| Sunday, 15th December 2024, 7:20 pm

വയനാട്ടിൽ വീണ്ടും കാട്ടാന ആക്രമണം; നിർമാണ തൊഴിലാളിക്ക് ഗുരുതര പരുക്ക്

ഡൂള്‍ന്യൂസ് ഡെസ്‌ക്

വയനാട്: വയനാട്ടിൽ വീണ്ടും കാട്ടാന ആക്രമണം. ആക്രമണത്തിൽ പാലക്കാട് സ്വദേശിയായ നിർമാണ തൊഴിലാളി സതീശന് (40 ) ഗുരുതര പരുക്ക്. വയനാട് ചേകാടി ചന്ത്രോത്ത് വനഭാഗത്താണ് കാട്ടാന ആക്രമണം ഉണ്ടായത്.

ചേകാടി പൊളന്ന എലിഫന്റ് വാലി റിസോർട്ടിലെ നിർമ്മാണ തൊഴിലാളിയായ പാലക്കാട് സ്വദേശി സതീഷിനാണ് പരിക്കേറ്റത്. ഇയാളെ മാനന്തവാടി മെഡിക്കൽ കോളേജിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകിയ ശേഷം കോഴിക്കോട് മെഡിക്കൽ കോളേജിൽ കൊണ്ടുപോയി.

ഇന്ന് ഉച്ചയ്ക്ക് രണ്ടുമണിയോടെ ആയിരുന്നു ആനയുടെ ആക്രമണമുണ്ടായത്. സതീശനും മറ്റ് അഞ്ചുപേരും സമീപത്തെ കടയിൽ സാധനം വാങ്ങാനായി പോയതായിരുന്നു. ഇതിനിടെ സതീഷിന്റെ നേർക്ക് ആന പാഞ്ഞെത്തി.

കൂടെയുണ്ടായിരുന്ന മറ്റ് നാലു പേർ തിരിഞ്ഞോടി. എന്നാൽ സതീശൻ ഓടുന്നതിനിടയിൽ ആന പുറകിൽ നിന്നും ആക്രമിക്കുകയായിരുന്നു. ആനയുടെ കൊമ്പ് സതീഷിന്റെ വയറിൽ തുളഞ്ഞ് കയറി. സുൽത്താൻ ബത്തേരി എം.എൽ.എ ഐ.സി ബാലകൃഷ്ണൻ ഉൾപ്പെടെയുള്ളവർ പിന്നീട് സ്ഥലത്തെത്തി.

Content Highlight: elephant attack in  wayaad

We use cookies to give you the best possible experience. Learn more