| Monday, 29th July 2019, 4:32 pm

'ഏഴുവര്‍ഷം കഴിഞ്ഞു, ഇനിയും തീര്‍പ്പായില്ലേ ?'- മോഹന്‍ലാലിനെതിരായ ആനക്കൊമ്പ് കേസില്‍ ഹൈക്കോടതിയുടെ ചോദ്യം

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: മോഹന്‍ലാലിനെതിരായ ആനക്കൊമ്പ് കേസ് ഏഴുവര്‍ഷം കഴിഞ്ഞിട്ടും തീര്‍പ്പാകാത്തത് എന്തെന്ന് ഹൈക്കോടതി. മൂന്നാഴ്ചയ്ക്കകം റിപ്പോര്‍ട്ട് ഫയല്‍ ചെയ്യണമെന്ന് മജിസ്‌ട്രേറ്റ് കോടതിയോടു നിര്‍ദേശിച്ച ഹൈക്കോടതി, കേസില്‍ പുതുതായി ആരെയും കക്ഷി ചേരാന്‍ അനുവദിച്ചില്ല. കേസ് നടക്കുന്നത് മജിസ്‌ട്രേറ്റ് കോടതിയിലാണ്.

2012 ജൂണിലാണ് വനം വകുപ്പ് കേസ് രജിസ്റ്റര്‍ ചെയ്തത്. മോഹന്‍ലാലിന്റെ തേവരയിലുള്ള വീട്ടില്‍ നിന്നാണ് ആദായ നികുതി വകുപ്പ് നാല് ആനക്കൊമ്പുകള്‍ കണ്ടെത്തിയത്. രഹസ്യ വിവരത്തെത്തുടര്‍ന്നായിരുന്നു ഇത്.

ആനക്കൊമ്പുകള്‍ 65,000 രൂപ കൊടുത്തു വാങ്ങിയെന്നായിരുന്നു മോഹന്‍ലാലിന്റെ വിശദീകരണം. ആനക്കൊമ്പുകള്‍ കെ. കൃഷ്ണകുമാര്‍ എന്നയാളില്‍ നിന്നു പണം കൊടുത്തു വാങ്ങിയതാണെന്നും ലാല്‍ പറഞ്ഞിരുന്നു. ആനക്കൊമ്പ് സൂക്ഷിക്കാന്‍ ലൈസന്‍സ് ഇല്ലാത്ത ലാല്‍ മറ്റ് രണ്ടുപേരുടെ ലൈസന്‍സിലാണ് ആനക്കൊമ്പുകള്‍ സൂക്ഷിച്ചത് എന്നായിരുന്നു അന്വേഷണസംഘം കണ്ടെത്തിയത്.

റെയ്ഡില്‍ ആനക്കൊമ്പ് കണ്ടെത്തിയതിനെത്തുടര്‍ന്ന് കോടനാട് ഫോറസ്റ്റ് അധികൃതര്‍ കേസെടുത്തിരുന്നു. എന്നാല്‍ പിന്നീട് കേസ് റദ്ദാക്കി.

കേസ് റദ്ദാക്കിയതിന് പിന്നാലെ നിലവിലെ നിയമം പരിഷ്‌കരിച്ച് മോഹന്‍ലാലിന് ആനക്കൊമ്പുകള്‍ കൈവശം വെയ്ക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കുകയായിരുന്നു. മുന്‍മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ നിര്‍ദ്ദേശം അനുസരിച്ചാണ് അനുമതി നല്‍കിയത്.

ഇതിനിടയില്‍ മോഹന്‍ലാലിന്റെ കൈയ്യിലുള്ളത് യഥാര്‍ത്ഥ ആനക്കൊമ്പുകള്‍ ആണെന്ന് പരിശോധനയില്‍ വ്യക്തമായതായി മലയാറ്റൂര്‍ ഡി.എഫ്.ഒ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. നേരത്തേ ആനക്കൊമ്പു കേസില്‍ മോഹന്‍ലാലിനെ പിന്തുണച്ച് വനം വകുപ്പ് ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കിയിരുന്നു.

നിയമപരമല്ലാത്ത വഴിയിലൂടെയാണ് ആനക്കൊമ്പ് കൈക്കലാക്കിയതെന്ന വാദം നിലനില്‍ക്കുന്നതല്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ആനക്കൊമ്പു കൈവശം വെച്ചതിന് മോഹന്‍ലാലിനെതിരെ തുടര്‍ നടപടി വേണ്ടെന്നും സ്വകാര്യ ഹര്‍ജി തള്ളണമെന്നും വനംവകുപ്പ് നല്‍കിയ സത്യവാങ്മൂലത്തിലുണ്ട്.

We use cookies to give you the best possible experience. Learn more