| Friday, 17th May 2019, 7:50 pm

'മോദിക്കൊന്നും പറ്റിയിട്ടില്ലെന്ന് ഇപ്പോള്‍ മനസ്സിലായി'; വാര്‍ത്താ സമ്മേളനത്തില്‍ ഉത്തരം പറയാതിരുന്ന മോദിയെ ട്രോളി എം.എം മണി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ട്രോളി വൈദ്യുത മന്ത്രി എം.എം മണി. മോദിയുടെ ആദ്യത്തെ വാര്‍ത്താ സമ്മേളനത്തില്‍ മാധ്യമങ്ങളുടെ ചോദ്യത്തിന് ഉത്തരം പറയാത്തതിനെയാണ് എം.എം മണി ട്രോളിയത്.

‘ആദരണീയനായ പ്രധാനമന്ത്രി മോദി പത്രസമ്മേളനം നടത്തുന്നുവെന്ന് കേട്ടപ്പോള്‍ അദ്ദേഹത്തിനിതെന്തുപറ്റി എന്ന് തോന്നി. എന്നാല്‍ ചോദ്യങ്ങള്‍ക്കൊന്നും മറുപടി കാണാഞ്ഞപ്പോള്‍ അദ്ദേഹത്തിന് ഒന്നും പറ്റിയിട്ടില്ലെന്ന് മനസ്സിലായി’- ഇതായിരുന്നു മോദിയെ കളിയാക്കി എം.എം മണി ഫേസ്ബുക്കില്‍ കുറിച്ചത്.

67 ദിവസം നീളുന്ന തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ അവസാന ദിവസം ആറുമണിയോടെ കൊട്ടിക്കലാശം അവസാനിക്കാനിരിക്കെയാണ് മോദി വാര്‍ത്താ സമ്മേളനത്തിനെത്തിയത്.

അമിത് ഷായ്‌ക്കൊപ്പമാണ് മോദി വാര്‍ത്താ സമ്മേളനം വിളിച്ചത്. വാര്‍ത്താ സമ്മേളനത്തില്‍ മോദി തനിക്ക് പറയാനുള്ള കാര്യങ്ങള്‍ വിശദീകരിച്ച് മിണ്ടാതിരിക്കുകയാണ് ചെയ്തത്. മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്കൊന്നും ഉത്തരം നല്‍കിയില്ല.

പ്രജ്ഞാ സിങ് ഠാക്കൂറിന്റെ ഗോഡ്‌സെ പ്രകീര്‍ത്തനത്തെ കുറിച്ച് ഒരു മാധ്യമ പ്രവര്‍ത്തകന്‍ ചോദിച്ചപ്പോള്‍ അധ്യക്ഷനാണ് തങ്ങള്‍ക്കെല്ലാമെന്നും താന്‍ അച്ചടക്കത്തോടെ കേട്ടിരിക്കാമെന്നും അമിത് ഷായെ ചൂണ്ടിക്കാണിച്ച് മോദി പറയുകയും ചെയ്തു.

ബി.ജെ.പിക്ക് ഒറ്റയ്ക്ക് 300 ലധികം സീറ്റുകള്‍ ലഭിക്കുമെന്ന് മോദിയും അമിത് ഷായും അവകാശവാദം ഉന്നയിച്ചിരുന്നു. ബി.ജെ.പിയോട് സമാന ആശയമുള്ളവരെ എന്‍.ഡി.എ സഖ്യത്തിലേക്ക് അമിത് ഷാ സ്വാഗതം ചെയ്യുകയും ചെയ്തിരുന്നു.

അതേസമയം, പ്രധാനമന്ത്രി നരേന്ദ്രമോദി മാധ്യമങ്ങളെ കാണുന്നത് തെരഞ്ഞെടുപ്പ് അവസാനിക്കാന്‍ നാലോ അഞ്ചോ ദിവസം ബാക്കിയുള്ളപ്പോഴാണെന്നും ഈ സമയത്ത് രാജ്യത്തിന്റെ പ്രധാനമന്ത്രി മാധ്യമങ്ങളെ കാണുന്നത് ഇത് ആദ്യമാണെന്നും രാഹുല്‍ഗാന്ധി പ്രതികരിച്ചു. നരേന്ദ്രമോദി പങ്കെടുക്കുന്ന ആദ്യ വാര്‍ത്താ സമ്മേളനം ദല്‍ഹിയില്‍ നടക്കുന്ന സമയത്ത് തന്നെയായിരുന്നു രാഹുലിന്റെയും വാര്‍ത്താ സമ്മേളനം.

‘ഇപ്പോള്‍ പ്രധാനമന്ത്രി ഒരു പത്രസമ്മേളനം വിളിച്ചിരിക്കുകയാണ്. എനിക്ക് അദ്ദേഹത്തോട് ചോദിക്കാനുള്ളത് റാഫേലില്‍ അദ്ദേഹം എന്തുകൊണ്ട് എന്നോട് ചര്‍ച്ചക്ക് തയ്യാറാവുന്നില്ല എന്നാണ്. ഞാന്‍ അദ്ദേഹത്തിനെ വെല്ലുവിളിക്കുകയാണ്. മാധ്യമങ്ങള്‍ പറയണം നിങ്ങള്‍ എന്തുകൊണ്ടാണ് ഇതില്‍ വാദം നടത്താത്തത്.’ രാഹുല്‍ ചോദിച്ചിരുന്നു.

We use cookies to give you the best possible experience. Learn more