കൊച്ചി: ശാന്തിവനത്തിലൂടെ വലിച്ച ലൈനില്‍ ഇന്ന് വൈദ്യുതി കണക്ഷന്‍ നല്‍കുമെന്ന് മന്ത്രി എം.എം മണി. നാല്‍പതിനായിരം കുടുംബങ്ങള്‍ക്ക് ഗുണം ചെയ്യുന്ന ഒരു പദ്ധതി ഒരാള്‍ക്കായി നിര്‍ത്തിവയ്ക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.
‘പ്രതിഷേധക്കാര്‍ വസ്തുത മനസ്സിലാക്കി പെരുമാറണം മന്ത്രി പറഞ്ഞു.’
ശാന്തിവനത്തിലെ മരങ്ങളുടെ ശിഖരങ്ങള്‍ മുറിക്കുന്നത് കെ.എസ്.ഇ.ബി ഉദ്യോഗസ്ഥര്‍ ഇന്നും തുടരും. ശാന്തിവനത്തിലൂടെ ലൈന്‍ വലിക്കാന്‍ ഇന്നലെ കെ.എസ്.ഇ.ബി ഉദ്യോഗസ്ഥര്‍ എത്തിയിരുന്നു.
എന്നാല്‍ മരത്തിന്റെ ചില്ലകള്‍ മുറിക്കാന്‍ പ്രതിഷേധക്കാര്‍ അനുവദിച്ചില്ല. മടങ്ങിപ്പോയ ഉദ്യോഗസ്ഥര്‍ പിന്നീട് പൊലീസ് സംരക്ഷണയില്‍ തിരിച്ചെത്തി പണികള്‍ പൂര്‍ത്തിയാക്കുകയായിരുന്നു. ഇതിനെതിരെ ശാന്തിവനം ഉടമ മീനാ മേനോന്‍ മുടി മുറിച്ച് പ്രതിഷേധിച്ചിരുന്നു.
എറണാകുളം ജില്ലയിലെ വടക്കന്‍ പറവൂരില്‍ രണ്ടു ഏക്കറിലായി കഴിഞ്ഞ 200 വര്‍ഷമായി പരിപാലിച്ചു പോരുന്ന സ്വകാര്യ വനമാണ് ശാന്തിവനം. മന്നത്ത് നിന്നും ചെറായിലേയ്ക്കുള്ള കെ.എസ്.ഇ.ബിയുടെ 110 കെ.വി വൈദ്യുത ലൈന്‍ കടന്നു പോകുന്നതും അതിനു വേണ്ട ടവര്‍ നിര്‍മിക്കുന്നതും ശാന്തിവനത്തിലാണ്.
കേവലം അര സെന്റു ഭൂമി മാത്രമാണ് ടവര്‍ നിര്‍മാണത്തിന് വേണ്ടി ഉപയോഗിക്കൂ എന്നായിരുന്നു കെ.എസ്.ഇ.ബിയുടെ വാദം. എന്നാല്‍ 50 സെന്റ് സ്ഥലം ഇതിനു വേണ്ടി കെ.എസ്.ഇ.ബി എടുത്തെന്നും 12 മരങ്ങള്‍ മുറിച്ചു മാറ്റിയെന്നും ശാന്തിവനത്തിന്റെ ഉടമ മീന മേനോന്‍ ചൂണ്ടിക്കാട്ടിയിരുന്നു. 48 മരങ്ങള്‍ മുറിക്കാനുള്ള കത്തും കെ.എസ്.ഇ.ബി നല്‍കിയതായും മീന മേനോന്‍ പറഞ്ഞിരുന്നു.