| Wednesday, 28th September 2022, 8:04 pm

ആറളത്തെ കാട്ടാന ആക്രമണം; വനം വകുപ്പിനെതിരെ നിലപാട് കടുപ്പിച്ച് സി.പി.ഐ.എം, ഫോറസ്റ്റ് ഓഫീസ് മാര്‍ച്ച് 30ന്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കണ്ണൂര്‍: കണ്ണൂര്‍ ആറളം ഫാമിലെ കാട്ടാന ആക്രമണത്തില്‍ വനം വകുപ്പിനെതിരെ നിലപാട് കടുപ്പിച്ച് സി.പി.ഐ.എം. വന്യജീവികളുടെ ആക്രമണത്തില്‍ നിന്ന് ആളുകളെ രക്ഷിക്കാന്‍ ഉള്ള ഉത്തരവാദിത്തം സര്‍ക്കാരിന് ഉണ്ടെന്ന് സി.പി.ഐ.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി. ജയരാജന്‍ പറഞ്ഞു.

ആറളം ഫാം ഒമ്പതാം ബ്ലോക്കിലെ വളയംചാല്‍ പൂക്കുണ്ട് കോളനിയിലെ വാസു എന്ന യുവാവ് കഴിഞ്ഞ ദിവസം കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് നിലപാട് കടുപ്പിച്ച് സി.പി.ഐ.എം രംഗത്തെത്തിയത്.

രാത്രി കോളനിയിലിറങ്ങിയ കാട്ടാനയുടെ മുന്നില്‍ വാസു പെടുകയായിരുന്നു. പരിക്കേറ്റ ഉടന്‍ തന്നെ വാസുവിനെ പേരാവൂര്‍ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ആനയുടെ കുത്തേറ്റ് ഇയാളുടെ മുഖം വികൃതമാക്കപ്പെട്ടതിനാല്‍ ആളെ തിരിച്ചറിയാന്‍ മണിക്കൂറുകളോളം വേണ്ടിവന്നു. ആനയുടെ ചിന്നം വിളിയും ബഹളവും കേട്ട് സമീപത്തെ വീട്ടില്‍ നിന്നും ഒരു സ്ത്രീ വനം വകുപ്പിനെ വിവരമറിയിക്കുകയായിരുന്നു.

വനം വകുപ്പിന്റെ റാപ്പിഡ് റെസ്‌പോണ്‍സ് ടീം എത്തി പരിശോധന നടത്തിയപ്പോഴാണ് റോഡരികില്‍ പരിക്കേറ്റ നിലയില്‍ വാസുവിനെ കണ്ടെത്തിയത്.

ആനമതില്‍ ഇല്ലാത്തതിനാല്‍ ഇക്കൊല്ലം മാത്രം ആറളത്ത് മൂന്ന് പേരാണ് കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ആറളത്തെ കാട്ടാന ആക്രമണം തടയാനായി ആന മതില്‍ വേണമെന്ന ആവശ്യം നേരത്തെ തന്നെ സി.പി.ഐ.എം മുന്നോട്ടുവെച്ചിരുന്നു.

വാസുവിന്റെ മരണത്തോടെ ഈ ആവശ്യം വീണ്ടും സജീവമാക്കുകയാണ് കണ്ണൂരിലെ പാര്‍ട്ടി ജില്ലാ ഘടകം. താല്‍ക്കാലിക സംവിധാനമല്ല, ആന മതില്‍ തന്നെ വേണമെന്നാണ് എം.വി. ജയരാജന്‍ ആവശ്യപ്പെട്ടത്.

ആദിവാസികളെ സംരക്ഷിക്കാനുള്ള ഉത്തരവാദിത്തം സര്‍ക്കാരിനുണ്ട്. വീഴ്ചയുണ്ടായത് എവിടെയെന്ന് കണ്ടെത്തണം. വാസുവിന്റെ കുടുംബത്തെ സര്‍ക്കാര്‍ സംരക്ഷിക്കണമെന്നും കുടുംബത്തില്‍ ഒരാള്‍ക്ക് വനം വകുപ്പില്‍ ജോലി നല്‍കണമെന്നും ജയരാജന്‍ ആവശ്യപ്പെട്ടു.

നടപടി ആവശ്യപ്പെട്ട് ഈ മാസം 30ന് ഫോറസ്റ്റ് ഓഫീസിലേക്ക് സി.പി.ഐ.എം മാര്‍ച്ച് പ്രഖ്യാപിച്ചിട്ടുണ്ട്.

അതേസമയം, കഴിഞ്ഞ എട്ട് വര്‍ഷത്തിനിടെ ആറളം ഫാമില്‍ അക്രമാസക്തരായ കാട്ടാനകള്‍ ചവിട്ടിയരച്ച് കൊന്നത് 13 ആളുകളെയാണ്. മരിച്ചതില്‍ 12 പേരും ആറളം പുനരധിവാസ കേന്ദ്രത്തിലെത്തിയ ഭൂരഹിതരായ ആദിവാസികളാണ്. ഒരാള്‍ പുറത്ത് നിന്ന് കള്ള് ചെത്താനെത്തിയ തൊഴിലാളിയാണ്.

Content Highlight: Elephant Attack in Aralam Farm; CPIM Against Forest Department

We use cookies to give you the best possible experience. Learn more