തിരുവനന്തപുരം: സംസ്ഥാനത്ത് പകല്‍ വൈദ്യുതി നിയന്ത്രണം ഒഴിവാക്കുന്നു. ഈയാഴ്ച അവസാനത്തോടെ പകല്‍ വൈദ്യുതി നിയന്ത്രണം പൂര്‍ണ്ണമായി ഒഴിവാക്കാനാണ് ബോര്‍ഡിന്റെ തീരുമാനം.
കല്‍ക്കരി ക്ഷാമത്തെത്തുടര്‍ന്ന് താല്‍ച്ചര്‍ താപനിലയത്തില്‍ ഉടലെടുത്തിരുന്ന പ്രതിസന്ധി പരിഹരിക്കപ്പെട്ട സാഹചര്യത്തിലാണ് പകല്‍ സമയത്തെ വൈദ്യുതി നിയന്ത്രണം ഒഴിവാക്കാന്‍ തീരുമാനിച്ചത്. []
കല്‍ക്കരി ക്ഷാമം നിമിത്തം താല്‍ച്ചര്‍ താപവൈദ്യുതി നിലയത്തിന്റെ പ്രവര്‍ത്തനം തടസ്സപ്പെട്ടത് കേന്ദ്ര വിഹിതം കുറയുന്നതിനു കാരണമായി. നാഷണല്‍ തെര്‍മല്‍ പവര്‍ കോര്‍പ്പറേഷനും കോള്‍ ഇന്ത്യ ലിമിറ്റഡും തമ്മിലുള്ള തര്‍ക്കമാണ് താല്‍ച്ചറില്‍ പ്രതിസന്ധിയുണ്ടാക്കിയത്.
ആകെ നാലു യൂണിറ്റുകളുള്ള താല്‍ച്ചറില്‍ രണ്ടു യൂണിറ്റ് മാത്രമാണ് ഇന്നലെ വരെ പ്രവര്‍ത്തിച്ചിരുന്നത്. കല്‍ക്കരി ലഭിച്ചതോടെ മൂന്നാമത്തെ യൂണിറ്റ് ഇപ്പോള്‍ പ്രവര്‍ത്തനമാരംഭിച്ചു.
രണ്ടു ദിവസത്തിനകം നാലാമത്തെ യൂണിറ്റും പ്രവര്‍ത്തനമാരംഭിക്കും. ഇതോടെ കേരളത്തിന്റെ വിഹിതമായ 428 മെഗാവാട്ടും അവിടെ നിന്ന് ലഭിച്ചു തുടങ്ങും.
താല്‍ച്ചര്‍ നിലയം പ്രവര്‍ത്തനം ആരംഭിച്ചതോടെ കേന്ദ്ര വൈദ്യുതി വിഹിതം വര്‍ദ്ധിച്ചിട്ടുണ്ട്. ഇന്നലെ വരെ 900 മെഗാവാട്ട് ലഭിച്ചിരുന്നത് ഇന്ന് 1050 മെഗാവാട്ടായി വര്‍ദ്ധിച്ചു. 3.6 ദശലക്ഷം യൂണിറ്റിന്റെ വര്‍ദ്ധനയാണ് ഇതിലൂടെ ഉണ്ടായിരിക്കുന്നത്.
താല്‍ച്ചര്‍ നിലയത്തിന്റെ ഉടമകളായ എന്‍.ടി.പി.സിക്ക് കല്‍ക്കരി നല്‍കുന്നത് കോള്‍ ഇന്ത്യ നിര്‍ത്തിവെച്ചിരിക്കുകയായിരുന്നു. കോള്‍ ഇന്ത്യ നല്‍കുന്ന കല്‍ക്കരിയില്‍ 30 ശതമാനത്തോളം മണ്ണും പാറയുമാണെന്നും ഇതു നിമിത്തം വന്‍ നഷ്ടമുണ്ടാവുന്നുണ്ടെന്നും പരാതിപ്പെട്ട എന്‍.ടി.പി.സി. കോള്‍ ഇന്ത്യക്ക് നല്‍കാനുള്ള 1000 കോടി രൂപ പിടിച്ചുവെച്ചു. ഇതോടെ കോള്‍ ഇന്ത്യ കല്‍ക്കരി നല്‍കുന്നത് ഏപ്രില്‍ ഒന്നു മുതല്‍ നിര്‍ത്തുകയായിരുന്നു.