ബി.ജെ.പി പയറ്റാന്‍ നോക്കിയത് ഒരു 'ആന ജിഹാദ്' തന്ത്രം; രോഷപ്രകടനങ്ങളുടെ കാരണം കടുത്ത മുസ്ലിം വിരുദ്ധത മാത്രം
DISCOURSE
ബി.ജെ.പി പയറ്റാന്‍ നോക്കിയത് ഒരു 'ആന ജിഹാദ്' തന്ത്രം; രോഷപ്രകടനങ്ങളുടെ കാരണം കടുത്ത മുസ്ലിം വിരുദ്ധത മാത്രം
സൈനബ് സിക്കന്ദര്‍
Tuesday, 9th June 2020, 2:10 pm
എണ്ണമില്ലാത്ത അത്രയും മുസ്ലിങ്ങളും, ദളിതരും, ആദിവാസികളുമാണ് പശുക്കളെ കൊന്നു എന്നുപറഞ്ഞു തല്ലിക്കൊല്ലപ്പെട്ടത്. 'ഹിന്ദു ധര്‍മ്മം' ഉയര്‍ത്തിപ്പിടിക്കുന്നവരുടെ ഗോശാലകളില്‍ പശുക്കള്‍ പട്ടിണികിടന്ന് ചത്താല്‍ അതൊന്നും ആരുടെയും രോഷം ഉണര്‍ത്താന്‍ പര്യാപ്തമല്ല.

മൃഗങ്ങളുടെ മേല്‍ രാഷ്രീയം കളിക്കുന്നത് ഇന്ത്യയില്‍ ഇതാദ്യമായല്ല. ഹിന്ദുക്കളുടെ പരിശുദ്ധ പശുക്കളാകട്ടെ, മുസ്ലിങ്ങള്‍ ബലിനല്‍കുന്ന ആടുകളാകട്ടെ, കേരളത്തില്‍ വെടിമരുന്ന് നിറച്ച പഴം കഴിക്കേണ്ടി വന്ന നിസ്സഹായയായ ഗര്‍ഭിണി ആനയാകട്ടെ, അവയുടെ ശവങ്ങളുടെ മുകളിലൂടെ തങ്ങളുടെ വര്‍ഗീയ രാഷ്ട്രീയ അജണ്ടകള്‍ നടപ്പാക്കിയെടുക്കുകയാണ് രാഷ്ട്രീയ തേതൃത്വം.

ഈ മരണങ്ങളുടെ മേല്‍ ഉയരുന്ന പ്രതിഷേധങ്ങള്‍ക്കൊന്നും മൃഗസംരക്ഷണവുമായോ ക്ഷേമവുമായോ യാതൊരു ബന്ധവുമില്ല. നിര്‍മല സീതാരാമന്‍ തന്നെ സംഭാവന ചെയ്ത പദപ്രയോഗം എടുക്കുകയാണെങ്കില്‍, ഇത് വെറും ‘നാടകം’ മാത്രമാണ്. ഈ പ്രതിഷേധങ്ങളൊക്കെ കപടവും ഇരട്ടത്താപ്പ് നിറഞ്ഞതുമാണ്. യഥാര്‍ത്ഥത്തില്‍ ഇത് വ്യാജവുമാണ്.

അങ്ങനെയായിരുന്നില്ലെങ്കില്‍, മന്ത്രിമാരായ മനേകാ ഗാന്ധിയും പ്രകാശ് ജാവ്ദേക്കറും ഉള്‍പ്പടെയുള്ള ഹിന്ദുത്വ സൈന്യം ഹിമാചല്‍ പ്രദേശില്‍ ഗര്‍ഭിണിയായ പശുവിനെ വെടിമരുന്ന് കുഴച്ച ഭക്ഷണം കഴിപ്പിച്ച സംഭവത്തിലും സമാനമായ സമീപനം സ്വീകരിച്ചേനെ. എന്നാല്‍ ആരും അനങ്ങിയില്ല, കാരണം സംഭവം നടന്നത് ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനത്താണ്, കുറ്റവാളികളായി മുസ്ലിംകളുമുണ്ടായില്ല.

