| Friday, 24th July 2015, 9:01 am

ആനവേട്ടക്കേസ്; വാസുവിനെ ഒളിവില്‍ കഴിയാന്‍ സഹായിച്ച തോട്ടമുടമ അറസ്റ്റില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

എറണാകുളം: ആനവേട്ടക്കേസിലെ മുഖ്യപ്രതി ഐക്കരമറ്റം വാസു ഒളിവില്‍ കഴിഞ്ഞ തോട്ടത്തിന്റെ ഉടമ മനോജ് അറസ്റ്റിലായി. പെരുമ്പാവൂരില്‍ നിന്നാണ് അറസ്റ്റിലായത്. വാസുവിനെ ഒളിവില്‍ കഴിയാന്‍ സഹായിച്ചതിനാണ് മനോജിനെ അറസ്റ്റ് ചെയ്തിരിക്കുന്നത്. മഹാരാഷ്ട്രയിലെ ഇയാളുടെ തോട്ടത്തിലാണ് വാസു ഒളിവില്‍ കഴിഞ്ഞിരുന്നത്. ഇവിടെയുള്ള ഫാം ഹൗസിലാണ് വാസുവിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.

വാസുവിനെ തനിക്ക് പരിചയമുണ്ടായിരുന്നില്ലെന്നും പത്രങ്ങളില്‍ വാര്‍ത്തവന്നതോടെയാണ് ആനവേട്ടകേസിലെ പ്രതിയാണ് ഇയാള്‍ എന്ന് മനസിലായതെന്നുമായിരുന്നു മനോജ് നേരത്തെ വ്യക്തമാക്കിയിരുന്നത്. എന്നാല്‍ മനോജും വാസുവും നേരത്തെ അടുപ്പമുണ്ടായിരുന്നു എന്നാണ് പോലീസ് കണ്ടെത്തിയത്. ഈ അടുപ്പത്തിന്റെ പേരിലാണ് വാസുവിനെ ഒളിവില്‍ കഴിയാന്‍ മനോജ് സഹായിച്ചത്. അതേസമയം മനോജ് അന്വേഷണ സംഘത്തിന്റെ നിരീക്ഷണത്തിലായിരുന്നു.

ഇന്നലെ മനോജിന്റെ വീട്ടില്‍ നടത്തിയ റെയ്ഡില്‍ വാസുവിന്റെ വീട്ടില്‍ നിന്നും രണ്ട് തോക്കുകള്‍ കണ്ടെടുത്തിരുന്നു. ലൈസന്‍സുള്ള തോക്കാണ് കണ്ടെടുത്തതെങ്കിലും മനോജിന് ആനവേട്ട സംഘവുമായി ബന്ധമുണ്ടെന്നും സംശയമുണ്ട്. മനോജിനെ ഇപ്പോള്‍ പോലീസ് ചോദ്യം ചെയ്ത് വരികയാണ്. ഇന്ന് വൈകീട്ടോടെ കോടതിയില്‍ ഹാജരാക്കും.

We use cookies to give you the best possible experience. Learn more