ന്യൂദൽഹി: രാഷ്ട്രീയ പാർട്ടികൾക്ക് ധനസഹായം നൽകുന്ന ഇലക്ടറൽ ബോണ്ടുകൾ സുതാര്യമല്ലെന്നും ഇതിലേക്ക് വരുന്ന പണം തെരഞ്ഞെടുപ്പിന് തന്നെയാണോ ചെലവഴിക്കുന്നത് എന്ന് ഉറപ്പുവരുത്തുന്നതിനുള്ള സംവിധാനങ്ങൾ ഇല്ലെന്നും സുപ്രീം കോടതി.
ബോണ്ടുകൾ തെരഞ്ഞെടുപ്പ് കേന്ദ്രീകൃതമല്ല, മറിച്ച് അധികാരത്തിലുള്ള രാഷ്ട്രീയ പാർട്ടികളെ പരിപോഷിപ്പിക്കുന്നതാണെന്നും സുപ്രീം കോടതി പറഞ്ഞു. ഇലക്ടറൽ ബോണ്ട് പദ്ധതിയുടെ സാധുത ചോദ്യം ചെയ്തുകൊണ്ടുള്ള ഹരജികൾ പരിഗണിക്കുകയായിരുന്നു സുപ്രീം കോടതി. ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ബി.ആർ. ഗവായ്, ജെ.ബി. പർദിവാല, മനോജ് മിശ്ര എന്നിവരുൾപ്പെടുന്ന ബെഞ്ചാണ് ഹരജികൾ പരിഗണിക്കുന്നത്.
ഈ പദ്ധതി വഴി ചെലവഴിക്കുന്ന പണത്തിന് മാനദണ്ഡങ്ങളൊന്നുമില്ലെന്നും കോർപ്പറേറ്റുകളാണ് രാഷ്ട്രീയ പാർട്ടികൾക്ക് ഫണ്ടുകൾ ലഭ്യമാക്കുന്നതെന്നും ഹരജിക്കാർക്ക് വേണ്ടി ഹാജരായ കപിൽ സിബൽ ചൂണ്ടിക്കാട്ടി.
സർക്കാരിനും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യക്കും മാത്രമേ ബോണ്ടുകളിലേക്ക് വരുന്ന പണത്തിന്റെ ഉറവിടം അറിയാൻ സാധിക്കൂ എന്നും രാഷ്ട്രീയ പാർട്ടികൾക്ക് എവിടെ നിന്നാണ് പണം ലഭിക്കുന്നത് എന്ന് അറിയാനുള്ള ജനങ്ങളുടെ അവകാശം ഹനിക്കപ്പെടുന്നു എന്നും ഹരജിക്കാർക്ക് വേണ്ടി ഹാജരായ മറ്റൊരു അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ പറഞ്ഞു.
ഇത് രാജ്യത്തെ അഴിമതിയെ പ്രോത്സാഹിപ്പിക്കുമെന്നും കേന്ദ്ര, സംസ്ഥാന സർക്കാരുകൾ ഭരിക്കുന്ന പാർട്ടികൾക്കാണ് ഏറ്റവും കൂടുതൽ ബോണ്ടുകൾ ലഭിച്ചിട്ടുള്ളതെന്നും പ്രശാന്ത് ഭൂഷൺ പറഞ്ഞു.
ബോണ്ടുകളുടെ അമ്പത് ശതമാനത്തോളം, ഏകദേശം 50,000 കോടി രൂപ ബി.ജെ.പിക്കാണ് ലഭിച്ചത്.
ഭരണപക്ഷ പാർട്ടികൾക്ക് അനിയന്ത്രിതമായ സംഭാവനകൾ ലഭിക്കുന്നത് രാജ്യത്തെ സ്വതന്ത്രവും ന്യായവുമായ തെരഞ്ഞെടുപ്പുകളെ വേരോടെ പിഴുതുകളയുമെന്നും പ്രശാന്ത് ഭൂഷൺ സുപ്രീം കോടതിയിൽ പറഞ്ഞു.
2018 മാർച്ചിൽ ഒരു ചർച്ചയുമില്ലാതെ കേന്ദ്ര സർക്കാർ പാസാക്കിയ പദ്ധതിയുടെ വ്യവസ്ഥകൾ പ്രകാരം പാർട്ടികൾക്ക് സംഭാവന നൽകാൻ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ പ്രത്യേക ശാഖകളിൽ നിന്നും നിശ്ചിത തുകക്ക് ഇലക്ടറൽ ബോണ്ടുകൾ വാങ്ങാം. ഏതൊരു ഇന്ത്യൻ പൗരനും സ്ഥാപനത്തിനും സംഭാവന നൽകാം. 1,000 രൂപ മുതൽ 10 ലക്ഷം രൂപ വരെയാണ് ബോണ്ടുകളുടെ മൂല്യം.
ആരാണ് പണം നൽകിയതെന്ന് പാർട്ടികൾ വെളിപ്പെടുത്തേണ്ടതില്ല. പാർട്ടികൾക്ക് ഔദ്യോഗിക ബാങ്ക് അക്കൗണ്ട് വഴി പണം പിൻവലിക്കാൻ സാധിക്കും.
Content Highlight: Electoral bonds means for enriching political parties in power, SC told