| Sunday, 17th June 2018, 7:44 am

പൂപ്പാറയില്‍ കാട്ടാന ആക്രമണം; ഏലത്തോട്ടം കാവല്‍ക്കാരനെ അടിച്ചുവീഴ്ത്തിയശേഷം കുഴിയിലേക്ക് ചവിട്ടിത്താഴ്ത്തി മണ്ണിട്ടുമൂടി

ഡൂള്‍ന്യൂസ് ഡെസ്‌ക്

അടിമാലി: പൂപ്പാറയില്‍ ഏലത്തോട്ടം കാവല്‍ക്കാരനെ കാട്ടാന ചവിട്ടിക്കൊന്നു. പുതുപ്പാറ എസ്റ്റേറ്റ് ലൈന്‍സിലെ താമസക്കാരനായ വേലുവാണ് കൊല്ലപ്പെട്ടത്.

ഏലത്തോട്ടം കാവല്‍ക്കാരനായ വേലു ശനിയാഴ്ച രാവിലെ ആറരയോടെ പുതുപ്പാറയില്‍നിന്ന് മൂലത്തുറയിലെ തോട്ടത്തിലേക്ക് നടന്നുവരുമ്പോഴാണ് കാട്ടാനയുടെ മുന്നില്‍പ്പെട്ടത്. വേലുവിനെ കാട്ടാന തുമ്പിക്കൈ കൊണ്ട് അടിച്ചുവീഴ്ത്തിയശേഷം കുഴിയിലേക്ക് ചവിട്ടിത്താഴ്ത്തി മണ്ണിട്ടുമൂടുകയായിരുന്നു.

കാലുകള്‍ മാത്രം പുറത്തേക്ക് കാണാവുന്ന തരത്തിലായിരുന്ന മൃതദേഹം കിടന്നത്. കൂടെ ജോലി ചെയ്യുന്ന മറ്റ് തൊഴിലാളികള്‍ ആനയുടെ ചിന്നംവിളി കേട്ട് വന്നുനോക്കിയപ്പോള്‍ മണ്ണിട്ടുമൂടിയ കുഴിയില്‍നിന്ന് തള്ളിനില്‍ക്കുന്ന കാലുകളാണ് കണ്ടത്. ഇവര്‍ അറിയിച്ചതിനെ തുടര്‍ന്ന് കൂടുതല്‍ തൊഴിലാളികള്‍ സ്ഥലത്തെത്തി മൃതദേഹം പുറത്തെടുക്കുകയായിരുന്നു. തലയും നെഞ്ചും തകര്‍ന്ന നിലയിലായിരുന്നു മൃതദേഹം.

ALSO READ: പിണറായി ഉള്‍പ്പെടെ നാല് മുഖ്യമന്ത്രിമാർ കേജ്‌രിവാളിനെ കാണാനെത്തി

കാട്ടാനശല്യം സംബന്ധിച്ച് നിരവധി തവണ പരാതി നല്‍കിയിട്ടും വനംവകുപ്പ് കാണിക്കുന്ന അനാസ്ഥയുടെ ഫലമാണ് വേലുവിന്റെ മരണമെന്നാരോപിച്ച് നാട്ടുകാര്‍ മണിക്കൂറുകളോളം പൂപ്പാറ ടൗണില്‍ റോഡ് ഉപരോധിച്ചു.

സബ് കളക്ടറും മൂന്നാര്‍ വൈല്‍ഡ് ലൈഫ് വാര്‍ഡനും ചേര്‍ന്ന് നടത്തിയ ചര്‍ച്ചയില്‍ വൈദ്യുതി വേലി സ്ഥാപിക്കാമെന്നും പ്രദേശത്തെ അഞ്ചുപേരെ വനംവകുപ്പ് വാച്ചര്‍മാരായി നിയമിക്കുമെന്നും ശമ്പളം വനംവകുപ്പ് നല്‍കുമെന്നും തീര്‍പ്പായതിനുശേഷമാണ് റാപിഡ് റെസ്‌പോണ്‍സ് ടീമിന്റെ സേവനവും ഉറപ്പുനല്‍കിയതോടെയാണ് സമരം അവസാനിപ്പിച്ച് മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്യാന്‍ കൊണ്ടുപോയത്.

WATCH THIS VIDEO:

We use cookies to give you the best possible experience. Learn more