തിരുവമ്പാടി: കെ.എസ്.ഇ.ബി ഓഫീസ് ആക്രമിച്ച സംഭവത്തിൽ പ്രതികളുടെ വീട്ടിലേക്കുള്ള വൈദ്യതി ബന്ധം വിച്ഛേദിച്ചതിൽ പ്രതിഷേധം കനക്കുന്നതിനിടെ വൈദ്യുതി കണക്ഷൻ പുനഃസ്ഥാപിച്ച് കെ.എസ്.ഇ.ബി. കലക്ടറുടെ നിർദേശത്തിന് പിന്നാലെയാണ് വൈദ്യുതി കണക്ഷൻ പുനസ്ഥാപിച്ചത്.
30 മണിക്കൂറുകൾക്ക് ശേഷമാണ് കെ.എസ്.ഇ.ബി.യുടെ തിരുത്തൽ. നേരത്തെ പ്രശ്നങ്ങൾ ഉണ്ടാക്കില്ലെന്ന് സത്യവാങ്മൂലം സമർപ്പിച്ചാൽ വൈദ്യുതി കണക്ഷൻ പുനഃസ്ഥാപിക്കുമെന്ന് കെ.എസ്.ഇ.ബി അറിയിച്ചിരുന്നു. എന്നാൽ ഇതിൽ വഴങ്ങാൻ കുടുംബം തയ്യാറായില്ല.
ഇതിന് പിന്നാലെയാണ് കലക്ടർ ഇടപെട്ട് വൈദ്യുതി കണക്ഷൻ പുനഃസ്ഥാപിച്ചത്. നേരത്തെ വൈദ്യതി ബന്ധം വിച്ഛേദിച്ച കെ.എസ്.ഇ.ബി ജീവനക്കാർക്കെതിരെ പൊലീസ് കേസെടുക്കുകയും ചെയ്തിരുന്നു.
ജീവനക്കാരെ ഉപദ്രവിക്കില്ലെന്ന് ഉറപ്പ് നൽകിയാൽ വൈദ്യുതി കണക്ഷൻ പുനഃസ്ഥാപിക്കുമെന്നാണ് നേരത്തെ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടിയും പറഞ്ഞത്. എന്നാൽ യു.പിയിലെ ബുൾഡോസർ രാജിന് സമാനമായ നടപടിയാണെന്ന് വിമർശിച്ച് നിരവധി ആളുകൾ രംഗത്തെത്തുകയായിരുന്നു.
കെ.എസ്.ഇ.ബി ചെയർമാൻ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് പഠിക്കുകയാണോ എന്ന ചോദ്യവുമായി സാമൂഹ്യ പ്രവർത്തകനായ കെ.ജെ. ജേക്കബും അഭിഭാഷകനായ പ്രമോദ് പുഴങ്കരയും മുന്നോട്ടെത്തിയിരുന്നു.
തിരുവമ്പാടി സ്വദേശി റസാക്കിന്റെ വീട്ടിലേക്കുള്ള വൈദ്യുതി ബന്ധമാണ് കെ.എസ്.ഇ.ബി ഇന്നലെ ഉച്ചയോടെ വിച്ഛേദിച്ചത്. റസാക്കിന്റെ മക്കളായ അജ്മലും ഫഹദ് തിരുവമ്പാടി കെ.എസ്.ഇ.ബി ഓഫീസ് ആക്രമിച്ചതിനെ തുടർന്നായിരുന്നു കെ.എസ്.ഇ.ബിയുടെ തിടുക്കപ്പെട്ട ഈ തീരുമാനം. എന്നാൽ മക്കൾ ചെയ്ത കുറ്റത്തിന് മാതാപിതാക്കളെ ശിക്ഷിക്കുന്ന കെ.എസ്.ഇ.ബിയുടെ നടപടി വലിയ വിമർശനത്തിനും പ്രതിഷേധത്തിനും വഴിവെച്ചതോടെയാണ് തീരുമാനത്തിൽ നിന്ന് പിന്മാറാൻ കെ.എസ്.ഇ.ബി തീരുമാനിച്ചത്.
Content Highlight: Electricity connection was restored at Razzaq’s house