33 ഓളം പ്രതികളാണ് കേസില്‍ ഇതുവരെ പിടിയിലായിട്ടുള്ളത്. മുഖ്യപ്രതിയായ ഐക്കര വാസുവിനെ മഹാരാഷ്ട്രയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയതോടെയാണ് കേസില്‍ അന്തര്‍സംസ്ഥാന ബന്ധം ഉണ്ടാവാമെന്ന നിഗമനത്തില്‍ വനംവകുപ്പ് എത്തിച്ചേര്‍ന്നത്. വാസുവിന്റെ മരണം ആത്മഹത്യയാണോ കൊലപാതകമാണോ എന്ന് ഇതുവരെ വ്യക്തമായിട്ടില്ല. ഈ സാഹചര്യത്തില്‍ കേസിന്റെ മുന്നോട്ടുള്ള അന്വേഷണത്തിന് വനംവകുപ്പ് പര്യാപ്തമാവില്ല എന്നതിനാലാണ് കേസ് സി.ബി.ഐക്ക് വിടാന്‍ തീരുമാനിച്ചത്.
ഇതിനിടെ ആനവേട്ടക്കേസുമായി ബന്ധപ്പെട്ട് അതിരപ്പള്ളി റേഞ്ചില്‍ നടത്തിയ പരിശോധനയില്‍ മൂന്നു ആനകളുടെ ജഡാവശിഷ്ടം കൂടി ഇന്ന് കണ്ടെത്തി. 11 ആനകളുടെ അവശിഷ്ടമാണ് ഇതുവരെ കണ്ടെത്തിയത്. ബുധനാഴ്ചയും കരിമ്പാനി അതിരപ്പള്ളി റേഞ്ചില്‍ എക്കക്കുഴിയില്‍ നടത്തിയ തിരച്ചിലില്‍ രണ്ട് ആനകളുടെ അവശിഷ്ടം കണ്ടെത്തിയിരുന്നു.
ഇതിനിടെ കേസിലെ പ്രതികളായ ആണ്ടിക്കുഞ്ഞിനേയും എല്‍ദോസിനേയും വനംവകുപ്പ് ഇന്ന് കോടതിയില്‍ ഹാജരാക്കും. ഇവരുടെ കസ്റ്റഡി കാലാവധി തീര്‍ന്നതിനാല്‍ കോടതിയില്‍ ഹാജരാക്കി വീണ്ടും കസ്റ്റഡിയില്‍ വാങ്ങാനുള്ള അപേക്ഷ നല്‍കും.