| Tuesday, 22nd October 2013, 9:31 am

കൂടംകുളം ആണവനിലയത്തില്‍ വൈദ്യുതോല്‍പ്പാദനം തുടങ്ങി

ഡൂള്‍ന്യൂസ് ഡെസ്‌ക്

[]കൂടംകുളം: കൂടംകുളം ആണവനിലയത്തില്‍ വൈദ്യുതോല്‍പ്പാദം തുടങ്ങി. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ക്ക് ഇതോടെ കൂടംകുളത്ത് നിന്നും വൈദ്യുതി ലഭിച്ചു. ദക്ഷിണേന്ത്യന്‍ ഗ്രിഡുമായി ബന്ധിപ്പിച്ച് കേരളത്തിനും വൈദ്യുതി  ലഭിക്കും.

പുലര്‍ച്ചെ 2.45നാണ് ഉത്പാദനം തുടങ്ങിയത്. ആദ്യഘട്ടത്തില്‍ 160 മെഗാവാട്ട് വൈദ്യുതി ലഭിച്ചു. കേരളം ഉള്‍പ്പടെയുള്ള നാല് സംസ്ഥാനങ്ങള്‍ക്ക് വൈദ്യുതി ലഭിക്കും.

അണുവിഭജന പ്രക്രിയ വിജയകരമായി നടന്നതോടെയാണ് കൂടംകുളം ആണവ നിലയം പ്രവര്‍ത്തന സജ്ജമായത്.

നിലയത്തിലെ പ്രവര്‍ത്തനങ്ങള്‍ സാധാരണ ഗതിയില്‍ പുരോഗമിക്കുന്നതായി കൂടംകുളം ആണവപദ്ധതി ഡയറക്ടര്‍ ആര്‍.എസ് സുന്ദര്‍ പറഞ്ഞു. പ്രതീക്ഷക്കനുസരിച്ചാണ് പ്രവര്‍ത്തനം നടക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

ആദ്യഘട്ടത്തില്‍ 400 മെഗാവാട്ട് വൈദ്യുതിയായിരിക്കും റഷ്യന്‍ സഹകരണത്തോടെ പ്രവര്‍ത്തിക്കുന്ന നിലയത്തില്‍ നിന്ന് ഉല്‍പ്പാദിപ്പിക്കുക. ആയിരം മെഗാവാട്ട് ശേഷിയുള്ള ആദ്യ നിലയമാണ് പ്രവര്‍ത്തനത്തിന് സജ്ജമായിട്ടുള്ളത്.

നിരവധി ചെറിയ പരീക്ഷണങ്ങള്‍ വിജയം കണ്ട ശേഷമാണ് അണുവിഭജന പ്രക്രിയ നടത്താന്‍ ശാസ്ത്രജ്ഞര്‍ തീരുമാനിച്ചത്.

ആദ്യ ഘട്ട ഉല്‍പ്പാദനത്തിന് ശേഷം 50, 75, 90 ശതമാനമായി ഘട്ടം ഘട്ടം ഉയര്‍ത്തി പൂര്‍ണ സജ്ജമാക്കാനാണ് ഉദ്ദേശിക്കുന്നത്. ഓരോ ഘട്ടത്തിനും ആണവോര്‍ജ സമിതിയുടെ അനുമതി വേണം.

കൂടംകുളം സജ്ജമാകുന്നതോടെ രാജ്യത്തെ മൊത്തം ആണവോര്‍ജ ഉല്‍പ്പാദനം 5780 മെഗാവാട്ടായി വര്‍ധിക്കും. ആദ്യ ഘട്ടമായ ആയിരം മെഗാവാട്ടില്‍ നിന്ന് 463 മെഗാവാട്ട് ആണ് നിലയം സ്ഥിതി ചെയ്യുന്ന തമിഴ്‌നാടിന് ലഭിക്കുക.

അതേസമയം കൂടംകുളം ആണവനിലയത്തിലെ മൂന്നും നാലും റിയാക്ടറുകളുമായി ബന്ധപ്പെട്ട് റഷ്യയുമായുള്ള കരാര്‍ ഒപ്പിടേണ്ടെന്ന് ഇന്ത്യ തീരുമാനിച്ചു.

നിയമ പ്രശ്‌നങ്ങള്‍ വിലയിരുത്തി വാണിജ്യ സാധ്യതകള്‍കൂടി കണക്കിലെടുത്തുമാത്രം കരാറുമായി മുന്നോട്ടുപോയാല്‍ മതിയെന്നാണ് തീരുമാനം.

We use cookies to give you the best possible experience. Learn more