മൃഗങ്ങളുമായി ബന്ധപ്പെട്ടുകിടക്കുന്ന ഇന്ത്യയുടെ ആഴമേറിയ ചരിത്രവും പാരമ്പര്യവും ആദ്യമായി അംഗീകരിച്ചത് തന്നെ മുഗളന്മാരാണ്. അതിനാലാണ് പശു സംരക്ഷണവും ഗോവധ നിരോധനവും, അയോധ്യയില്‍ ബാബരി മസ്ജിദ് നിര്‍മിച്ചതിനാല്‍ ഹിന്ദു ദേശീയവാദികള്‍ ശത്രുസ്ഥാനത്ത് നിര്‍ത്തുന്ന ബാബറിന്റെ ഭരണകാലത്തു പോലും പ്രതിപാദിച്ചു കാണുന്നത്. മുഗള്‍ അധീന പ്രദേശത്ത് ഗോവധനിരോധനം ഉറപ്പാക്കണമെന്ന് മകന്‍ ഹുമയൂണിനെ ഉപദേശിക്കുകയും ചെയ്തിരുന്നു ബാബര്‍.

1586-ലെ രാജശാസനം പ്രകാരം അക്ബറും ഗോവധ നിരോധനം തുടര്‍ന്നു. 1857ല്‍ പശുവിനെ കശാപ്പ് ചെയ്യുന്നവര്‍ക്ക് വധശിക്ഷ നല്‍കണമെന്ന് ബഹാദൂര്‍ ഷാ സഫര്‍ തീരുമാനിച്ചതും ഹിന്ദു-മുസ്ലിം ഏകതയുടെ മറ്റൊരു ഉദാഹരണമാണ്. മൈസൂര്‍ സുല്‍ത്താനായിരുന്ന ഹൈദര്‍ അലി ഗോവധത്തില്‍ പിടിക്കപ്പെടുന്നവരുടെ കൈകള്‍ ഛേദിച്ചതായും ചരിത്രത്തില്‍ അറിയപ്പെടുന്നു.

എന്നാല്‍ അതൊക്കെയും ഇന്ന് പ്രസക്തമാണോ? അല്ല. ഇന്ന് പ്രസക്തമാകുന്നത് മൃഗങ്ങളുടെ മരണം എങ്ങനെ വര്‍ഗീയവത്കരിക്കാമെന്നും എങ്ങനെ കപട പ്രതിഷേധങ്ങള്‍ ഉയര്‍ത്താമെന്നതുമാണ്. കാരണം, ഒരു മുസ്ലിം പ്രതിസ്ഥാനത്ത് ഉണ്ടായാല്‍, ഹിന്ദു വിദ്വേഷം അധികം അകലെയാവില്ല.

പുതിയകാല രാഷ്ട്രീയം അതിന്റെ ചിഹ്നമായി പശുവിനെ പ്രതിഷ്ഠിച്ചു. ആ പശുവാകട്ടെ ‘ബീഫ് കഴിക്കുന്ന’ മുസ്ലിമുകളാല്‍ ആക്രമിക്കപ്പെടുകയും ചെയ്യുന്നു. കമ്യുണിസ്റ്റ് ഭരണമുള്ള കേരളത്തില്‍ ഈ അജണ്ട നടപ്പാക്കാന്‍ ഒരു ആനയെയാണ് ഇപ്പോള്‍ ഉപയോഗിക്കുന്നത്.

അതിനുള്ള രീതികളും ആയുധങ്ങളും ഒക്കെ സമാനമാണ് – ഹിന്ദുക്കള്‍ ആനയെ ആരാധിക്കുന്നു എന്ന വിശ്വാസ ഘടകം ഉയര്‍ത്തികൊണ്ടുവരിക. അതിന്റെ പ്രത്യാഘാതവും സമാനമായിരുന്നു – മുസ്ലിംകളോടും കമ്യൂണിസ്റ്റുകളോടും വിദ്വേഷത്തിന് ആക്കം കൂട്ടുക.

ആന ക്രൂരമായി കൊലചെയ്യപ്പെട്ടത് ദേശീയ അടിസ്ഥാനത്തില്‍ വലിയ മുറവിളികളാണ് ഉയര്‍ത്തിയത്, അത് ഉയരുക തന്നെ വേണം. എന്നാല്‍ വൈകാതെ അത് സ്ഥിരം വര്‍ഗീയവഴികളിലേക്ക് എത്തപ്പെട്ടു. ആന മരിച്ച പാലക്കാട് ജില്ല മുസ്ലിം ഭൂരിപക്ഷമുള്ള മലപ്പുറം ജില്ലയായി പ്രചരിപ്പിക്കപ്പെട്ടു.

