തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ വിലക്ക്: ഇനിയൊരു ഉത്സവത്തിനും പൊതുപരിപാടിക്കും ആനകളെ വിട്ടുനല്‍കില്ലെന്ന് ആന ഉടമകളുടെ ഫെഡറേഷന്‍
തിരുവനന്തപുരം: തൃശൂര്‍ പൂരത്തിനെന്നല്ല ഇനിയൊരു ഉത്സവത്തിനും പരിപാടികള്‍ക്കും ആനകളെ വിട്ടുനല്‍കില്ലെന്ന് കേരള എലിഫെന്റ് ഓണേഴ്‌സ് അസോസിയേഷന്‍. തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ തൃശൂര്‍ പൂരത്തില്‍ എഴുന്നള്ളിക്കുന്നതില്‍ നിന്നും വിലക്കിയതില്‍ പ്രതിഷേധിച്ചാണ് തീരുമാനം.
മെയ് 11 മുതല്‍ ഒരു ഉത്സവ ങ്ങള്‍ക്കും പൊതുപരിപാടികള്‍ക്കും ആനകളെ വിട്ടുനല്‍കില്ലെന്നാണ് സംഘടനയുടെ നിലപാട്. ഉത്സവ ആഘോഷങ്ങള്‍ സുഗമമായി നടത്താന്‍ വനംവകുപ്പിന്റെ ഭാഗത്തുനിന്നും ഒരു തീരുമാനമുണ്ടാകുംവരെ ആനകളെ പരിപാടികളില്‍ എഴുന്നള്ളിക്കേണ്ടെന്നാണ് തീരുമാനമെന്ന് ആന ഉടമസ്ഥരുടെ ഫെഡറേഷന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ഉത്സവം എന്നത് നാടിന്റെ ആഘോഷമാണ്. അത് ആന ഉടമയ്ക്ക് കാശുണ്ടാക്കാന്‍ വേണ്ടി മാത്രമല്ല. ആനകളെ എഴുന്നള്ളിക്കുന്നത് കോടികള്‍ സമ്പാദിക്കുന്ന മാഫിയയാണ് എന്ന തരത്തില്‍ ചിത്രീകരിക്കുകയാണ് വനംവകുപ്പ് ചെയ്തത്. ഞങ്ങളെ യോഗത്തില്‍ വിളിച്ച് എടുത്ത തീരുമാനത്തിന് വിരുദ്ധമായ തീരുമാനങ്ങള്‍ പ്രഖ്യാപിച്ച് അപമാനിക്കുകയാണ് വനംവകുപ്പ് ചെയ്തതെന്നും സംഘടന ആരോപിച്ചു.
ഒരു പൂരവും മുടങ്ങരുതെന്നാണ് ആഗ്രഹം. പക്ഷേ ആനകളുണ്ടാവില്ല. സാധാരണ തൃശൂര്‍ പൂരത്തിന് 80 മുതല്‍ നൂറുവരെ ആനകളുണ്ടെങ്കില്‍ മാത്രമേ സുഗമമായി സുരക്ഷിതമായി ഉത്സവം നടത്താന്‍ സാധിക്കുക. ഇനി എത്ര ആനകളുണ്ടാകുമെന്ന് പറയേണ്ടത് തങ്ങളല്ലെന്നും സംഘടനാ ഭാരവാഹികള്‍ പറഞ്ഞു.
വനംവകുപ്പിലെ ഒന്ന് രണ്ട് ഉദ്യോഗസ്ഥന്മാര്‍ വനംവകുപ്പ് മന്ത്രിയെ തെറ്റിദ്ധരിപ്പിച്ചുകൊണ്ട് ചില തീരുമാനങ്ങള്‍ എടുപ്പിച്ചതാണെന്ന് തങ്ങള്‍ക്ക് ബോധ്യമുണ്ട്. ഇതിനു പിന്നില്‍ ഗൂഢാലോചയുണ്ടെന്നും സംഘടന ആരോപിച്ചു.
