ന്യൂദല്‍ഹി: ഇലക്ട്രോണിക് വോട്ടിങ് മെഷീനെ വിമര്‍ശിക്കുന്നതിനുള്ള കോടതി വിലക്ക് സുപ്രീം കോടതി നീക്കി. ഇ.വി.എമ്മിനെ വിമര്‍ശിക്കുന്നതിനെതിരെ ഉത്തരാഖണ്ഡ് ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവാണ് സുപ്രീം കോടതി റദ്ദാക്കിയത്.
ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചാണ് ഉത്തരാഖണ്ഡ് കോടതി ജൂണില്‍ പുറപ്പെടുവിച്ച ഉത്തരവ് സ്റ്റേ ചെയ്തത്. ഇലക്ട്രോണിക് വോട്ടിങ് മെഷീനെ വിമര്‍ശിക്കുന്നത് വിലക്കിയ കോടതി നടപടിയ്‌ക്കെതിരെ നല്‍കിയ അപ്പീല്‍ പരിഗണിക്കുകയായിരുന്നു സുപ്രീം കോടതി.
ഉത്തരാഖണ്ഡ് കോടതി ഉത്തരവ് അഭിപ്രായ സ്വാതന്ത്ര്യത്തിനെതിരെയുള്ള കടന്നുകയറ്റമാണെന്ന് ഹര്‍ജിക്കാരനായി അഭിഭാഷകനായ ദേവദത്ത് കമത്ത് കോടതിയെ അറിയിച്ചു.
അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഹര്‍ജികളില്‍ തീരുമാനം വരുന്നതുവരെ രാഷ്ട്രീയപാര്‍ട്ടികളും പൊതുജനങ്ങളും ഇലക്ട്രോണിക് വോട്ടിങ് മെഷീനെ വിമര്‍ശിക്കാന്‍ പാടില്ല എന്നായിരുന്നു ഉത്തരാഖണ്ഡ് ഹൈക്കോടതി ഉത്തരവിട്ടത്.
ഭരണഘടനാ സ്ഥാപനമായ തെരഞ്ഞെടുപ്പു കമ്മീഷനെതിരെ സിസ്റ്റമാറ്റിക്കായ കാമ്പെയ്നാണ് നടക്കുന്നതെന്നു പറഞ്ഞാണ് ജഡ്ജി ഇ.വി.എമ്മുകളെ വിമര്‍ശിക്കുന്നതിന് വിലക്കേര്‍പ്പെടുത്തിയത്.
“ഞങ്ങള്‍, വലിയൊരു വിഭാഗം ജനങ്ങളുടെ താല്‍പര്യത്തിനുവേണ്ടി, അടുത്തിടെ നടന്ന തെരഞ്ഞെടുപ്പുകളില്‍ ഇലക്ട്രോണിക് വോട്ടിങ് മെഷീന്‍ ഉപയോഗിച്ചതിനെ വിമര്‍ശിക്കുന്നതില്‍ നിന്നും എല്ലാ രാഷ്ട്രീയ പാര്‍ട്ടികളെയും എന്‍.ജി.ഒ.കളെയും വ്യക്തികളെയും വിലക്കുന്നു. ഈ കേസുകളില്‍ തീരുമാനമാകുംവരെ ഇലക്ട്രോണിക് മീഡിയ, മാധ്യമങ്ങള്‍, റേഡിയോ, ഫേസ്ബുക്ക്, ട്വിറ്റര്‍ എന്നിവ വഴി ഇ.വി.എമ്മുകളെ വിമര്‍ശിക്കാന്‍ പാടില്ല.” എന്നാണ് കോടതി ഉത്തരവിട്ടത്.” എന്നായിരുന്നു ഉത്തരാഖണ്ഡ് കോടതി പറഞ്ഞത്.