| Monday, 10th November 2014, 11:57 am

ജലനിരപ്പില്‍ സൗരവൈദ്യുതി നിലയം നിര്‍മിക്കാന്‍ ആറ് കമ്പനികള്‍ രംഗത്ത്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ജലനിരപ്പില്‍ സൗരോര്‍ജ പനാലുകള്‍ നിര്‍മിക്കാന്‍ ആറ് കമ്പനികള്‍ രംഗത്ത്. അണക്കെട്ടുകളിലെ ജലനിരപ്പുകളിലാണ് ഒഴുകുന്ന സൗര വൈദ്യുത നിലയങ്ങള്‍ നിര്‍മിക്കുന്നത്. രാജ്യത്താദ്യമായാണ് ഇത്തരമൊരു വൈദ്യുതി നിലയം സ്ഥാപിക്കുന്നത്.

എല്‍.ആന്‍ഡ്. ടി, വിക്രം സോളാര്‍, എന്‍സം ഗ്ലോബല്‍ തുടങ്ങിയ കമ്പനികളാണ് താല്‍പര്യം അറിയിച്ച് മുന്നോട്ട് വന്നിരിക്കുന്നത്. സംസ്ഥാന വൈദ്യുതി ബോര്‍ഡ് ലിമിറ്റഡാണ് സൗരോര്‍ജ പദ്ധതിക്ക് അപേക്ഷ ക്ഷണിച്ചിരുന്നത്. ഈ കമ്പനികള്‍ മുന്നോട്ട് വച്ചിട്ടുള്ള സാങ്കേതിക വിദ്യകള്‍ വൈദ്യുതി ബോര്‍ഡ് പരിശോധിക്കും.

സാങ്കേതിക വിദ്യകള്‍ പ്രായോഗികമാണെന്ന് കണ്ടാല്‍ ഇവരില്‍ നിന്ന് സാമ്പത്തിക ടെന്‍ഡര്‍ ക്ഷണിക്കും. ബോര്‍ഡിന്റെ കീഴിലുള്ള അണക്കെട്ടിലാണ് പദ്ധതി നടപ്പാക്കുന്നത്. അത് ഏത് അണക്കെട്ടില്‍ വേണമെന്ന് തിരഞ്ഞെടുക്കപ്പെടുന്ന കമ്പനികള്‍ക്ക് തീരുമാനിക്കാം. കരാര്‍ അടിസ്ഥാനത്തിലായിരിക്കും പദ്ധതി നിര്‍മിച്ചു നല്‍കേണ്ടത്.

500 കിലോവാട്ട് വൈദ്യുതിയാണ് ഉല്‍പ്പാദിപ്പിക്കേണ്ടത്. പദ്ധതി നിര്‍മിക്കാനാവശ്യമായ പണം ബോര്‍ഡ് നല്‍കും. പദ്ധതിയുടെ അഞ്ച് വര്‍ഷത്തെ അറ്റകുറ്റപ്പണികള്‍ നിര്‍മാണ കമ്പനികള്‍ നടത്തികൊടുക്കേണ്ടിവരും.

പരീക്ഷണാടിസ്ഥാനത്തില്‍ ചെറിയ രീതിയിലാവും പദ്ധതി ആദ്യം നടപ്പിലാക്കുക. ഇത് വിജയിച്ചാല്‍ മറ്റ് അണക്കെട്ടുകളിലേക്കും ഈ പദ്ധതി വ്യാപിപ്പിക്കും. മുമ്പ് രണ്ട് തവണ ബോര്‍ഡ് പദ്ധതിക്ക് അപേക്ഷ ക്ഷണിച്ചിരുന്നെങ്കിലും താല്‍പര്യം അറിയിച്ച് കമ്പനികളാരും മുന്നോട്ട് വരാത്തതിനെത്തുടര്‍ന്ന് ഇത് നീട്ടി വയ്ക്കപ്പെടുകയായിരുന്നു.

We use cookies to give you the best possible experience. Learn more