പൂര്‍ണ്ണമായും റദ്ദാക്കുന്നതിന് പകരം മെച്ചപ്പെടുത്താനുള്ള നടപടികള്‍ സ്വീകരിക്കാമായിരുന്നു; ഇലക്ടറല്‍ ബോണ്ടിനെ ന്യായീകരിച്ച് അമിത് ഷാ
India
പൂര്‍ണ്ണമായും റദ്ദാക്കുന്നതിന് പകരം മെച്ചപ്പെടുത്താനുള്ള നടപടികള്‍ സ്വീകരിക്കാമായിരുന്നു; ഇലക്ടറല്‍ ബോണ്ടിനെ ന്യായീകരിച്ച് അമിത് ഷാ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 16th March 2024, 9:41 am

ന്യൂദല്‍ഹി: ഇലക്ടറല്‍ ബോണ്ട് റദ്ദാക്കിയ സുപ്രീം കോടതി നടപടിക്കെതിരെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. വിധി വന്നതിന് ശേഷം ഇത് ആദ്യമായാണ് ഇലക്ടറല്‍ ബോണ്ടിനെ ന്യായീകരിച്ച് അദ്ദേഹം രംഗത്തെത്തുന്നത്. പദ്ധതി പൂര്‍ണ്ണമായും റദ്ദാക്കുന്നതിന് പകരം മെച്ചപ്പെടുത്തുകയായിരുന്നു വേണ്ടതെന്ന് അമിത് ഷാ പ്രതികരിച്ചു.

‘സുപ്രീം കോടതി വിധി എല്ലാവരും അംഗീകരിക്കണം. ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ കള്ളപ്പണത്തിന്റെ സ്വാധീനം അവസാനിപ്പിക്കാനാണ് ഇലക്ടറല്‍ ബോണ്ടുകള്‍ കൊണ്ടുവന്നത്. സുപ്രീം കോടതി വിധിയെ ഞാന്‍ പൂര്‍ണ്ണമായി മാനിക്കുന്നു. എന്നാല്‍ പദ്ധതി പൂര്‍ണമായും റദ്ദാക്കുന്നതിന് പകരം മെച്ചപ്പെടുത്തേണ്ട നടപടികള്‍ സ്വീകരിക്കുകയായിരുന്നു വേണ്ടത്,’ അമിത് ഷാ പറഞ്ഞു.

ആകെ 20,000 കോടി ഇലക്ടറല്‍ ബോണ്ടുകളില്‍ ഏകദേശം 6,000 കോടി രൂപ ബി.ജെ.പിക്ക് ലഭിച്ചു . ബാക്കി ബോണ്ടുകള്‍ എവിടെപ്പോയി? ടി.എം.സിക്ക്1,600 കോടി ലഭിച്ചു. കോണ്‍ഗ്രസിന് 1,400 കോടി, ബി.ആര്‍.എസിന് 1200 കോടിയും ബി.ജെ.ഡിക്ക് 750 കോടിയും ഡി.എം.കെക്ക് 639 കോടിയും ലഭിച്ചു. പിന്നെ എന്തിനാണ് എല്ലാവരും നിലവിളിക്കുന്നതെന്ന് പ്രതിപക്ഷത്തെ ചൂണ്ടിക്കാട്ടി അമിത് ഷാ ചോദിച്ചു.

അതിനിടെ, ഇലക്ടറല്‍ ബോണ്ടില്‍ എസ്.ബി.ഐ വെളിപ്പെടുത്തിയ വിവരങ്ങള്‍ അപൂര്‍ണമാണെന്ന് ചൂണ്ടിക്കാട്ടി സുപ്രീം കോടതി വീണ്ടും നോട്ടീസ് അയച്ചു. മുഴുവന്‍ വിവരങ്ങളും മാര്‍ച്ച് 12നകം ലഭ്യമാക്കണമെന്ന് ഉത്തരവില്‍ വ്യക്തമായി പറഞ്ഞതാണല്ലോ എന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് പറഞ്ഞു. തെരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കിയ രേഖകള്‍ തിരികെ നല്‍കാമെന്നും മാര്‍ച്ച് 17നകം മുഴുവന്‍ വിവരങ്ങളും പ്രസിദ്ധീകരിക്കണമെന്നും കോടതി വ്യക്തമാക്കി.

Content Highlight: electoral bonds should have been improved rather than scrapped; Amit Shah