| Sunday, 14th April 2019, 3:04 pm

പെട്രോൾ പമ്പിന്റെ മേൽക്കൂരയിൽ തലയിടിച്ച് ആനയ്ക്ക് ഗുരുതര പരിക്ക്; സംഭവം ഡ്രൈവറുടെ അശ്രദ്ധ മൂലം

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: തൃപ്പൂണിത്തുറയില്‍ പെട്രോള്‍ പമ്പിന്റെ മേല്‍ക്കൂര തലയിൽ തട്ടി ആനയ്ക്ക് പരിക്ക്. ആന ലോറിയിൽ ഉണ്ടെന്നത് ഓർക്കാതെ ഡ്രൈവർ പെട്രോൾ പമ്പിൽ വണ്ടി ഓടിച്ച് കയറ്റിയപ്പോഴാണ് അപകടം സംഭവിച്ചത്.

തൃശിവപേരൂര്‍ കര്‍ണന്‍ എന്ന ആനയ്ക്കാണ് പരിക്കേറ്റത്. ആനയെ കയറ്റിയ ലോറി ഡ്രൈവറെ പൊലീസ് കസ്റ്റഡിയിലെടുത്തു. ആനയുടെ തല ഇടിക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.

ഇന്ന് രാവിലെ പത്തരയോടെയാണ് സംഭവം നടക്കുന്നത്. അൽപ്പം കൂടി ശ്രദ്ധ കാണിച്ചിരുന്നെങ്കിൽ അപകടം ഒഴിവാക്കാമായിരുന്നെന്നാണ് നാട്ടുകാർ പറയുന്നു. മരട് തുരുത്തിക്കാട് അമ്പലത്തിലെ ഉത്സവം കഴിഞ്ഞ് തൃശൂരിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് അപകടം സംഭവിച്ചത്.

ആനയുടെ തലയ്ക്ക് സാരമായി പരുക്കേറ്റിട്ടുണ്ട്. സമീപത്തുള്ളവര്‍ ബഹളം വച്ചതോടെ ഡ്രൈവര്‍ വണ്ടി നിര്‍ത്തുകയായിരുന്നു. ആനയുടെ പരുക്ക് ഗുരുതരമാണോ എന്നതിനെ കുറിച്ച് വെറ്റിനറി ഡോക്ടര്‍മാര്‍ പരിശോധിച്ച ശേഷം മാത്രമെ പറയാന്‍ കഴിയുകയുള്ളുവെന്ന് പാപ്പാന്‍മാര്‍ പറയുന്നു.

രാവിലെ അപകടം നടന്നിട്ടും ഉച്ചകഴിഞ്ഞാണ്‌ സംഭവസ്ഥലത്ത് ഡോക്ടര്‍മാര്‍ എത്തിയതെന്ന് നാട്ടുകാര്‍ പറയുന്നു. അതുവരെ ആനയെ തൃപ്പൂണിത്തുറയിലുള്ള ഒരു പറമ്പില്‍ തളച്ചിട്ടിരിക്കുകയായിരുന്നു.

Latest Stories

We use cookies to give you the best possible experience. Learn more