ന്യൂദല്‍ഹി: ഇലക്ട്രോണിക് വോട്ടിങ് മെഷീനുകള്‍ക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുമെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍. വോട്ടിങ് മെഷീനില്‍ നടക്കുന്ന കൃത്രിമങ്ങളെ ചൂണ്ടിക്കാട്ടി കഴിഞ്ഞ ദിവസം പ്രതിപക്ഷ പാര്‍ട്ടികള്‍ എന്‍.സി.പി നേതാവ് ശരത് പവാറിന്റെ വസതിയില്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് നീക്കം.
സി.പി.ഐ.എം, സി.പി.ഐ, കോണ്‍ഗ്രസ്, ജനതാ ദള്‍ (യുണൈറ്റഡ്), ആം ആദ്മി പാര്‍ട്ടി, ശിവസേന തുടങ്ങിയ പ്രതിപക്ഷ പാര്‍ട്ടികളായിരുന്നു യോഗത്തില്‍ പങ്കെടുത്തത്. തൃണമൂല്‍ കോണ്‍ഗ്രസിനെ ക്ഷണിച്ചിരുന്നെങ്കിലും പങ്കെടുത്തില്ലെന്നാണ് റിപ്പോര്‍ട്ട്.
യോഗത്തെ സംബന്ധിച്ച് വിവരങ്ങള്‍ ശരത് പവാര്‍ ട്വിറ്ററില്‍ പങ്കുവെച്ചിരുന്നു.
‘ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളിലെ കൃത്രിമങ്ങള്‍ ചൂണ്ടിക്കാട്ടി എന്റെ സ്വവസതിയില്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗം ചേര്‍ന്നിരുന്നു. പ്രതിപക്ഷ പാര്‍ട്ടികള്‍ ഇ.വി.എമ്മുമായി ബന്ധപ്പെട്ട അവരുടെ ആശങ്കകള്‍ പങ്കുവെച്ചു,’ ശരത് പവാര്‍ ട്വിറ്ററില്‍ കുറിച്ചു.
എല്ലാ മെഷീനുകളിലും കൃത്രിമം കാണിക്കുക സാധ്യമാണെന്നും ഇതിന് വേണ്ട നടപടികള്‍ ഉടന്‍ സ്വീകരിക്കേണ്ടതുണ്ടെന്നും മുന്‍ കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍ പ്രതികരിച്ചു.
ഇ.വി.എമ്മുകളെ പറ്റി പ്രതിപക്ഷ പാര്‍ട്ടികളില്‍ നിന്ന് ചോദ്യങ്ങള്‍ ഉയരുന്നുണ്ടെന്നും ഇതിന് ഉചിതമായ മറുപടി തെരഞ്ഞെടുപ്പ് കമ്മീഷന്‍ തരുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും സി.പി.ഐ ജനറല്‍ സെക്രട്ടറി ഡി. രാജ പറഞ്ഞു. തെരഞ്ഞെടുപ്പ് കമ്മീഷന്റെ മറുപടി ലഭിച്ച ശേഷം ബാക്കി നടപടികളിലേക്ക് കടക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
2024 തെരഞ്ഞെടുപ്പില്‍ പ്രാദേശിക പാര്‍ട്ടികളെ കൂട്ടുപിടിച്ച് മൂന്നാം മുന്നണിക്ക് രൂപം നല്‍കാനുള്ള നീക്കങ്ങള്‍ക്കിടെയാണ് യോഗം. കഴിഞ്ഞ ദിവസം പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയും ഒഡിഷ മുഖ്യമന്ത്രി നവീന്‍ പട്‌നായിക്കും തമ്മില്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. വെള്ളിയാഴ്ച കര്‍ണാടക മുഖ്യമന്ത്രി കെ. ചന്ദ്ര ശേഖര റാവുവുമായി മമത കൂടിക്കാഴ്ച നടത്തിയേക്കുമെന്നാണ് റിപ്പോര്‍ട്ട്.
വോട്ടിങ് മെഷീനുകളെ സംബന്ധിച്ച ആശങ്കള്‍ നേരത്തെയും പ്രതിപക്ഷ പാര്‍ട്ടികള്‍ ഉന്നയിച്ചിട്ടുണ്ട്. വോട്ടിങ് മെഷീനുകളില്‍ കൃത്രിമം കാണിക്കുന്നുണ്ടെന്ന് പ്രതിപക്ഷം ആരോപിച്ചിരുന്നെങ്കിലും ഇത് തെളിയിക്കാനായിട്ടില്ല.
2017ല്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ ഉന്നയിക്കുന്ന ആരോപണങ്ങള്‍ തെളിയിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷനും പറഞ്ഞിരുന്നു.
Content Highlight: Electronic voting machines are tampered with; The opposition parties are about to approach Election Commission