കൊച്ചി: രാജ്യത്തെ ഇന്ധനവില കൂട്ടുന്നത് കേന്ദ്രസര്‍ക്കാരല്ലെന്ന വാദങ്ങള്‍ പൊളിയുന്നു. കഴിഞ്ഞ 24 ദിവസമായി രാജ്യത്തെ ഇന്ധനവില മാറ്റമില്ലാതെ തുടരുകയാണ്. തുടര്‍ച്ചയായി കൂടിയിരുന്ന ഇന്ധനവിലക്ക് കടിഞ്ഞാണ്‍ വീണത് വിവിധ സംസ്ഥാനങ്ങളില്‍ നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെയാണ്.
വില കൂട്ടുന്നത് എണ്ണക്കമ്പനികളാണ്, സര്‍ക്കാരല്ല എന്ന വാദമാണ് നിരന്തമായി വിലകൂട്ടുമ്പോള്‍ കേന്ദ്രം കാരണമായി പറഞ്ഞിരുന്നത്. ഈ വാദമാണ് ഇപ്പോള്‍ പൊളിയുന്നത്.
ഇപ്പോള്‍ അന്താരാഷ്ട്ര വിപണിയില്‍ അസംസ്‌കൃത എണ്ണവില കുത്തനെ കൂടിയിട്ടും എന്തുകൊണ്ട് പെട്രോളിന്റെയും ഡീസലിന്റെയും വില കൂടുന്നില്ലെന്ന ചോദ്യമുയരുന്നുണ്ട്. ലോക്ഡൗണ്‍ കാലത്ത് എണ്ണവില 20 ഡോളറിലേക്ക് താഴ്ന്നപ്പോള്‍ പോലും വില കൂട്ടിയ കേന്ദ്രസര്‍ക്കാര്‍ ഇപ്പോള്‍ വിലയില്‍ മാറ്റമില്ലാതെ നിര്‍ത്തുകയാണ്.
ഫെബ്രുവരിയില്‍ തുടര്‍ച്ചയായി 12 ദിവസം വില കൂട്ടിയിരുന്നു. പെട്രോളിന് 4.52 രൂപയും ഡീസലിന് 4.88 രൂപയുമാണ് കൂട്ടിയത്. വില കൂട്ടാന്‍ തുടങ്ങിയ ഫെബ്രുവരി നാലിന് അന്താരാഷ്ട്ര വിപണിയില്‍ ബാരലിന് 58.98 ഡോളറും സംസ്ഥാനത്ത് പെട്രോള്‍ വില 88.53 രൂപയുമായിരുന്നു. ഫെബ്രുവരി 27ന് അന്താരാഷ്ട്ര വില 65.86 ഡോളറായി ഉയര്‍ന്നപ്പോള്‍ സംസ്ഥാനത്ത് പെട്രോള്‍ വില 93.05 രൂപയും ഡീസലിന് 87.53 രൂപയുമാക്കി.
എന്നാല്‍, ഫെബ്രുവരി 26ന് തെരഞ്ഞെടുപ്പ് വിജ്ഞാപനശേഷം, മാര്‍ച്ച് അഞ്ചിന് അന്താരാഷ്ട്ര എണ്ണവില 69.95 ഡോളറായി ഉയര്‍ന്നിട്ടും വില കൂട്ടിയില്ല. ഏഴിന് സൗദി അറേബ്യയിലെ എണ്ണപ്പാടത്ത് ഡോണ്‍ ആക്രമണത്തെത്തുടര്‍ന്ന് വില വീണ്ടും കൂടിയിട്ടും ഇവിടെ വിലയില്‍ മാറ്റമുണ്ടായില്ല.
പെട്രോളിന്റെയും ഡീസലിന്റെയും റീട്ടെയ്ല്‍ വില തത്വത്തില്‍ ആഗോളതലത്തിലെ ക്രൂഡ് ഓയില്‍ വിലയുമായി നേരിട്ടു ബന്ധപ്പെട്ടിരിക്കുന്നതാണ്. അതായത് ക്രൂഡ് ഓയില്‍ വില ഉയരുന്ന സമയത്ത് രാജ്യത്തെ പെട്രോളിന്റെ വില ഉയരുകയും കുറയുന്ന സമയത്ത് കുറയുകയും വേണം. പക്ഷെ അത്തരത്തിലല്ല ഇന്ത്യയില്‍ കാര്യങ്ങള്‍ സംഭവിക്കുന്നത്. സ്വകാര്യ കമ്പനികള്‍ നിശ്ചയിക്കുന്ന റീട്ടെയ്ല്‍ വിലയോടൊപ്പം കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ ചുമത്തുന്ന നികുതികള്‍ കൂടി ചേര്‍ന്നതാണ് ഇന്ത്യയിലെ പെട്രോള്‍ ഡീസല്‍ റീട്ടെയ്ല്‍ വില.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: Elelection gimmick no increase in fuel price