ആന അബദ്ധവശാല്‍ വെടിമരുന്ന് വെച്ച പൈനാപ്പിള്‍ സ്വയം കഴിച്ചത് ‘പ്രത്യക്ഷത്തില്‍ അക്രമകാരികളായ മുസ്ലിംകള്‍’ ആനയെ കഴിപ്പിച്ചതാണെന്ന് കഥകള്‍ പരന്നു. തുടര്‍ന്നങ്ങോട്ട് ആനയായിരുന്ന ചര്‍ച്ചാ കേന്ദ്രം, ഹിന്ദു-മുസ്ലിം വിദ്വേഷം വമിപ്പിക്കുവാനുള്ള ഹിന്ദുത്വയുടെ പുതിയ ആയുധമായി അത് മാറി.

മനേകാ ഗാന്ധി – വാസ്തവമെന്ത്

പ്രചരിപ്പിക്കാന്‍ ഉദ്ദേശിച്ച സന്ദേശം വ്യക്തമായിരുന്നു. മുസ്ലിങ്ങള്‍ ആന ജിഹാദുമായി എത്തിയിരിക്കുന്നു. ആന ഹിന്ദു ദൈവമായ ഗണേശന്‍ ആണല്ലോ. ഹിന്ദുത്വ വിവരണങ്ങളില്‍ മൃഗങ്ങളെക്കൊല്ലാനും അക്രമം നടത്താനും മുസ്ലിമുകള്‍ വീടുകളില്‍ ബോംബുണ്ടാക്കുന്നവരുമാണ്. ബി.ജെ.പിയുടെ സുല്‍ത്താന്‍പൂര്‍ എം.പി മനേകാ ഗാന്ധി മലപ്പുറത്തെ അപകീര്‍ത്തിപെടുത്തുന്ന പുതിയ പരാമര്‍ശവുമായെത്തി.

‘ഇന്ന് അവര്‍ ആനക്കെതിരെ ബോംബ് ഉപയോഗിച്ചു, നാളെ അവര്‍ മനുഷ്യര്‍ക്കെതിരെ ബോംബെറിയും,’ എന്ന് മനേകാ ഗാന്ധി പറഞ്ഞു. മലപ്പുറത്തേക്കുറിച്ചു ഹിന്ദുത്വം കെട്ടിയുണ്ടാക്കിയ പ്രചാരണങ്ങള്‍ പുതിയ തലത്തിലേക്കെടുക്കുകയായിരുന്നു.

മുന്‍ കേന്ദ്രമന്ത്രികൂടിയായ മനേകാ ഗാന്ധി കേരളത്തിലെ വന്യജീവി സംരക്ഷണത്തിന്റെ നിലവാരത്തെക്കുറിച്ചും, മൃഗങ്ങളുടെയും സ്ത്രീകളുടെയും സുരക്ഷയെക്കുറിച്ചും കള്ളക്കണക്കുകളും നിരത്തി. എല്ലാ വര്‍ഷവും 600 ആനകളെയാണ് കേരളീയര്‍ കൊല്ലുന്നതെന്നും മൂന്ന് ദിവസം കൂടുമ്പോള്‍ ഒരെണ്ണം മരിച്ചുവീഴുന്നു എന്നും വാദിച്ചു.

കണക്കുകള്‍ തന്നെ ചേരുന്നില്ല. മാത്രമല്ല വ്യാജവാര്‍ത്തയും. കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടയില്‍ 21 ആനകളാണ് കേരളത്തില്‍ കൊല്ലപ്പെട്ടത്, അതായത് വര്‍ഷം ഏഴെണ്ണം മാത്രം. മനേകാ ഗാന്ധി പറയുന്നതുപോലെ 600 എണ്ണം അല്ല. സാമൂഹമാധ്യമങ്ങളിലും പുറത്തും നിരവധിയാളുകള്‍ മനേകാ ഗാന്ധിയുടെ പരാമര്‍ശങ്ങളില്‍ വസ്തുതാ വിരുദ്ധത തുറന്നുകാട്ടിയിട്ടും വ്യാജ ആരോപണങ്ങള്‍ ഉന്നയിക്കുന്ന ട്വീറ്റ് പിന്‍വലിക്കാന്‍ അവര്‍ തയാറായിട്ടില്ല.