ആന കാരണം എന്തെങ്കിലും പ്രശ്‌നമുണ്ടായാല്‍ ഉടമയേയും പരിപാലിക്കുന്ന ആളേയും ആനയ്ക്ക് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് കൊടുത്തയാളേയും പ്രതിയാക്കി കേസെടുക്കുമെന്നാണ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നത്. ഈ സാഹചര്യത്തില്‍ ആര്‍ക്കുവേണ്ടിയാണ് തങ്ങള്‍ ആനയെ കൊടുക്കേണ്ടെന്നും വാര്‍ത്താസമ്മേളനത്തില്‍ ഇവര്‍ ചോദിക്കുന്നു.
ഉത്സവം നടത്തിപ്പുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ വേണ്ട സഹായങ്ങള്‍ ചെയ്തു തരുമെന്ന് ഞങ്ങള്‍ പ്രതീക്ഷിച്ചിരുന്നു. പക്ഷേ കോടതിയില്‍ ഈ കേസ് നിലനില്‍ക്കുമ്പോള്‍ വനംവകുപ്പ് മന്ത്രി വളരെ നിരുത്തരവാദപരമായാണ് കഴിഞ്ഞദിവസം പ്രസ്താവന ഇറക്കിയത്. അത് ഗൂഢാലോചനയാണെന്നും അദ്ദേഹം ആരോപിച്ചു.
തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ പൂരത്തില്‍ എഴുന്നള്ളിക്കാന്‍ അനുവദിക്കില്ലെന്ന സൂചന നല്‍കുന്ന രീതിയില്‍ വനംമന്ത്രി കെ. രാജു കഴിഞ്ഞദിവസം ഫേസ്ബുക്കില്‍ കുറിപ്പിട്ടിരുന്നു. ഇതിനു പിന്നാലെയാണ് ആന ഉടമകളുടെ പ്രഖ്യാപനം വന്നിരിക്കുന്നത്.
‘തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ എന്ന ആനയ്ക്കു രേഖകള്‍ പ്രകാരം 54 വയസ്സ് കഴിഞ്ഞഥായി കാണുന്നുണ്ടെങ്കിലും അതിന് അതിലേറെ പ്രായമുള്ളതായി പരിശോധനയില്‍ മനസിലായിട്ടുണ്ട്. അതു ദഹന സംബന്ധമായ പ്രശ്‌നങ്ങള്‍ ഉള്ളതും പ്രായം ചെന്നതുകാരണം സാധാരണ നിലയിലുള്ള കാഴ്ചശക്തി ഇല്ലാത്തതുമാണ്. വലതുകണ്ണിനു തീരെ കാഴ്ചയില്ലാത്തതിനാല്‍ ഒറ്റക്കണ്ണുകൊണ്ട് പരിസരം കാണേണ്ട അവസ്ഥയിലുള്ള ഈ ആനയെ അമിതമായി ജോലിഭാരം ഏല്‍പ്പിച്ചുകൊണ്ട് ഉടമസ്ഥര്‍ കഠിനമായി പീഡിപ്പിക്കുകയായിരുന്നു. ‘ എന്നായിരുന്നു മന്ത്രിയുടെ കുറിപ്പില്‍ ചൂണ്ടിക്കാട്ടിയത്.
‘ഈ വിഷയം സംബന്ധിച്ച് സാമൂഹ്യ മാധ്യമങ്ങളിലും മറ്റും വലിയതോതിലുള്ള വ്യാജ പ്രചരണങ്ങള്‍ നടക്കുന്നുണ്ട്. എത്ര അപകടകാരിയായ ആനയായാലും അതിനെ എഴുന്നെള്ളിച്ച് കോടികള്‍ സമ്പാദിക്കണമെന്ന് ആഗ്രഹമുള്ള, ജനങ്ങളുടെ ജീവന് അല്‍പ്പവും വില കല്‍പ്പിക്കാത്ത നിക്ഷിപ്ത താല്‍പ്പര്യക്കാരാണ് ഇത്തരം പ്രചരണങ്ങള്‍ക്ക് പിന്നില്‍. ഇത് മനസ്സിലാക്കി ജനങ്ങള്‍ ഇത്തരം വ്യാജപ്രചരണങ്ങളില്‍ വഞ്ചിതരാകരുതെന്ന് അഭ്യര്‍ത്ഥിക്കുന്നു.’ എന്നും മന്ത്രി പറഞ്ഞിരുന്നു.