒന്നാം പ്രതിയായും മോഹന്‍ലാല്‍ ഏഴാം പ്രതിയുമായി പത്ത് പേര്‍ക്കെതിരെയാണ് ഹര്‍ജി. ഇവര്‍ക്കെതിരെ അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കണമെന്നാവശ്യപ്പെട്ടാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്.
ഹര്‍ജി ഫയലില്‍ സ്വീകരിച്ച കോടതി വിശദമായ വാദം കേള്‍ക്കുന്നതിനായി ഈ മാസം 22ലേക്ക് കേസ് മാറ്റി.
മുന്‍ വനംവകുപ്പ് സെക്രട്ടറി മാരപാണ്ഡ്യന്‍, മലയാറ്റൂര്‍ ഡി.എഫ്.ഒ ഫന്ന്യന്തകുമാര്‍, കോടനാട് റെയ്ഞ്ച് ഓഫീസര്‍ ഐ.പി.സനല്‍, സിറ്റി പോലീസ് കമ്മീഷണറായിരുന്ന കെ.പത്മകുമാര്‍, തൃക്കാക്കര അസി.പോലീസ് കമ്മീഷണര്‍ ബിജോ അലക്‌സാണ്ടര്‍, തൃശ്ശൂര്‍ സ്വദേശി പി.എന്‍.കൃഷ്ണകുമാര്‍, തൃപ്പൂണിത്തുറ സ്വദേശി കെ.കൃഷ്ണകുമാര്‍, കൊച്ചി രാജകുടുംബാംഗം ചെന്നൈ സ്വദേശിനി നളിനി രാമകൃഷ്ണന്‍ എന്നിവരാണ് ഹര്‍ജിയില്‍ പരാമര്‍ശിക്കുന്ന മറ്റു പ്രതികള്‍.
2012 ജൂണ്‍ മാസം മോഹന്‍ലാലിന്റെ തേവരയിലുള്ള വീട്ടില്‍ നിന്നും ആദായ നികുതി വകുപ്പ് നാല് ആനക്കൊമ്പുകള്‍ കണ്ടെടുത്തതെങ്കിലും എഫ്.ഐ.ആര്‍ ഇട്ട് കേസെടുക്കുവാനോ മോഹന്‍ലാലിനെതിരെ നിയമനടപടി സ്വീകരിക്കാനോ വനംവകുപ്പോ പോലീസോ തയ്യാറായിട്ടില്ലെന്ന് ഹര്‍ജിക്കാരന്‍ ആരോപിക്കുന്നു.
ആനക്കൊമ്പ് സൂക്ഷിക്കുവാനോ വാങ്ങാനോ നിയമില്ലായെന്നിരിക്കെ കള്ളരേഖയുണ്ടാക്കി മോഹന്‍ലാലിനെ സംരക്ഷിക്കുക എന്ന നിലപാടാണ് മന്ത്രിയുള്‍പ്പെടെയുള്ളവര്‍ സ്വീകരിച്ചതെന്ന് ഹര്‍ജിക്കാരന്‍ ചൂണ്ടിക്കാട്ടുന്നു. 50 മാസമായിട്ടും കേസില്‍ മേല്‍ നടപടികളുണ്ടായിട്ടില്ല. ഇഴഞ്ഞാണ് കേസ് നീങ്ങുന്നത്. മോഹന്‍ലാലിനെ രക്ഷിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണിതെന്നും ഹര്‍ജിക്കാരന്‍ പറയുന്നു.
രാജ്യത്തിന്റെ പൊതുവായ സ്വത്ത് സ്വകാര്യ വ്യക്തിക്ക് നിയമവിധേയമല്ലാതെ എഴുതികൊടുക്കുവാനുള്ള നീക്കത്തിലൂടെ പൊതു ഖജനാവിന് നഷ്ടം വരുത്തിയെന്നും മുന്‍ മന്ത്രിയും മറ്റ് ഉദ്യോഗസ്ഥരും ഇതിലൂടെ ലാഭമുണ്ടാക്കിയെന്നും ഹര്‍ജിക്കാരന്‍ വാദിക്കുന്നു.