| Tuesday, 30th April 2013, 1:52 pm

സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വര്‍ധന പ്രഖ്യാപിച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വര്‍ധന പ്രഖ്യാപിച്ചു. പുതുക്കിയ വൈദ്യുതി നിരക്ക് 2014 മാര്‍ച്ച് 31 വരെ നിലവിലുണ്ടാകും. []

വൈദ്യുതി റെഗുലേറ്ററി കമ്മീഷന്‍ യോഗമാണ് വില വര്‍ധനയ്ക്ക് അന്തിമരൂപം നല്‍കിയത്. പ്രതിമാസം 40 യൂണിറ്റ് വരെ ഉപയോഗിക്കുന്ന 32 ലക്ഷം ചെറുകിട ഗാര്‍ഹിക ഉപഭോക്താക്കളെ നിരക്ക് വര്‍ധനയില്‍ നിന്ന് പൂര്‍ണമായും ഒഴിവാക്കിയിട്ടുണ്ട്.

പ്രതിമാസം 300 യൂണിറ്റിലേറെ ഉപയോഗിക്കുന്ന വന്‍കിട ഗാര്‍ഹിക ഉപയോക്താക്കളുടെ സഌബ് സമ്പ്രദായം എടുത്തുകളയും.

40 യൂണിറ്റിന് മുകളിലുള്ളവയ്ക്ക് യൂണിറ്റൊന്നിന് 20 മുതല്‍ 70 പൈസ വരെ കൂടും. ഗാര്‍ഹിക വൈദ്യുതിക്ക് 12 ശതമാനവും വ്യാവസായിക വൈദ്യുതിക്ക് ഒമ്പത് ശതമാനവുമാണ് വര്‍ധനവ് പ്രതീക്ഷിക്കുന്നത്.

80 മുതല്‍ 120 യൂണിറ്റ് ഉപയോഗിക്കുന്നവര്‍ക്ക്  യൂണിറ്റൊന്നിന് മൂന്നു രൂപ, 120 മുതല്‍ 150 യൂണിറ്റ് വരെ മൂന്നു രൂപ 50 പൈസ, 150 മുതല്‍ 200 യൂണിറ്റ് വരെ നാലു രൂപ, 300 യൂണിറ്റ് വരെ അഞ്ചു രൂപ ,300 യൂണിറ്റിന് മുകളില്‍ ഉപയോഗിക്കുന്നവര്‍ക്ക് ആറു രൂപ 75 പൈസ എന്നിങ്ങനെയാണ് യൂണിറ്റ് ഒന്നിന് വര്‍ധന.

വൈദ്യുതി ചാര്‍ജ് നിശ്ചയിക്കുന്നതിലും മാറ്റം വരുത്തിയിട്ടുണ്ട്. ആദ്യ 40 യൂണിറ്റിന് ഒന്നര രൂപയാകും ഈടാക്കുക. തുടര്‍ന്നുള്ള 80 യൂണിറ്റ് വരെ 2.20 രൂപയും 120 വരെ മൂന്നു രൂപയുമാകും ഈടാക്കുക.

300 യൂണിറ്റ് വരെ ഇങ്ങനെയാകൂം കണക്കുകൂട്ടുക. 300 യൂണിറ്റിനു മുകളില്‍ പ്രതിമാസ ഉപഭോഗം കടന്നാല്‍ ആദ്യ യൂണിറ്റ് മുതല്‍ അഞ്ചു രൂപ ഈടാക്കും.

കഴിഞ്ഞ ജൂലൈയിലാണ് ഇതിനു മുന്‍പ് വൈദ്യുതി നിരക്ക് കൂട്ടിയത്. പുതിയ നിരക്ക് നാളെ മുതല്‍ പ്രാബല്യത്തില്‍ വരും.

ധാന്യങ്ങള്‍, പഴവര്‍ഗങ്ങള്‍ എന്നിവ സൂക്ഷിക്കുന്ന സ്ഥാപനങ്ങള്‍ക്കും  അനാഥാലയങ്ങള്‍ക്കും സാമൂഹ്യസുരക്ഷാ സ്ഥാപനങ്ങള്‍ക്കും വൈദ്യുതി നിരക്ക് വര്‍ധനയില്ല.

വൈദ്യുത പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തില്‍ ഉപഭോഗം പരമാവധി കുറക്കാനുതകുന്ന വിധത്തിലുള്ള കടുത്ത നടപടികളാണ് ബോര്‍ഡ് കമ്മീഷനില്‍ നിന്ന് പ്രതീക്ഷിക്കുന്നത്.

കഴിഞ്ഞ ജൂലായിലാണ് ഇതിന് മുമ്പ് നിരക്ക് വര്‍ധിപ്പിച്ചത്. അതേസമയം ബില്ലിങ് ഘടന മാറ്റിക്കൊണ്ടുള്ള സമഗ്രമായ മാറ്റം ഇന്ന് പ്രഖ്യാപിക്കുന്ന സാഹചര്യത്തില്‍ വൈദ്യുതി റെഗുലേറ്ററി കമ്മിഷന്‍ പോലീസ് സംരക്ഷണം തേടി.

ഇതുസംബന്ധിച്ച് തിരുവനന്തപുരം പോലീസ് കമ്മിഷണര്‍ക്കു കത്തു നല്‍കി. പുതിയ പ്രഖ്യാപനത്തില്‍ വ്യാപകമായ പ്രതിഷേധം ഉയരാന്‍ സാഹചര്യമുള്ള പശ്ചാത്തലത്തിലാണ് നടപടി. വ്യാപക പ്രതിഷേധത്തിനുള്ള സാധ്യതയാണുള്ളത്.

We use cookies to give you the best possible experience. Learn more