നാട്ടാനകളുടെ മരണനിരക്കിനെക്കുറിച്ചു കൃത്യമായ ചിത്രം ഇല്ല. എന്നാലും ചില പ്രസിദ്ധീകരണങ്ങള്‍ പ്രകാരം 2014ല്‍ 24 നാട്ടാനകളും, 2018ല്‍ 33ഉം, 2019ല്‍ 16 എണ്ണവുമാണ് മരണപ്പെട്ടത്. കേന്ദ്രത്തിന്റെ തന്നെ കണക്കുകള്‍ പ്രകാരം ഏറ്റവും കൂടുതല്‍ ആനകള്‍ക്ക് കൊല്ലപ്പെടുന്നത് മനേകാ ഗാന്ധിയുടെ ബി.ജെ.പി ഭരിക്കുന്ന ആസാമിലാണ്. കഴിഞ്ഞ മൂന്നുവര്‍ഷത്തിനിടയില്‍ 90 കാട്ടാനകളാണ് ആസാമില്‍ മാത്രം കൊലചെയ്യപ്പെട്ടത്.

ഭാഗികമായ ഓര്‍മ്മക്കുറവും മനേകാ ഗാന്ധിക്കുണ്ട്. 1989 മുതല്‍ തന്റെ തട്ടകമായിരുന്ന, തന്റെ മകന്‍ വരുണ്‍ ഗാന്ധി 2019 ലോക്‌സഭാ തെരഞ്ഞെടുപ്പ് ജയിച്ച ഉത്തര്‍ പ്രദേശിലെ പിലിഭിത് മണ്ഡലത്തില്‍ 2012 ഇല്‍ 16 കടുവകളും മൂന്ന് പുലികളുമാണ് കൊലചെയ്യപ്പെട്ടത്.

പിലിഭിത്തില്‍ തന്നെ 2019 ജൂലൈ മാസത്തില്‍ ഒരു കടുവയെ ജനക്കൂട്ടം ക്രൂരമായി കൊന്നത് ആര്‍ക്കാണ് മറക്കാന്‍ കഴിയുക? അതിക്രൂരമായാണ് കടുവയെ ജനക്കൂട്ടം തല്ലിച്ചതച്ചത്. വാരിയെല്ലുകള്‍ ഒടിഞ്ഞും ശരീരത്തില്‍ ആഴത്തില്‍ ക്ഷതമേറ്റുമാണ് ആ കടുവ ജീവന്‍ വെടിഞ്ഞത്. വലിയ ബഹളങ്ങളോ പിലിഭിത്തിന്റെ കണക്കുകളോ ഉയര്‍ത്തി മനേകാ ഗാന്ധി അന്ന് വരാതിരുന്നതെന്തേ? കാര്യങ്ങള്‍ കൃത്യമാണ്, ഇതൊക്കെയും വെറും രാഷ്രീയം മാത്രമാണ്.

ആര്‍ഭാടങ്ങള്‍ക്കായുള്ള ഗോഹത്യകള്‍ ഹിന്ദുത്വ കാണുന്നില്ല

മൃഗസംരക്ഷണത്തിനായുള്ള, പ്രത്യേകിച്ച് ഹിന്ദു പുരാണങ്ങളില്‍ പറഞ്ഞിട്ടുള്ളവയുടെ പേരിലുള്ള ഹിന്ദുത്വ ഗ്രൂപ്പുകളുടെ അലമുറകള്‍ അങ്ങേയറ്റം കപടമാണെന്ന് അവരെ ഓര്‍മിപ്പിക്കപ്പെടേണ്ടതുണ്ട്. ഗോഹത്യ നിരോധിക്കണമെന്ന് അവര്‍ ആത്മാര്‍ത്ഥമായി ആഗ്രഹിച്ചിരുന്നുവെങ്കില്‍ തുകലുപയോഗിക്കുന്ന തബലയും മൃദംഗവും ഉപയോഗിക്കുന്നത് നേരത്തെ അവസാനിപ്പിച്ചേനെ. സോപ്പും, സൗന്ദര്യവര്‍ദ്ധക വസ്തുക്കളും, ഡിറ്റര്‍ജന്റുകളും, ഘര്‍ഷണം കുറക്കാനുപയോഗിക്കുന്ന വസ്തുക്കളും ഒക്കെ ബഹിഷ്‌കരിക്കേണ്ടതാണ്.

