മുംബൈ: രാജ്യത്തെ കൊള്ളയടിച്ചെന്ന് കോൺഗ്രസിനെതിരെ നിരന്തരം ആരോപണം ഉന്നയിക്കുന്ന ബി.ജെ.പിയുടെ യഥാർത്ഥ മുഖം ഇപ്പോൾ വെളിപ്പെട്ടുവെന്ന് ശിവസേന (യു.ബി.ടി) നേതാവ് ഉദ്ധവ് താക്കറെ. ബി.ജെ.പി ഇന്ത്യയെ കൊള്ളയടിക്കുകയായിരുന്നു എന്ന് ഇലക്ടറൽ ബോണ്ട് പദ്ധതി തുറന്നുകാട്ടിയെന്ന് അദ്ദേഹം പറഞ്ഞു.
ഇലക്ടറൽ ബോണ്ടുകളിൽ നിന്ന് ബി.ജെ.പിക്ക് 8,000 കോടി രൂപയാണ് ലഭിച്ചതെന്നും കോൺഗ്രസിന് ലഭിച്ച തുകയുമായി താരതമ്യം ചെയ്താൽ ആരാണ് കൊള്ള നടത്തുന്നത് എന്ന് വ്യക്തമാകുമെന്നും ദക്ഷിണ മുംബൈയിലെ കൊളാബയിൽ പാർട്ടി പ്രവർത്തകരുടെ യോഗത്തിൽ അദ്ദേഹം പറഞ്ഞു.
‘ സ്ഥിരമായി കോൺഗ്രസ് രാജ്യത്തെ കൊള്ളയടിക്കുന്നു എന്ന് ആരോപിക്കുന്ന ബി.ജെ.പിയെ ഇലക്ടറൽ ബോണ്ടുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ തുറന്നുകാട്ടി. കൊള്ളക്കാരുടെ കൈയിലേക്ക് നിങ്ങൾ ഈ രാജ്യം കൊടുക്കുമോ?
നിങ്ങളെ വികസിത ഭാരതമെന്ന സ്വപ്നം കാണിക്കുമ്പോൾ രാജ്യം കൊള്ളയടിക്കാൻ അഞ്ച് വർഷം കൂടിയാണ് ബി.ജെ.പി ആഗ്രഹിക്കുന്നത്.
തന്റെ പാർട്ടിയിലെ നേതാക്കൾക്ക് മേൽ കേന്ദ്ര ഏജൻസികളായ ഇ.ഡിയും സി.ബി.ഐയും സമ്മർദം ചെലുത്തുമ്പോൾ കോർപ്പറേറ്റുകളെയും ബി.ജെ.പിയിലേക്ക് വലിയ തുക സംഭാവന ചെയ്യുവാൻ ഭീഷണിപ്പെടുത്തുകയാണെന്ന് ഉദ്ധവ് താക്കറെ ആരോപിച്ചു.
രാജ്യത്തിന്റെ വിവിധ ഇടങ്ങളിൽ കരാറുകൾ ലഭിച്ച മുൻനിര കമ്പനികൾ ഇലക്ടറൽ ബോണ്ടുകളുടെ രൂപത്തിൽ ബി.ജെ.പിക്ക് സംഭാവന ചെയ്യാൻ നിർബന്ധിതരായെന്നും അദ്ദേഹം പറഞ്ഞു.
മഹാരാഷ്ട്രയിലേക്ക് വരുന്ന പദ്ധതികൾ നരേന്ദ്ര മോദി ഗുജറാത്തിലേക്ക് കൊണ്ടുപോവുകയാണെന്നും രാജ്യത്തെ മറ്റു സംസ്ഥാനങ്ങളെ ഗുജറാത്തുമായി മത്സരിപ്പിക്കുകയാണ് പ്രധാനമന്ത്രി എന്നും അദ്ദേഹം വിമർശനം നടത്തി.
സുപ്രീം കോടതിയുടെ നിർദേശപ്രകാരം തെരഞ്ഞെടുപ്പ് കമ്മീഷൻ ഇലക്ടറൽ ബോണ്ട് വിശദാംശങ്ങൾ കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ചിരുന്നു.
6060 കോടി രൂപയാണ് ബി.ജെ.പി കൈപ്പറ്റിയത്. ഏറ്റവും കൂടുതൽ ഇലക്ടറൽ ബോണ്ടുകൾ വാങ്ങിയ അഞ്ച് കമ്പനികളിൽ മൂന്നും ഇ.ഡി അന്വേഷണം നേരിട്ടവരായിരുന്നു.
അതേസമയം എസ്.ബി.ഐ ഹാജരാക്കിയ രേഖകളിൽ സീരിയൽ നമ്പർ ഇല്ലെന്ന് ചൂണ്ടിക്കാട്ടിയ സുപ്രീം കോടതി അടുത്ത ദിവസം തന്നെ സീരിയൽ നമ്പറും സമർപ്പിക്കണമെന്ന് നിർദേശം നൽകിയിരുന്നു.