സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വർധിപ്പിച്ചു
Kerala News
സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വർധിപ്പിച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 6th December 2024, 5:55 pm

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വർധിപ്പിച്ചു. യൂണിറ്റിന് 16 പൈസ കൂട്ടിക്കൊണ്ടുള്ള വൈദ്യുത നിരക്കിനുള്ള തീരുമാനമാണ് ഇപ്പോൾ എടുത്തിരിക്കുന്നത്. ഡിസംബർ  അഞ്ച് മുതൽ പുതിയ നിരക്ക് പ്രാബല്യത്തിൽ വന്നു.

10 പൈസ സമ്മർ താരിഫ് വേണമെന്ന കെ.എസ്.ഇ.ബി ആവശ്യം തള്ളി. അടുത്ത വർഷം 12 പൈസ വർധിപ്പിക്കും. ബി.പി.എല്ലുകാര്‍ക്കും നിരക്ക് വര്‍ധന ബാധകമാണ്. എന്നാൽ പ്രതിമാസം 40 യൂണിറ്റ് വരെയുള്ളവർക്ക് നിരക്ക് വർധന ബാധകമല്ല.

വൈദ്യുതി റെഗുലേറ്ററി കമ്മീഷന്‍ അധ്യക്ഷനും അംഗങ്ങളും മുഖ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷമാണ് വൈദ്യുതി നിരക്ക് കൂട്ടാന്‍ തീരുമാനമായത്.

2025-2026 വർഷത്തിൽ യൂണിറ്റിന് 12 പൈസ കൂടും. 2026-27ൽ നിരക്ക് വർധനയില്ല. ചെറുകിട വ്യവസായങ്ങൾക്ക് രാവിലെ ആറു മുതൽ വൈകുന്നേരംആറ് വരെ 10% കുറവ് ഉണ്ടായിരിക്കും.

ഈ വര്‍ഷം ജൂണില്‍ സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വര്‍ധിപ്പിച്ചിരുന്നു. പ്രതിമാസം 50 യൂണിറ്റ് വരെ വൈദ്യുതി ഉപയോഗിക്കുന്നവര്‍ക്ക് സൗജന്യ വൈദ്യുതിയായിരുന്നു നല്‍കിപ്പോന്നിരുന്നത്. 51 മുതല്‍ മുകളിലേക്ക് 100 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് 10 പൈസയാണ് യൂണിറ്റിന് കൂടിയത്. 101 യൂണിറ്റ് മുതല്‍ 150 യൂണിറ്റ് വരെയുള്ള ഉപഭോക്താക്കള്‍ക്ക് യൂണിറ്റിന് 15 പൈസ കൂട്ടി.

2016ല്‍ ഇടതു സര്‍ക്കാര്‍ അധികാരമേറ്റതിനു ശേഷം അഞ്ചാം തവണയാണ് വൈദ്യുതി നിരക്ക് വര്‍ധിപ്പിക്കുന്നത്. 2017, 2019, 2022, 2023 എന്നീ വര്‍ഷളിലും താരിഫ് പരിഷ്‌കരണം നടത്തിയിരുന്നു. 2017-ല്‍ 4.77%, 2019-ല്‍ 7.32%, 2022-ല്‍ 6.59%, 2023-ല്‍ 3% എന്നിങ്ങനെയായിരുന്നു വര്‍ധന.

 

Content Highlight: Electricity tariff has been increased in the state