ഇവയെല്ലാം തുകലോ, എല്ലോ, കൊഴുപ്പോ ഒക്കെയായി പശുവിന്റെ ഭാഗങ്ങള്‍ ചേര്‍ത്ത് നിര്‍മിക്കുന്നവ തന്നെയാണ്. കൂടാതെ, പശുവിന്റെ കൊഴുപ്പുകളില്‍ നിന്നും വേര്‍തിരിക്കുന്ന സ്റ്റീറോയ്ക് ആസിഡ് ഉപയോഗിച്ച് നിര്‍മിച്ച ടയറുകളുള്ള വാഹനങ്ങളും ഹിന്ദുത്വവാദികള്‍ ഉപേക്ഷിക്കേണ്ടതുണ്ട്.

നിങ്ങള്‍ കുടിക്കുന്ന ചായയിലെ വെള്ള പഞ്ചസാരക്ക് നിറം ലഭിക്കുവാനും പശുവിന്റെ എല്ലോ കൊഴുപ്പോ ഉപയോഗിക്കുന്നുണ്ട്. അടുത്ത തവണ ക്രിക്കറ്റ് കളിക്കുമ്പോള്‍ ബാളില്‍ ഉമിനീരുപുരട്ടും മുന്‍പ് രണ്ടു തവണ ആലോചിക്കുക, കാരണം അതും പശുവിന്റെ തുകലില്‍ നിന്നും നിര്‍മിച്ചതാണ്.

ബക്രീദിന് മുസ്ലിങ്ങള്‍ ആടുകളെ ബലി നല്‍കുന്നതിനെതിരെയുള്ള രോഷപ്രകടനവും വെറും കാപട്യം മാത്രമാണ്. ഹിന്ദുയിസം തന്നെ മൃഗബലിക്കെതിരല്ല. കാമാഖ്യ ക്ഷേത്രത്തിലോ ആസാമിലെ ബുര്‍ഹി ഗോസാനി ദുര്‍ഗാ ക്ഷേത്രത്തിലോ കുറച്ചുസമയം ചെലവിട്ടാല്‍ മാനസിലാകും മൃഗബലി ഹൈന്ദവ വിശ്വാസത്തിനു എത്രമാത്രം പ്രധാനപ്പെട്ടതെന്ന് മനസിലാകും. മൃഗബലി ‘നിത്യ പൂജയുടെ’ ഭാഗമാണെന്ന് കാമാഖ്യ ക്ഷേത്രത്തിലെ അധികാരികള്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ട്.

കഴിഞ്ഞ വര്‍ഷത്തില്‍ ഒരു ഞായറാഴ്ച മാത്രം 15 പോത്തുകളും, 20 ആടുകളും, എണ്ണമില്ലാത്ത പ്രാവുകളും, താറാവുകളുമാണ് ബലിനല്‍കപ്പെട്ടത് എന്ന് ക്ഷേത്ര ഭാരവാഹി പ്രദീപ് മിശ്ര തന്നെ പറയുന്നു. കഴിഞ്ഞ വര്‍ഷം ത്രിപുര ഹൈക്കോടതി ത്രിപുര സുന്ദരി ക്ഷേത്രത്തിലെ മൃഗബലി നിരോധിച്ചുകൊണ്ട് ഉത്തരവിറക്കിയപ്പോള്‍ സുപ്രീം കോടതിയില്‍ അപ്പീലിന് പോയത് സംസ്ഥാനത്തെ ബി.ജെ.പി സര്‍ക്കാര്‍ ആയിരുന്നു. സുപ്രീം കോടതി പതിനഞ്ച് ദിവസത്തിനുള്ളില്‍ മൃഗബലി അനുവദിച്ചുകൊണ്ട് ഇടക്കാല ഉത്തരവും പുറപ്പെടുവിച്ചിരുന്നു.

