| Wednesday, 22nd July 2015, 1:07 pm

ആനവേട്ടക്കേസില്‍ കേന്ദ്ര ഏജന്‍സിയുടെ സഹായം തേടും: തിരുവഞ്ചൂര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ആനവേട്ടക്കേസില്‍ കേന്ദ്ര ഏജന്‍സിയായ വൈല്‍ഡ് ലൈഫ് ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ സഹായം തേടുമെന്ന് വനം വകുപ്പ് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. നിയമസഭയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഏറെ വിവാദമായ കേസില്‍ സംസ്ഥാനത്തിന് പുറത്തുള്ളവര്‍ക്കും പങ്കുണ്ടെന്നാണ് നിരീക്ഷണം. 20 പ്രതികളെ കേസില്‍ അറസ്റ്റ് ചെയ്തിട്ടുണ്ട്.

കേസിലെ മുഖ്യപ്രതി ഐക്കരമറ്റം വാസുവിനെ മഹാരാഷ്ട്രയിലെ ദുര്‍ഗ്ഗാപൂരില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. മലയാറ്റൂര്‍ വാഴച്ചാല്‍ ഡിവിഷനില്‍ ഉള്‍പ്പെട്ട ആനവേട്ട കേസില്‍ കുട്ടമ്പുഴ സ്വദേശികളായ ഏഴ് പ്രതികളില്‍ ഒരാളാണ് ഐക്കര വാസു. അതേസമയം വാസുവിന്റെ നേതൃത്വത്തില്‍ അന്യസംസ്ഥാനങ്ങളിലും വേട്ട നടത്തിയിരുന്നുവെന്ന് പിടിയിലായ വേട്ട സംഘത്തിന്റെ സഹായി വെളിപ്പെടുത്തി.

അതേസമയം വാസുവിന്റെ മരണം കൊലപാതകം ആകാമെന്ന് നിയമസഭയില്‍ വി.എസ് സുനില്‍കുമാര്‍ ആരോപിച്ചു. കേസിലെ ഉന്നതബന്ധം പുറത്തുവരാതിരിക്കാന്‍ വാസുവിനെ കൊലപ്പെടുത്തിയതാകാമെന്നും ആനക്കള്ളന്മാര്‍ക്ക് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ ഒത്താശ ചെയ്തുകൊടുക്കുകയാണെന്നും 12 മാസത്തിനുള്ളില്‍ 27 ആനകളെ വെടിവെച്ചുകൊന്നതായും സുനില്‍കുമാര്‍ കുറ്റപ്പെടുത്തി. കേസില്‍ ഒരാള്‍ കൂടി പിടിയിലായിട്ടുണ്ട്.

Latest Stories

We use cookies to give you the best possible experience. Learn more