ന്യൂദല്‍ഹി: ഗുജറാത്ത് കലാപത്തെ കുറിച്ചും ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അതിലെ പങ്കിനെ കുറിച്ചുമുള്ള ‘ഇന്ത്യ, ദ മോദി ക്വസ്റ്റ്യന്‍’ (India: The Modi Question) എന്ന ബി.ബി.സി ഡോക്യുമെന്ററിയുടെ പ്രദര്‍ശനം തടയാനായി ക്യാമ്പസിലെ വൈദ്യുതി വിച്ഛേദിച്ച് ജെ.എന്‍.യു അധികൃതര്‍. ഇതേ തുടര്‍ന്ന് മൊബൈല്‍ ഫോണിലും ലാപ്‌ടോപ്പിലുമായി വിദ്യാര്‍ത്ഥികള്‍ ഡോക്യുമെന്ററി കാണുന്നത് തുടര്‍ന്നു.
എന്നാല്‍ ഇതില്‍ പ്രകോപിതരായ എ.ബി.വി.പി പ്രവര്‍ത്തകര്‍ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ കല്ലേറ് നടത്തി. കല്ലേറില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. വിദ്യാര്‍ത്ഥികള്‍ക്ക് പ്രദര്‍ശനം പൂര്‍ത്തിയാക്കാനും കഴിഞ്ഞില്ല.
തുടര്‍ന്ന് എസ്.എഫ്.ഐ, എ.എസ്.എഫ്.ഐ, ഐസ തുടങ്ങിയ വിവിധ സംഘടനകളിലെ വിദ്യാര്‍ത്ഥികള്‍ പ്രതിഷേധവുമായി രംഗത്തെത്തി. സുരക്ഷാ ഉദ്യോഗസ്ഥര്‍ ഗേറ്റ് അടച്ചു. ക്യാമ്പസിനുള്ളില്‍ സംഘര്‍ഷാവസ്ഥ രൂപപ്പെടുന്നുണ്ടെന്നും പൊലീസ് സ്ഥലത്തെത്തിയിട്ടുണ്ടെന്നുമാണ് വിവിധ വാര്‍ത്താചാനലുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
വിദ്യാര്‍ത്ഥി യൂണിയനായിരുന്നു ഡോക്യുമെന്ററി പ്രദര്‍ശനം നടത്താന്‍ ഒരുങ്ങിയിരുന്നത്. ഇതേ കുറിച്ചുള്ള പോസ്റ്ററുകള്‍ തിങ്കളാഴ്ച ക്യാമ്പസില്‍ പ്രചരിപ്പിച്ചതിന് പിന്നാലെയാണ് വിലക്കുമായി സര്‍വകലാശാല അധികൃതര്‍ എത്തിയത്. ‘ഈ പരിപാടിക്ക് ജെ.എന്‍.യു അധികാരികളില്‍ നിന്ന് മുന്‍കൂര്‍ അനുമതി വാങ്ങിയിട്ടില്ല’ എന്നായിരുന്നു അധികൃതരുടെ പ്രസ്താവന.
”ഇത്തരമൊരു അനധികൃത പ്രവര്‍ത്തനം യൂണിവേഴ്സിറ്റി ക്യാമ്പസിന്റെ സമാധാനത്തിനും ഐക്യത്തിനും ഭംഗം വരുത്തുമെന്ന് വ്യക്തമാക്കാനാണ് ഈ പ്രസ്താവന. നിര്‍ദ്ദിഷ്ട പരിപാടി റദ്ദാക്കാന്‍ ബന്ധപ്പെട്ട വിദ്യാര്‍ത്ഥികളോടും വ്യക്തികളോടും കര്‍ശനമായി നിര്‍ദേശിക്കുന്നു,” സര്‍വകലാശാല അധികൃതരുടെ പ്രസ്താവനയില്‍ പറഞ്ഞു. എന്നാല്‍ ഈ വിലക്കിനെ മറികടന്ന് വിദ്യാര്‍ത്ഥികള്‍ പ്രദര്‍ശനവുമായി മുന്നോട്ടുപോകുകയായിരുന്നു.
ബി.ബി.സി ഡോക്യുമെന്ററിയുടെ ആക്സസ് കേന്ദ്ര സര്‍ക്കാരും തടഞ്ഞിട്ടുണ്ട്. ഇതിന്റെ ലിങ്കുകള്‍ ബ്ലോക്ക് ചെയ്യാന്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളായ ട്വിറ്റര്‍, യൂട്യൂബ് എന്നിവയ്ക്ക് സര്‍ക്കാര്‍ വെള്ളിയാഴ്ച നിര്‍ദ്ദേശം നല്‍കിയിരുന്നു.
അതേസമയം, അധികൃതരുടെ വിലക്കിനെ മറികടന്ന് ഹൈദരാബാദ് സര്‍വകലാശാലയില്‍ വിദ്യാര്‍ത്ഥികള്‍ ഡോക്യുമെന്ററി പ്രദര്‍ശിപ്പിച്ചു. കേരളത്തില്‍ പ്രതിപക്ഷ യുവജന സംഘടനകളുടെ നേതൃത്വത്തില്‍ വിവിധ ഭാഗങ്ങളില്‍ ഡോക്യുമെന്ററി പ്രദര്‍ശിപ്പിച്ചു വരികയാണ്. ഇതിനെതിരെ ബി.ജെ.പി രംഗത്തുവന്നു.
ഇന്ത്യയില്‍ ബി.ജെ.പി സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുള്ള പ്രതിഷേധങ്ങള്‍ തുടരുമ്പോഴും സീരീസിന്റെ രണ്ടാം ഭാഗം ജനുവരി 24ന് റിലീസ് ചെയ്യാനിരിക്കുകയാണ് ബി.ബി.സി.
ഇക്കഴിഞ്ഞ 17ാം തീയതിയായിരുന്നു ഡോക്യുമെന്ററിയുടെ ആദ്യഭാഗം ബി.ബി.സി സംപ്രേക്ഷണം ചെയ്തത്. ഗുജറാത്ത് കലാപത്തിന് പുറമെ 2019 തെരഞ്ഞെടുപ്പ് കാലത്ത് മോദി സ്വീകരിച്ച നയങ്ങളും നിലപാടുകളും സംബന്ധിച്ചുള്ള വിലയിരുത്തലുകളും രണ്ടാം ഭാഗത്തിലുണ്ടാകുമെന്നാണ് ബി.ബി.സി നല്‍കുന്ന സൂചന.
Content Highlight: Electricity shut down and stone pelting to stop the screening of BBC documentary sat JNU campus