ആര് കൊള്ളുന്നു എന്നതാണ് മുഖ്യം

എണ്ണമില്ലാത്ത അത്രയും മുസ്ലിങ്ങളും, ദളിതരും, ആദിവാസികളുമാണ് പശുക്കളെ കൊന്നു എന്നുപറഞ്ഞു തല്ലിക്കൊല്ലപ്പെട്ടത്. ‘ഹിന്ദു ധര്‍മ്മം’ ഉയര്‍ത്തിപ്പിടിക്കുന്നവരുടെ ഗോശാലകളില്‍ പശുക്കള്‍ പട്ടിണികിടന്ന് ചത്താല്‍ അതൊന്നും ആരുടെയും രോഷം ഉണര്‍ത്താന്‍ പര്യാപ്തമല്ല. 220 കോടിക്കുമുകളില്‍ ആസ്തിയുള്ള കാണ്‍പൂര്‍ ഗോശാലയില്‍ 2017ല്‍ മാത്രം 150 പശുക്കളാണ് പട്ടിണി കിടന്നു മരിച്ചത്. പശുക്കളോടൊപ്പം നടന്ന് നിരവധി ഫോട്ടോകളെടുക്കുന്ന കാവിധാരിയായ യോഗി ആദിത്യനാഥ് മുഖ്യമന്ത്രി ആയിരിക്കുമ്പോഴാണ് ഇത് എന്നോര്‍ക്കണം.

മലപ്പുറത്തെ ആനയെപ്പോലെ, നിലവിലെ മോശം സാമ്പത്തിക അവസ്ഥയില്‍ അങ്ങേയറ്റം കഷ്ടതയനുഭവിക്കുന്ന, കടബാധ്യതയില്‍ മുങ്ങിയ കര്‍ഷകര്‍ കൃഷി നഷ്ടപ്പെടാതിരിക്കാന്‍ ഒരുക്കിയ കെണികളില്‍ പെട്ട് പശുക്കളുടെ മുഖവും വായും പലപ്പോഴും നശിച്ചിട്ടുണ്ട്. രോഷപ്രകടനങ്ങള്‍ ഒന്നുമില്ല? കര്‍ഷകരെയും കൃഷിയും സംരക്ഷിക്കുന്നതിന് പകരം അവരെ ദുരിതത്തിന്റെ കയത്തിലേക്ക് തള്ളിവിടുകയാണ് ബി.ജെ.പി ഭരിക്കുന്ന സംസഥാനങ്ങളില്‍ പോലും സംഭവിക്കുന്നത്.

അവരുടെ വിളകള്‍ നശിപ്പിക്കപ്പെടുന്നത് വലിയ ദുരിതവും കഷ്ടപ്പാടുമായിരിക്കും നല്‍കുക. തങ്ങളുടെ വിളകള്‍ ഏതു വിധേനയും സംരക്ഷിക്കാന്‍ ഉതകുന്ന എന്ത് മാര്‍ഗങ്ങളും അവര്‍ സ്വീകരിക്കും. വിശുദ്ധ മൃഗങ്ങളെ സംരക്ഷിക്കണമെന്ന് കരുതുന്നതുപോലെ ഇവരുടെ വിളകള്‍ സംരക്ഷിക്കേണ്ടതും സര്‍ക്കാരുകള്‍ തന്നെയാണ്.

കഴിഞ്ഞ വര്‍ഷം മോദി സര്‍ക്കാര്‍ ഛത്തിസ്ഗഢിലെ 170000 ഏക്കര്‍ ഭൂമിയാണ് കല്‍ക്കരി ഖനനത്തിനായ് പതിച്ചു നല്‍കിയത്. അതുമൂലം മരിക്കുന്ന മൃഗങ്ങളെക്കുറിച്ച് ചിന്തിച്ചു നോക്കൂ. എന്നിട്ട് ഈ രോഷപ്രകടനത്തെ വീണ്ടും ഓര്‍ക്കൂ. എന്തുമാത്രം കപടമാണത്. !

ദല്‍ഹി ആസ്ഥാനമായ രാഷ്ട്രീയ നിരീക്ഷകയും എഴുത്തുകാരിയുമാണ് സൈനബ് സിക്കന്ദര്‍. പാലക്കാട് ആന കഴിച്ചത് തേങ്ങ ആണെന്ന് കണ്ടെത്തിയിരുന്നു. എന്നാല്‍ ലേഖിക പൈനാപ്പിള്‍ എന്ന് പ്രയോഗിച്ചിരിക്കുന്നതിനാല്‍ അത് ഈ മൊഴിമാറ്റത്തിലും മാറ്റമില്ലാതെ നല്‍കിയിട്ടുണ്ട്.

 

കടപ്പാട്- ദി പ്രിന്റ്

മൊഴിമാറ്റം- അജ്മല്‍ ആരാമം

സൈനബ് സിക്കന്ദര്‍
എഴുത്തുകാരി, രാഷ്ട്രീയ നിരീക്ഷക