| Thursday, 11th October 2012, 12:26 am

വൈദ്യുതി ഉപയോഗത്തിനനുസൃതമായി സര്‍ചാര്‍ജ് ഈടാക്കും: റെഗുലേറ്ററി കമ്മീഷന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: അടുത്തവര്‍ഷം ഏപ്രിലോടെ വൈദ്യുതി  ഉപയോഗത്തിനനുസൃതമായി ഉപയോക്താക്കളില്‍നിന്ന് സര്‍ചാര്‍ജ് ഈടാക്കാന്‍ റെഗുലേറ്ററി കമ്മീഷന്‍ തീരുമാനിച്ചു.

വൈദ്യുതിക്ക് ക്ഷാമം നേരിടുന്ന സമയത്ത് വൈദ്യുതിയുടെ ഉപയോഗം കുറയ്ക്കുകയെന്നത് ലക്ഷ്യമിട്ടാണ് റഗുലേറ്ററി കമ്മീഷന്‍ ഈ രീതി നിര്‍ദേശിച്ചത്. ഇതനുസരിച്ച് ഈ മാസം മുതല്‍ 2013 മാര്‍ച്ച് വരെ ഉപയോഗിക്കുന്ന വൈദ്യുതിക്ക് അടുത്ത ജൂണ്‍ മുതല്‍ പ്രത്യേക സര്‍ചാര്‍ജായി പണം ഈടാക്കും. []

താപവൈദ്യുതി വാങ്ങിയതിലെ നഷ്ടം നികത്താന്‍ ഇപ്പോള്‍ തന്നെ സര്‍ചാര്‍ജ് നിലവിലുണ്ട്. ഇതിന് പുറമേയാണ് 2012 ഒക്ടോബര്‍ മുതല്‍ 2013 മാര്‍ച്ച് വരെയുള്ള കാലയളവില്‍ പുറത്തുനിന്ന് വൈദ്യുതി വാങ്ങിയ നഷ്ടം ഈടാക്കാന്‍ ഏപ്രില്‍ മുതല്‍ സര്‍ചാര്‍ജ് വരുന്നത്.

ഇത് ഉപയോക്താക്കള്‍ക്ക് വന്‍ ബാധ്യതയാകും. സര്‍ചാര്‍ജ് ഈടാക്കേണ്ടിവരുമെന്ന് കമ്മിഷന്‍ സൂചിപ്പിച്ചതോടെ ഫലത്തില്‍ അടുത്തവര്‍ഷം മുഴുവന്‍ സര്‍ചാര്‍ജ് നിലവില്‍വരും.

മഴ കുറഞ്ഞതുകൊണ്ട് വൈദ്യുതി ബോര്‍ഡിനുണ്ടാകുന്ന അധിക ബാധ്യത മുഴുവന്‍ ഇത്തരത്തില്‍ ഈടാക്കാമെന്നതിനാല്‍ ബോര്‍ഡ് ആവശ്യപ്പെട്ട കൂടുതല്‍ നിയന്ത്രണങ്ങള്‍ കമ്മീഷന്‍ തത്കാലം അനുവദിച്ചില്ല. നിലവിലുള്ള ഒരുമണിക്കൂര്‍ ലോഡ്‌ഷെഡ്ഡിങ് തുടരും.

ഇടതടവില്ലാതെ വൈദ്യുതിവേണ്ടിവരുന്ന വ്യവസായങ്ങള്‍ 25 ശതമാനം ഉപയോഗം സ്വയം കുറയ്ക്കണം. ഇതിന് തയാറായില്ലെങ്കില്‍ കര്‍ശന നിയന്ത്രണത്തിന് കമ്മീഷന്‍ തയാറാവും.

അടുത്തിടെ വൈദ്യുതി ചാര്‍ജ് വര്‍ധന ഏര്‍പ്പെടുത്തിയതിനെത്തുടര്‍ന്ന് കമ്മീഷനെതിരെ പ്രതിഷേധം ഉയര്‍ന്നതിനാല്‍ തല്‍ക്കാലം ഗാര്‍ഹിക വിഭാഗങ്ങള്‍ക്കടക്കമുള്ളവര്‍ക്ക് നിയന്ത്രണത്തിന് മുതിരാതെ നടപടി അടുത്തവര്‍ഷത്തേക്ക് നീട്ടുകയാണ് ചെയ്തത്. മഴ ലഭിക്കാത്തതിനാല്‍ വൈദ്യുതി ഉപയോഗം കൂടുമെന്നതിനാല്‍ ബോര്‍ഡിന്റെ നഷ്ടം നികത്താന്‍ അടുത്ത വര്‍ഷംമുതല്‍ നിയന്ത്രണങ്ങളും സര്‍ചാര്‍ജും ഇരട്ടിഭാരമായി ജനങ്ങളിലേക്കെത്തും.

വൈദ്യുതി പ്രതിസന്ധിയുടെ ബാധ്യത എല്ലാവരിലേക്കും കൈമാറുന്ന സമീപനമാണ് ഇടക്കാല ഉത്തരവില്‍ കമ്മീഷന്‍ സ്വീകരിച്ചിരിക്കുന്നത്. സര്‍ചാര്‍ജിന് സാധ്യതയുള്ളതിനാല്‍ എല്ലാവരും ഉപയോഗം കുറയ്ക്കണമെന്നും കമ്മീഷന്‍ അഭ്യര്‍ത്ഥിച്ചു.

താപവൈദ്യുതിയുണ്ടാക്കാനുള്ള ഇന്ധനത്തിന്റെ വിലയിലെ ഏറ്റക്കുറച്ചിലനുസരിച്ച് ഇന്ധന സര്‍ചാര്‍ജ് മാത്രമാണ് ഇപ്പോള്‍ ഈടാക്കുന്നത്. ഇപ്പോള്‍ ബോര്‍ഡിന് ദിവസേന ഏഴുകോടി രൂപയാണ് അധികബാധ്യത. ഇതില്‍ കമ്മീഷന്‍ അംഗീകരിക്കുന്ന തുക മുഴുവന്‍ ഉപയോക്താക്കളില്‍ നിന്ന് സര്‍ചാര്‍ജായി ഈടാക്കാം.

We use cookies to give you the best possible experience. Learn more